ഗുവാഹതി: വിജയവഴിയില്‍ തിരിച്ചെത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ. ഗുവാഹതിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല നോര്‍ത്ത് ഈസ്റ്റ്.
മുംബൈയിലെ ആദ്യ പാദത്തിലെ ജയം ആവര്‍ത്തിക്കുക മുംബൈയുടെ ലക്ഷ്യം. ഏഴു കളികളില്‍ 12 പോയിന്റുമായി രണ്ടാമതുള്ള മുംബൈയ്ക്ക് ജയം സ്ഥാനക്കയറ്റം നല്‍കും. 10 പോയിന്റുമായി അഞ്ചാമതുള്ള നോര്‍ത്ത് ഈസ്റ്റിന് അഞ്ചാം സ്ഥാനം മെച്ചപ്പെടുത്തുക ഉദ്ദേശ്യം.
ഉജ്ജ്വല തുടക്കത്തിനു ശേഷം പതറിപ്പോയി നോര്‍ത്ത് ഈസ്റ്റ്. കഴിഞ്ഞ നാല് കളികളില്‍ ഇതുവരെ ജയിക്കാനായിട്ടില്ല അവര്‍ക്ക്. ആദ്യ കളികളില്‍ നേടിയ മൂന്നു ജയങ്ങളാണ് അവരെ പിടിച്ചുനിര്‍ത്തുന്നത്. ഇനിയൊരു തോല്‍വി പ്രതിസന്ധിയിലാക്കും വടക്കുകിഴക്കിന്റെ പ്രതിനിധികളെ. മുംബൈയും നോര്‍ത്ത് ഈസ്റ്റും അഞ്ച് തവണ മുഖാമുഖമെത്തിയതില്‍ രണ്ട് ടീമുകള്‍ക്കും രണ്ട് വീതം ജയം.
നാട്ടിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തോറ്റെങ്കിലും ടീം മോശം നിലയിലല്ലെന്നു നോര്‍ത്ത്ഈസ്റ്റ് പരിശീലകന് നെലോ വിന്‍ഗാഡ. മുംബൈയെ നേരിടുമ്പോള്‍ പ്രധാന പ്രശ്നം ഗോള്‍കീപ്പര്‍ സുബ്രതോ പോളിനു പരിക്കു മൂലം കളിക്കാനാകാത്തത്.
മുംബൈയാകട്ടെ കഴിഞ്ഞ കളിയില്‍ ചെന്നൈയിനെ തളച്ചതിന്റെ ആത്മവിശ്വാസത്തില്‍. കഴിഞ്ഞ രണ്ട് സീസണില്‍ എവേ മത്സരങ്ങളില്‍ എട്ടു പോയിന്റ് മാത്രം മുംബൈയുടെ സമ്പാദ്യം. ഇത്തവണ എവേ മത്സരങ്ങളിലും മുംബൈ മികവ് തെളിയിച്ചു. ടീം മികച്ച പ്രകടനം തുടരുമെന്ന വിശ്വസത്തിലാണ് പരിശീലകന് അലക്സാന്ദ്രെ ഗുയിമാറെസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: