വിദഗ്ദ്ധ തൊഴിലാളികള്‍ക്കായി കേരളത്തിന് കേന്ദ്രസഹായം

Friday 4 November 2016 10:15 pm IST

ന്യൂദല്‍ഹി: കേരളത്തിന്റെ നൈപുണ്യ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം. വിദഗ്ദ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനുള്ള നൈപുണ്യ വികസന സംരംഭത്തില്‍ സഹകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി കൃഷി മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. കാര്‍ഷിക മേഖലയില്‍ തൊഴിലാളികള്‍ക്ക് ശാസ്ത്രീയമായി പരിശീലനം നല്‍കും. നൈപുണ്യ വികസന കാര്യങ്ങള്‍ക്ക് കേന്ദ്രം പണം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക ഉത്പാദനം കൂട്ടുന്നതിന് വേണ്ടി കൃഷി രീതികള്‍ കൂടുതല്‍ ആധുനികവത്ക്കരണം നടത്തും. ഇതിന് കെയ്‌കോ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മ സേന രൂപീകരിക്കും. നൈപുണ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയായ 'പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന' കേരളത്തില്‍ കാര്യക്ഷമമായി നടപ്പാക്കും. ഈ പദ്ധതിയുടെ ഭാഗമായി റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിശീലനം  നല്‍കും. 14 ജില്ലകളിലും ആരംഭിക്കുന്ന അഗ്രോ പാര്‍ക്കുകള്‍ക്ക് നബാര്‍ഡ് സാമ്പത്തിക സഹായവും കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിന്റെ വാട്ടര്‍ ഷെഡ് പദ്ധതി, ഫാം യന്ത്രവല്‍കൃത പദ്ധതി എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് ലഭ്യമാക്കുവാനും കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനും വാപ്‌കോസ് മാനേജിംങ് ഡയറക്ടര്‍ എച്ച്. കെ. ഗുപ്തയുമായും സുനില്‍കുമാര്‍ കൂടിക്കാഴ്ച്ച നടത്തി. വാപ്‌കോസും, കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുമായും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.