കാലടി: എഎസ്ഐയെ ആക്രമിക്കുകയും പോലീസ് വാഹനം കേടുപാടു വരുത്തുകയും ചെയ്തതിന് എസ്എഫ്ഐ നേതാക്കളായ അങ്കമാലി ജോസ്പുരം സ്വദേശി അജിത്കൃഷ്ണക്കും കാഞ്ഞൂര്‍ പാറപ്പുറം സ്വദേശി അഭിജിത്ത് കെ.വിക്കും എതിരായി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കാലടി ശ്രീശങ്കരാ കോളേജില്‍ വ്യാഴാഴ്ച നടന്ന യൂണിയന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ പത്തോളം എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് കോളേജില്‍ എത്തുകയും വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും ഗാനമേളക്കിടെ നൃത്തം ചെയ്യുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് കാലടി സ്റ്റേഷനിലെ സ്പൈഡര്‍ വാഹനത്തിലെ എഎസ്ഐ കളമശ്ശേരി എആര്‍ ക്യാമ്പിലെ കുഞ്ഞുമുഹമ്മദിന്റെ യൂണിഫോമില്‍ കയറി പിടിക്കുകയും മര്‍ദ്ദിക്കുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്തു. ഇത് തടുക്കുവാന്‍ ചെന്ന സ്പൈഡര്‍ ഡ്രൈവറായ കോണ്‍സ്റ്റബിളിനെ പിടിച്ച് തള്ളുകയും പോലീസ് വാഹനം കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് കാലടി പ്രിന്‍സിപ്പല്‍ എസ്ഐ എന്‍.എ. അനൂപിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് കോളേജില്‍ എത്തിയെങ്കിലും എസ്എഫ്ഐക്കാര്‍ സ്ഥലംവിട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് വാഹനം നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടുമാസം മുന്‍പ് എബിവിപി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് അഭിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: