തസ്ളീമിന്‌ 4 പാസ്പോര്‍ട്ട്‌; ഖാസിയുടെ മരണത്തിലും പങ്കെന്ന്‌ സംശയം

Thursday 7 July 2011 11:19 pm IST

കാഞ്ഞങ്ങാട്‌: തീവ്രവാദ ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ ദുബൈയില്‍ നിന്ന്‌ ദേശീയ ആഭ്യന്തര സുരക്ഷ അന്വേഷണസംഘം പിടികൂടി കേരളത്തിലേക്ക്‌ കൊണ്ടുവന്ന ചെമ്പിരിക്ക സ്വദേശി തസ്ളീമിന്‌ 4 പാസ്പോര്‍ട്ടുകളുണ്ടെന്ന്‌ കണ്ടെത്തി. ഇവയിലൊന്ന്‌ യഥാര്‍ത്ഥ മേല്‍വിലാസമുള്ളതാണ്‌. മറ്റ്‌ മൂന്ന്‌ പാസ്പോര്‍ട്ടുകള്‍ വ്യാജ മേല്‍വിലാസത്തില്‍ തരപ്പെടുത്തിയതാണെന്ന്‌ വ്യക്തമായി. വ്യാജ പാസ്പോര്‍ട്ട്‌ എടുക്കാന്‍ ഒത്താശ ചെയ്ത ഒരു പോലീസുദ്യോഗസ്ഥനെ നേരത്തെ എസ്‌ഐടി ശുപാര്‍ശ നല്‍കിയതിണ്റ്റെ അടിസ്ഥാനത്തില്‍ സസ്പെണ്റ്റ്‌ ചെയ്തിരുന്നു. അതിനിടെ ചെമ്പിരിക്ക ഖാസി സി.എം.അബ്ദുള്ള മൌലവിയുടെ ദുരൂഹ മരണവുമായി തസ്ളീമിന്‌ ബന്ധമുണ്ടോയെന്നതിനെ കുറിച്ച്‌ അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. ഖാസി മരണപ്പെടുമ്പോള്‍ തസ്ളീം എവിടെയായിരുന്നുവെന്നും ഈ മരണവുമായി തസ്ളീമിന്‌ എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഇപ്പോള്‍ സംസ്ഥാന ആഭ്യന്തര സുരക്ഷ അന്വേഷണ സംഘത്തിണ്റ്റെ കസ്റ്റഡിയില്‍ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന തസ്ളീമിനെ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യും.