കായംകുളം കൊച്ചുണ്ണി; അറിയപ്പെടാതെപോയ സത്യങ്ങള്‍

Saturday 5 November 2016 5:48 pm IST

കൊച്ചുണ്ണിയുടെ പേരിലുള്ള ക്ഷേത്രം

കായംകുളം കൊച്ചുണ്ണി എന്ന് കേള്‍ക്കുമ്പോള്‍ മനസിലെത്തുക പലകഥകളാണ.് വീരപരിവേഷമുള്ള കഥകളാണ് അതെല്ലാംതന്നെ. അതിഭാവുകത്വം നിറഞ്ഞ വീരകഥകളും കേട്ടറിവുകളാണ്. കൊച്ചുണ്ണിയുടെ മരണം ജയിലഴിക്കുള്ളിലാണന്നും അല്ലന്നും അഭിപ്രായങ്ങളുണ്ട്. പുതുതലമുറ കൂടുതലും പ്രചരിപ്പിക്കുന്നത് ജയിലറയ്ക്കുള്ളില്‍വെച്ച് അധികാരികള്‍ തൂക്കിലേറ്റിയെന്നാണ.് തൂക്കിലേറ്റിയതിന് മതിയായ തെളിവുകളില്ലെന്നതാണ് സത്യം.

സത്യന്‍ നായകനായി 1966 ല്‍ നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടി, നായകന്റെ താരപരിവേഷത്തിന് കോട്ടം തട്ടാതിരിക്കാന്‍ തിരക്കഥയില്‍ വരുത്തിയ മാറ്റവും ചിത്രം വന്‍ ഹിറ്റാവുകയും കൂടി ചെയ്തപ്പോള്‍ പിന്നീടുള്ള തലമുറ ഈ സിനിമാ കഥകളാണ് പ്രചരിപ്പിച്ചത്. അതോടെ കൊച്ചുണ്ണിയുടെ മരണവുമായി ബന്ധപ്പട്ട് പ്രചരിച്ചിരുന്ന മറ്റൊരുകഥ വിസ്മൃതിയിലായി.
കായംകുളം കൊച്ചുണ്ണിയുടെ മരണം സിനിമയില്‍ കാണുന്ന പോലെ 41-ാം വയസില്‍ 1859 സപ്തംബര്‍ മാസത്തിലല്ല. 77-ാം വയസില്‍ ക്ഷയരോഗം പിടിപ്പെട്ട് വള്ളികുന്നത്ത് പ്രശസ്ത തറവാടായ തോപ്പില്‍ കുടുംബത്തിലെ പശുത്തൊഴുത്തിന്റെ തിണ്ണയിലായിരുന്നുവെന്ന് ഒരഭിപ്രായമുണ്ട്. (തോപ്പില്‍ഭാസിയുടെ കുടുംബം) അവസാന നാളുകളില്‍ കൊച്ചുണ്ണിക്ക് ആഹാരവും വെള്ളവും നല്‍കിയത് ഈ വീട്ടിലെ ഒരു സ്ത്രീയായിരുന്നുവെന്ന് പറയപ്പെടുന്നു. അവര്‍ക്ക് മാത്രമേ ഇത് കൊച്ചുണ്ണിയായിരുന്നുവെന്നറിയാമായിരുന്നുള്ളൂവെന്ന് പില്‍ക്കാലത്താണ് മറ്റുള്ളവര്‍ മനസിലാക്കിയത്.

19-ാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്ത് ജീവിച്ചിരുന്ന മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാര്‍ക്കെതിരെ, പാവങ്ങളുടെ പക്ഷത്തുനിന്ന സാമൂഹ്യപരിഷ്‌കര്‍ത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ പ്രചരിക്കുകയും ചെയ്തു.ധനവാന്മാരില്‍ നിന്ന് വസ്തുവകകള്‍ അപഹരിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു അയാള്‍ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.

കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയില്‍പ്പെട്ടവരാണന്ന് പറയപ്പെടുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കൊച്ചുണ്ണിയെക്കുറിച്ച് പരാമര്‍ശമുണ്ട്. വായ് മൊഴിയായി പകര്‍ന്നുകിട്ടിയ കഥകളാണ് കേരളീയരുടെ ഓര്‍മ്മയില്‍ കൊച്ചുണ്ണി മായാതെ നില്‍ക്കാന്‍ കാരണം.
മോഷണത്തില്‍ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമര്‍ത്ഥ്യത്തെക്കുറിച്ച് അനേകം കഥകള്‍ പ്രചാരത്തിലുണ്ട്. കായംകുളത്ത് ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടില്‍ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണെങ്കിലും അത്ര വിശ്വാസ്യത തോന്നുന്നില്ല. കാരണം ഓടനാട് രാജാവിന്റെ ( കായംകുളം കൊട്ടാരം) പടത്തലവനായിരുന്ന ‘പടവെട്ടും പത്തിനാഥ പണിക്കര്‍ ‘ കാരണവരായിട്ടുള്ള വാരണപ്പള്ളി തറവാട്ടിലെ കുടുംബ സുഹൃത്താണ് കള്ളനായ കൊച്ചുണ്ണിയെന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസം.

ആയോധനകലയില്‍ പ്രാവീണ്യം നേടിയ ഒന്നില്‍കൂടുതല്‍ അംഗങ്ങളുള്ള തറവാട.് പോരാത്തതിന് ഭരണകേന്ദ്രത്തില്‍ സ്വാധീനമുള്ള കുടുംബം. രാജഭക്തിയുളളവര്‍, ദേശസ്‌നേഹികള്‍, രാജ്യസേനയുടെ ഒരുവിഭാഗത്തിന്റെ സര്‍വ്വാധികാരിയും ഒക്കെയുള്ള കാരണവരുടെ കുടുംബം, ഒരു മോഷ്ടാവിന്റെ അടുപ്പക്കാരനായിരുന്നുവെന്ന് പറയുന്നതിലെ യുക്തിയില്ലായ്മ. അതും മോഷണകുറ്റത്തിന് പിടികൂടി തുറങ്കിലിടാന്‍ ഉത്തരവിട്ട രാജകല്‍പന നിലനില്‍ക്കുന്ന അവസ്ഥയില്‍.

കൊച്ചുണ്ണി വാരണപ്പള്ളിയിലെ തറവാട്ടില്‍ ഒരിക്കല്‍ എത്തുകയും, കൊച്ചുണ്ണിയുടെ ചെയ്തികള്‍ കേട്ടറിഞ്ഞ കാരണവര്‍ തന്റെ വീട്ടില്‍ മോഷണം നടത്താന്‍ വെല്ലുവിളിച്ചതാണ് മോഷണത്തിന് കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയില്‍ കാരണവരോടൊപ്പം വെറ്റിലമുറുക്കും സംഭാഷണവുമായിരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതല്‍ തിരികെ നല്‍കിയെന്നുമാണ് കഥ.

വാരണപ്പള്ളി തറവാട്ടില്‍ മോഷണം നടത്താന്‍ കൊച്ചുണ്ണി ശ്രമിച്ചിട്ടുണ്ടാകാം. മോഷണശ്രമം പരാജയപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. പൂമുഖവാതിലിന്റെ കട്ടളയില്‍ കമ്പി പഴുപ്പിച്ച് തുളച്ചെങ്കിലും കൊച്ചുണ്ണിക്ക് അറയില്‍ കയറാന്‍ സാധിച്ചുകാണില്ല.
എന്നാല്‍ സിനിമയില്‍ തറവാട്ടിലെ കാരണവരുമായി സത്യന്‍ മാഷിന്റെ കൊച്ചുണ്ണി കഥാപാത്രം സൗഹൃദം സ്ഥാപിക്കുകയും ആ തറവാട്ടില്‍ മോഷണം നടത്തി പിറ്റേന്ന് മോഷണ മുതല്‍ തിരികെ നല്‍കുന്നുണ്ട്. ഇത് വാരണപ്പള്ളി തറവാടുമായി ബന്ധിപ്പിക്കുകയാണ് ചിലര്‍ ചെയ്തത്. മോഷണശ്രമം പരാജയപ്പെട്ടെങ്കിലും കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി വാരണപ്പള്ളിയിലെ ആ വാതിലില്‍ ഇപ്പോഴും കമ്പി പഴുപ്പിച്ച് കയറ്റിയ അടയാളമുണ്ട്.

കൊച്ചുണ്ണി വീരശൂരപരാക്രമിയും കൗശലക്കാരനാണെങ്കിലുംസ്ത്രീകളോടുള്ള അടുപ്പവുംഅവിഹിതബന്ധങ്ങളും പലപ്പോഴും വിനയായിട്ടുണ്ട്. കൂടാതെ ചിലരുടെ മുന്നില്‍ അമ്പേ പരാജയപ്പെട്ട ചരിത്രവുമുണ്ട്. ഐതിഹ്യമാലയില്‍ ഇതും പ്രതിപാദിച്ചിട്ടുണ്ട്.
കൊച്ചുണ്ണിയെ കൗശലംകൊണ്ട് പരാജയപ്പെടുത്തിയ തിരുനാവായ വാദ്ധ്യാര്‍ നമ്പൂതിരിയും അഭ്യാസംകൊണ്ട് പരാജയപ്പെടുത്തിയ കോഴിക്കോട്ടുകാരന്‍ മൂസാമ്പൂരിയെന്ന ബ്രാഹ്മണനും ഇതില്‍പ്പെടും. പിന്നീട് മൂസാമ്പൂരിയുടെ ശിഷ്യനാകുകയും അദ്ദേഹത്തില്‍നിന്ന് മറുകണ്ടം കൊട്ടുക, ആള്‍മാറാട്ടം എന്നീവിദ്യകളും സ്വായത്തമാക്കി.

കൊച്ചുണ്ണിയുടെ പ്രവര്‍ത്തനങ്ങള്‍ അധികമായപ്പോള്‍ അയാളെ പിടിക്കാന്‍ ദിവാന്‍ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാന്‍ കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു കൊച്ചുണ്ണിയെ പ്ലാവില്‍ കെട്ടിയിട്ട് പൊതുദര്‍ശനം നടത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചുണ്ണി തടവുചാടി അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് മറ്റൊരു തഹസീല്‍ദാരായ കുഞ്ഞുപ്പണിക്കര്‍ക്കാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ തഹസീല്‍ദാര്‍, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന കൊപ്പാറ പറമ്പില്‍ മമ്മത്, കടുവാച്ചേരിവാവ,കോട്ടപ്പുറത്ത് ബാപ്പുകുഞ്ഞ്, പക്കോലത്ത് നൂറമ്മത്, വലിയകുളങ്ങര കുഞ്ഞുമരയ്ക്കാര്‍, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. ഇവരും കൊച്ചുണ്ണിയെപ്പോലെ തികഞ്ഞ അഭ്യാസികളായിരുന്നു.

കൊച്ചുണ്ണിയെ പിടികൂടാനായി കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേക്ക് വിളിച്ചുവരുത്തി, സല്‍ക്കാരത്തിനിടെ മരുന്നു കലര്‍ത്തിയ ഭക്ഷണം നല്‍കി മയക്കിയ ശേഷം വീണ്ടും കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തു. കരമാര്‍ഗ്ഗം കൊണ്ടു പോയാല്‍ വീണ്ടും കൊച്ചുണ്ണി രക്ഷപ്പെടുമെന്നുള്ള വിശ്വാസത്തില്‍ കായംകുളം കായലിലൂടെ വള്ളത്തിലാണ് കൊണ്ടുപോയത്. എന്നാല്‍ ഇടയ്ക്ക് ബോധം തിരിച്ച് കിട്ടിയ കൊച്ചുണ്ണി ഭടന്മാരെ വെട്ടിച്ച് വള്ളത്തില്‍ നിന്ന് കായലിലേക്ക് ചാടി രക്ഷപെട്ടു. പിന്നെ കുറേ കാലത്തേക്ക് കൊച്ചുണ്ണിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.എന്നാല്‍ കൊച്ചുണ്ണി പത്തനംതിട്ടയിലും പുനലൂരുമായി ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കേള്‍ക്കുന്നു.

എന്നാല്‍ പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലില്‍ ജലമാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നും അവിടെ 91 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ തൂക്കിലേറ്റി. പിന്നീട് മൃതദേഹം തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിലാണ് കൊച്ചുണ്ണിയെ കബറടക്കിയതെന്നും പറയുന്നവരുണ്ട്. എന്നാല്‍ അന്നത്തെ അധികാരികള്‍ കൊച്ചുണ്ണി വീണ്ടും രക്ഷപെട്ടവിവരം മറച്ചുവെയ്ക്കുകയും പകരം ‘നുണ’പറഞ്ഞ് പരത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
കൊച്ചുണ്ണിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് മതിയായരേഖകളും നിലവിലില്ല. എല്ലാം അതിഭാവുകത്വം നിറഞ്ഞ വായ്‌മൊഴിയായി പറഞ്ഞിട്ടുള്ള വീര കഥകളാണ്. ഐതിഹ്യമാലയില്‍ വിചാരണ തീരും മുമ്പേ ടാണാവില്‍(സെന്‍ട്രല്‍ജയില്‍)കിടന്ന് ചരമഗതി പ്രാപിച്ചുവെന്നാണ.് തൂക്കിക്കൊന്നതായി പറയുന്നില്ല. എന്നാല്‍ സിനിമ ഇറങ്ങിയതിനുശേഷമാണ് കൊച്ചുണ്ണി തൂക്കിലേറ്റപ്പെട്ടതായി ചിലര്‍ പ്രചരിപ്പിച്ചത്. കൊച്ചുണ്ണിയെ തൂക്കിലേറ്റിയതായിട്ടുള്ള രേഖകളും ജയില്‍ രേഖകളിലുമില്ല. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊച്ചുണ്ണി തൂക്കിലേറ്റപ്പെട്ടുവെന്ന് മതിലകം രേഖകളിലും എഴുതപ്പെട്ടിട്ടില്ല.

കൊച്ചുണ്ണി ആള്‍മാറാട്ടം, കണ്‍കെട്ട് തുടങ്ങിയ ജാലവിദ്യകള്‍ അഭ്യസിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എല്ലായ്‌പ്പോഴും അത് ഉപയോഗിക്കാറില്ലന്നും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടി ഈ അടവുകള്‍ ഉപയോഗിച്ചിരുന്നതായും ഐതിഹ്യമാലയില്‍ പറയുന്നുണ്ട്. രണ്ടാംതവണ പിടിക്കപ്പെട്ടപ്പോഴും കൊച്ചുണ്ണി ഈ അടവുകള്‍ ഉപയോഗിച്ച് രക്ഷപെട്ടു. അങ്ങനെ രക്ഷപെട്ട കൊച്ചുണ്ണി ഇനിയും കായംകുളത്തും പരിസരത്തും നിന്നാല്‍ താന്‍ വീണ്ടും വഞ്ചിതനായി അധികാരികളാല്‍ പിടിക്കപ്പെട്ട് മരണപ്പെടുമെന്ന് വിശ്വസിച്ച് അയാള്‍ പത്തനംതിട്ടയിലും പുനലൂരിലുമായി ഒളിവില്‍ കഴിഞ്ഞന്നും അധികാരികള്‍ അറിയാതെ കൊച്ചുണ്ണി 36 വര്‍ഷംകൂടി ജീവിച്ചിരുന്നുവെന്നും ജീവിത സായാഹ്നകാലത്ത് തിരികെ കായംകുളത്തേക്ക് എത്തിയെന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഉള്‍ഭയംകാരണം സുരക്ഷിതമായ സ്ഥലം കണ്ടെത്തുകയും അങ്ങനെ തോപ്പില്‍കുടുബത്തിലെ ആശ്രിതനായി അവിടെ പുറംജോലികള്‍ ചെയ്ത് കഴിഞ്ഞെന്നും 77-ാം വയസില്‍ മരണപ്പെട്ടെന്നും കരുതുന്നവരുണ്ട്.

എന്നാല്‍ നടന്റെ താരപരിവേഷത്തിന് മാറ്റ് കൂട്ടാന്‍ വേണ്ടി സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ ഒരു ചരിത്രം തന്നെ മാറ്റിമറിക്കപ്പെട്ടു. ഇങ്ങനെ നമ്മള്‍ എത്ര എത്ര ചരിത്രങ്ങളാണ് കഥയ്ക്കും സാഹിത്യത്തിനും നാടകത്തിനും സിനിമയ്ക്കും വേണ്ടി മാറ്റിമറിച്ചത്.
പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഏടപ്പാറ മലദേവര്‍നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് ഇസ്ലാം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയുടേതാണ്. മോക്ഷം കിട്ടാതെ അലഞ്ഞുതിരിഞ്ഞ കൊച്ചുണ്ണിയുടെ ആത്മാവിനെ മാന്ത്രികനായ ഊരാളി മൂപ്പന്‍ ആവാഹിച്ച് ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. മേടമാസത്തിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.