പുതുമയില്‍ പഴമതേടുന്ന 'ശ്രാവണ പൗര്‍ണമി'

Saturday 5 November 2016 6:02 pm IST

വാസു അരീക്കോടിന്റെ ശ്രാവണ പൗര്‍ണമി എന്ന നോവല്‍ നമുക്ക് പുതിയൊരു വായാന അനുഭവം നല്‍കുന്നു. ആദ്യ പുസ്തകത്തില്‍ നിന്ന് മാറി അദ്ദേഹം ഇപ്പോള്‍ വ്യത്യസ്തമായ ഒരു ശൈലി അവലംഭിച്ചിരിക്കുന്നു. എക്‌സ്പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ വായനക്കാരെ ഒട്ടും മുഷിപ്പിക്കുന്നില്ല. 79 പേജില്‍ വാസു സുദീര്‍ഘമായ ഒരു കഥ ചുരുക്കിപറഞ്ഞരിക്കുന്നു. കഥയുടെ ഭംഗി അതിന്റെ അവതരണ രീതിയിലാണ്. വര്‍ഷങ്ങളുടെ പാരമ്പര്യം നോവല്‍ ശാഖക്ക് അവകാശപ്പെടാമെങ്കിലും വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കിയത്. ഒരുകാലത്ത് വൃഥാസ്ഥൂലത കൊടികുത്തിവാണു. എന്തും കുത്തിനിറക്കാനുള്ള കീറച്ചാക്കാണോ നോവല്‍ എന്ന് നിരൂപകര്‍ വാദിച്ചുതുടങ്ങി. അതിനിയില്‍ അത്യന്താധുനിക സാഹിത്യം രംഗപ്രവേശനം ചെയ്തു. വായിച്ചാലും മനസ്സിലാകാത്ത കൃതികള്‍ അശ്ലീലത്തിന്റെ മേമ്പൊടിയോടെ ധാരാളം പുറത്തിറങ്ങി. അത്തരം കൃതികളെ പ്രശംസിക്കാനായി നിരൂപകര്‍ രംഗത്ത് വന്നു. കാലം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. നിരൂപകരുടെ നിരതന്നെ ഇല്ലാതായി അധുനിക സാഹിത്യം അസ്തമിച്ചു. വായിച്ചാലും മനസ്സിലാകാത്ത കൃതികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു. പുതിയ രചനാ ശില്‍പങ്ങള്‍ സ്വാഗതാര്‍ഹമാണങ്കിലും പഴയ മട്ടില്‍ കഥപറയുന്ന കൃതികള്‍ സ്വീകാര്യമായി. വാസു അരീക്കോട് പഴയ മട്ടില്‍ കഥ പറയുന്നു. ഉണ്ണി എന്നൊരു ചെറുപ്പക്കാരന്റെ ജീവിത കഥ ഭംഗിയായി അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. ക്ലേശമില്ലാതെ വായിക്കാവുന്ന ഈ കൃതി ആസ്വാദക മനസ്സുകളെ കീഴടക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ജാടകളില്ലാത്ത ആഖ്യാന ശൈലി, ലളിതമായ ഭാഷ, ഗ്രാമീണതയില്‍ ഊന്നിനില്‍ക്കുന്ന കഥാപാത്രങ്ങള്‍, ഉണ്ണിയുടെ ജീവിതത്തിന്റെതായ നിമ്‌നോന്നതങ്ങള്‍ നമ്മെ ചിന്തിപ്പിക്കും. എന്തുകൊണ്ടും ഭേതപ്പെട്ട ഒരു നോവലാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.