പ്രോട്ടോക്കോളിസ്റ്റ്

Saturday 5 November 2016 10:36 pm IST

രാജ്യത്തെ ആദ്യ വെളിയിട വിസര്‍ജ്യരഹിത സംസ്ഥാനമായത്രെ കേരളം. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇമ്മാതിരി ഒരു പ്രഖ്യാപനം നടത്തിയത്. ഇനി തീവണ്ടികളില്‍നിന്ന് പാളങ്ങളിലേക്കുള്ള വിസര്‍ജനം കൂടി ഒഴിവാക്കിയാല്‍ എല്ലാം സമ്പൂര്‍ണമാവും എന്നും സര്‍വാധിപതിയുടെ പ്രഖ്യാപനത്തിലുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലായി ഒന്നേമുക്കാല്‍ ലക്ഷം വിസര്‍ജനകേന്ദ്രങ്ങള്‍ പിണറായിയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ജലീലും കൂടി മാത്രം പണികഴിപ്പിച്ചുവെന്നാണ് അവകാശവാദം. കേരളത്തെ സോമാലിയ എന്ന് വിളിച്ച് അപമാനിച്ച പ്രധാനമന്ത്രിയെക്കൊണ്ട് ഇപ്പരിപാടി ഉദ്ഘാടനം ചെയ്യിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നാടൊട്ടുക്ക് നടന്ന് വെല്ലുവിളിച്ചിരുന്നതാണ്. എന്നിട്ട് അതിനെന്ത് സംഭവിച്ചു എന്ന് അറിയില്ല. പ്രധാനമന്ത്രി ശുചിമുറികളുണ്ടാകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് ഗുജറാത്തില്‍ മതി, പ്രബുദ്ധ കേരളത്തിലെ നാട്ടുകാരെ വെളിക്കിറങ്ങാന്‍ പഠിപ്പിക്കരുത് എന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പരിഹാസം. ഗുജറാത്തിലാണ് പോലും മതിയായ അളവില്‍ ശുചിമുറികളില്ലാത്തത്. തിരുവനന്തപുരത്ത് പുല്ലുവിളയില്‍ വീട്ടില്‍ ശുചിമുറിയില്ലാത്തതിന് പുറത്തുപോയ വീട്ടമ്മയെയാണ് തെരുവുനായകള്‍ കടിച്ചുകീറിക്കൊന്നത്. എല്ലാം തികഞ്ഞ കേരളത്തില്‍ ഇപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷം ശുചിമുറികള്‍ അതും കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പണികഴിപ്പിച്ചിട്ട് മേനിനടിക്കുമ്പോഴും പുല്ലുവിളകള്‍ സംസ്ഥാനത്ത് വ്യാപകമാണെന്ന് കാണാതിരുന്നുകൂടാ. വെളിയിട വിസര്‍ജ്യരഹിത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയും കെ.ടി ജലീലും ഒക്കെക്കൂടിയാണ് കേരളത്തിന്റെ വജ്രജൂബിലി സമ്മേളനവേദിയെ വിസര്‍ജ്യപൂരിതമാക്കിക്കളഞ്ഞത്. പിണറായി വിജയനും വിജയന്റെ പാര്‍ട്ടിക്കും തീറെഴുതിക്കിട്ടിയ നാടാണ് കേരളമെന്ന മട്ടിലാണ് പെരുമാറ്റം. സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുതല്‍ കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വരെയുള്ളവരെ വിളിച്ചും വിളിക്കാതെയും വിളിച്ചിട്ട് വരേണ്ടെന്ന് പറഞ്ഞും അപമാനിച്ചാണ് പിണറായി വിജയന്‍ കേരളത്തിന്റെ വജ്രജൂബിലി ആഘോഷിച്ചത്. കേരളപ്പിറവിയുടെ അറുപതാം പിറന്നാളിന് ക്ഷണമില്ലാത്തതുകൊണ്ട് ഗവര്‍ണര്‍ ചെന്നെയിലേക്ക് പോയി. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാതെ അപമാനിച്ചു. ഒരാഴ്ചത്തെ പരിപാടി കഴിഞ്ഞ് ദല്‍ഹിക്ക് മടങ്ങിയ എ.കെ. ആന്റണിയെ വിളിച്ചുവരുത്തിയിട്ട് സദസിലെങ്ങാനും പോയിരുന്നോളാന്‍ കല്‍പിച്ചു. മടവൂര്‍ വാസുദേവന്‍ നായരോട് വിളിച്ചിട്ട് വരേണ്ടതില്ലെന്ന് കളിയാക്കി. ഇപ്പോള്‍ പറയുന്നത് നവംബര്‍ ഒന്നിന് നടന്നത് ഒരു വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനമാണ്. ഒരു വര്‍ഷത്തിനിടയ്ക്ക് ഇനിയും പരിപാടികള്‍ വരും. അന്നേരം ഗവര്‍ണറടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും എന്നൊക്കെയാണ്. ഇമ്മാതിരി പറച്ചിലിന് മിനിമം ഭാഷയില്‍ തെമ്മാടിത്തരമെന്നാണ് പറയുന്നത്, പിണറായിക്കും കൂട്ടര്‍ക്കും ആ പദവും ഒരു അലങ്കാരമാകാനേ തരമുള്ളൂ. വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ പിണറായി വിജയന്‍ പ്രോട്ടോക്കോളിന്റെ തോളേല്‍ കയറിയാണ് ഗവര്‍ണറെ ഒഴിവാക്കിയതിന് ന്യായം കണ്ടെത്തിയത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മിനിമം ആളുകള്‍ മാത്രമേ വേദിയിലുണ്ടാകാന്‍ പാടുള്ളൂ എന്നാണ് പിണറായി പഠിച്ചതത്രെ. ഇവിടെ അറുപത് പേര്‍ വേദിയില്‍ പങ്കെടുക്കുന്നതിന് ജസ്റ്റിസ് സദാശിവം തടസ്സമാകുമായിരുന്നുപോലും. വേദിയില്‍ കയറിയ അറുപതുപേരില്‍ പലരെയും സദസ്സില്‍നിന്ന് കാലുപിടിച്ചും പൊന്നേ പൊടിയേ എന്ന് വിളിച്ചുമാണ് വേദിയില്‍ കയറ്റിയതെന്ന് കേള്‍ക്കുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയിലെ ഈ മിനിമത്തിന് കണക്കുണ്ടാകേണ്ടതല്ലേ. അതെത്രയാണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. പിണറായിക്ക് അത് അറിയുകയുമില്ല. ഇരുപത്തഞ്ചും അന്‍പതും പിന്നിട്ടാണല്ലോ കേരളം അറുപതിലെത്തിയത്. അപ്പോഴൊക്കെ ഗവര്‍ണര്‍മാര്‍ മിനിമവും മാക്‌സിമവും പരിഗണിക്കാതെ പങ്കെടുത്ത വേദികളാണ് കേരളത്തിലുണ്ടായിരുന്നതെന്ന സാമാന്യ ബോധമെങ്കിലും ഇമ്മാതിരി നിലവാരമില്ലാത്ത ന്യായങ്ങള്‍ നിരത്തുമ്പോള്‍ പിണറായി പുലര്‍ത്തേണ്ടതാണ്. കേരളത്തിന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇപ്പോള്‍ പിണറായി വിജയന്‍ അപമാനിച്ച പാര്‍ട്ടിയുടെ കേരള ഫിദല്‍ കാസ്‌ട്രോ വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണര്‍ സുഖ്‌ദേവ് സിങ് കാങ് പങ്കെടുത്ത വേദിയിലാണ് അന്ന് സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്നൊന്നുമില്ലാത്ത എന്ത് പ്രോട്ടോക്കോളിനെക്കുറിച്ചാണ് ഇപ്പോള്‍ പിണറായി പറയുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. നമുക്ക് മനസ്സിലാകുന്ന ഒരേയൊരു പ്രോട്ടോക്കോള്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് മീതെയാകും അദ്ദേഹത്തിന്റെ സ്ഥാനം എന്നതുമാത്രമാണ്. ഗവര്‍ണര്‍ പങ്കെടുത്താല്‍ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് അദ്ദേഹമായിരിക്കും എന്ന് സാരം. സഹിക്കാനാകുമോ പിണറായിക്കും പാര്‍ട്ടിക്കും അത്. അറുപതാംകൊല്ലം നാട് ഭരിക്കാന്‍ യോഗമുണ്ടായ സ്ഥിതിക്ക് അത് താന്‍തന്നെ ചെയ്യണമെന്ന് പിണറായിക്ക് തോന്നിയതില്‍ അത്ഭുതമൊന്നുമില്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെപ്പോലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പിണറായിക്ക് അറിയാം. അതുകൊണ്ട് വേദിയുണ്ടാകുന്നെങ്കില്‍ അതില്‍ താന്‍ മാത്രം മതി എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകണം. അല്ലെങ്കിലും പാര്‍ട്ടിയിലും സര്‍ക്കാരിലും ഇപ്പോള്‍ പിണറായി മാത്രമാണ് ഉള്ളത്. തനിക്ക് മീതേ സാമ്പത്തികോപദേശത്തിന് ആളെവച്ചതിന്റെ പേരില്‍ കെറീച്ചുനടന്ന സാക്ഷാല്‍ തോമസ് ഐസക്ക് വരെ കഴിഞ്ഞ ദിവസം അല്പസ്വല്‍പം ഉപദേശമൊക്കെ വേണ്ടതുണ്ടെന്ന് മാപ്പിരന്നുകഴിഞ്ഞു. അത് ഗീതയുടെ ഉപദേശമാണെങ്കിലും സാരമില്ലെന്ന നിലപാടാണ് ഇപ്പോള്‍ തോമസ് ഐസക്കിന്. കണ്ണുരുട്ടലും ശകാരിക്കലും ആക്രോശിക്കലുമൊക്കെയായാണ് പിണറായി വിലാസം സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക്. നിയമസഭയ്ക്കകത്തും പുറത്തൂം മന്ത്രിമാരടക്കമുള്ളവര്‍ ഓച്ഛാനിച്ച് തലയും ചൊറിഞ്ഞുനിന്നുകൊള്ളണം. അല്ലെങ്കില്‍ തമ്പ്രാന്‍ കോപിക്കും. എല്ലാ മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും വാതുറന്നാല്‍ തമ്പ്രാന്റെ അപദാനങ്ങള്‍ പാടുകയാണ്. പുലിമുരുകനെന്നും ഇരട്ടച്ചങ്കനെന്നും പിന്നെയും എന്തൊക്കെയോ... വന്ന് വന്ന് മിസ്റ്റര്‍ വിജയന്‍ എന്നുപോലും വിളിക്കരുതെന്നാണ് മന്ത്രിസഭയിലെ കൊഞ്ജാണന്‍ സഖാവിന്റെ തിട്ടൂരം. മിസ്റ്റര്‍ എന്നത് ആണുങ്ങളെ വിളിക്കുന്നതാണെന്ന് അറിഞ്ഞുകൊണ്ടാണോ മഹാകവി സഭയ്ക്കുള്ളില്‍ ക്ഷോഭിച്ചതെന്ന് അറിയില്ല. ആലപ്പുഴയില്‍ വെച്ച് പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് പിണറായി പടിയിറങ്ങിയിട്ടും കോടിയേരിയുടെ കൊടി ഇനിയും അതില്‍ ഉയര്‍ന്ന മട്ടില്ല. പോലീസ് സ്റ്റേഷനുകളും ജയിലുകളും ജയരാജന്മാര്‍ക്ക് വാഴാന്‍ പതിച്ചുകൊടുത്തിട്ടാണ് പിണറായി കേരളത്തിന്റെ വജ്രജൂബിലി തന്റെ തറവാട്ടുവക ആഘോഷമാക്കിയത്. ഗവര്‍ണറും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുള്ളവരെ അപമാനിച്ചിട്ടും കേരളത്തില്‍ വലിയ കോളിളക്കമൊന്നും അതിന്റെ പേരിലുണ്ടായില്ല. എന്നാല്‍ അതായിരുന്നില്ല എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉണ്ടായ ബഹളം. എസ്എന്‍ കോളേജ് വളപ്പില്‍ ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി അറിയിച്ചതിനെച്ചൊല്ലി ചാണ്ടിക്കൊപ്പം നിലവിളിക്കാനും വെല്ലുവിളിക്കാനും പിണറായിയും പിണറായിയുടെ പാര്‍ട്ടിയും ഉണ്ടായിരുന്നു. നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ചാണ്ടിയെ ഒഴിവാക്കിയതിന് കാരണം തേടി ചാനലുകള്‍ ദിവസങ്ങളോളം ചര്‍ച്ച നടത്തി. ഇതിപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മോഹിക്കുന്നതുപോലെ കല്യാണം കഴിഞ്ഞിട്ടല്ലേയുള്ളൂ. കല്യാണത്തിന് വിളിച്ചില്ലെങ്കിലെന്താ, പെണ്‍കൊച്ച് പ്രസവിക്കും, നൂലുകെട്ട് വരും, ചോറൂണ് വരും... ചടങ്ങെത്രയാ ബാക്കി... അതിലേതെങ്കിലുമൊക്കെ ഒന്നില്‍ വിളിച്ചാല്‍ പോരേ... എന്നതാവുമോ ന്യായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.