കണ്ണൂരില്‍ ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

Saturday 5 November 2016 10:51 pm IST

കൊച്ചി: കണ്ണൂരിലെ സമാധാന പുനഃസ്ഥാപനത്തിനായി ജില്ലയില്‍ ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ നടപടിയാരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ബാബു അറിയിച്ചു. കണ്ണൂരിലെ എല്ലാ പ്രദേശങ്ങളിലും പൊതുജനനന്മക്കായി ആര്‍ട് ഓഫ് ലിവിങ് കോഴ്‌സുകള്‍ വ്യാപകമായി നടത്താന്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുവാനും ഈ ബ്രാഞ്ചുകളിലൂടെ ആദ്യപടി എന്ന നിലയില്‍ ഒരു ലക്ഷം പേര്‍ക്ക് സൗജന്യമായി ആരോഗ്യ വ്യക്തിത്വ വികസന ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. മനസ്സിലെ സംഘര്‍ഷം ലഘൂകരിച്ച് സമൂഹത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാനും പരസ്പര സഹവര്‍ത്തിത്വത്തോടുകൂടി പ്രവര്‍ത്തിക്കുവാനും ആര്‍ട് ഓഫ് ലിവിങ് പരിശീലനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സമാധാനകാംക്ഷികളായ രാക്ഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടേയും മത സംഘടനകളുടെയും സാംസ്‌കാരിക സന്നദ്ധസംഘടനകളുടെയും റസിഡന്‍സ് അസോസിയേഷന്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും ജില്ലയിലെ ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക. ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകരും ടീച്ചര്‍മാരും കണ്ണൂരില്‍ സമാധാനത്തിനായി നിരന്തരം പ്രവര്‍ത്തന സന്നദ്ധരായിരിക്കുമെന്നും സുധീര്‍ ബാബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.