മലപ്പുറം സ്‌ഫോടനം: സാക്ഷികള്‍ക്ക് ഭയം രേഖാചിത്ര ശ്രമം ഉപേക്ഷിച്ചു

Saturday 5 November 2016 11:12 pm IST

മലപ്പുറം: കളക്ടറേറ്റ് പരിസരത്തെ സ്‌ഫോടനത്തിലെ ദൃക്‌സാക്ഷികള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രേഖാചിത്രം തയ്യറാക്കാനുള്ള ശ്രമം പോലീസ് തല്‍ക്കാലം ഉപേക്ഷിച്ചു. തകര്‍ന്ന ഡിഎംഒയുടെ കാറിന് തൊട്ടടുത്ത കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശി മുഹമ്മദ് നല്‍കിയ വിവരങ്ങള്‍ രേഖാചിത്രമുണ്ടാക്കാന്‍ പര്യാപ്തമല്ല. ദൃക്‌സാക്ഷികള്‍ ഇനിയുമുണ്ടെന്നാണ് നിഗമനം. മൊഴി നല്‍കിയാല്‍ കുരുക്കാവുമോയെന്ന ഭയത്താല്‍ ആരും മുന്നോട്ട് വരാത്തത് പോലീസിനെ കുഴക്കി. സ്‌ഫോടനത്തിന് 15 മിനിട്ട് മുമ്പ് ഡിഎംഒയുടെ വാഹനത്തിന് സമീപം കറുത്തബാഗുമായി ഒരാളെ കണ്ടെന്നായിരുന്നു മുഹമ്മദിന്റെ മൊഴി. ദൃക്സാക്ഷികളുണ്ടാവാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിന്റെ മുന്നിലാണ് സ്‌ഫോടനം. ജനലുകളിലൂടെ ഇവിടേക്കുളള കാഴ്ച കൃത്യമാണ്. ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരുടെ മൊഴികളെടുക്കും. സ്‌ഫോടനത്തിന് പിന്നിലെ സാമ്പത്തികസ്രോതസ് കണ്ടെത്താന്‍ നഗരത്തിലെ മുഴുവന്‍ ബാങ്കുകളിലെയും ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബേസ് മൂവ്‌മെന്റ് സ്‌ഫോടനം നടത്തിയ സംസ്ഥാനങ്ങളില്‍ നിന്നുളള ബാങ്ക് ഇടപാടുകളും ശേഖരിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുളള എടിഎം, സ്വകാര്യസ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സ്‌ഫോടനത്തിന് ഒരുമണിക്കൂര്‍ മുമ്പ് ഡിഎംഒയുടെ വാഹനത്തിന് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാന്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വാന്‍ പോയപ്പോഴാണ് അവിടേക്ക് തന്റെ കാര്‍ മാറ്റിയിട്ടെന്നാണ് മുഹമ്മദിന്റെ മൊഴി. മുഹമ്മദിന്റെ കാറിന്റെ മുന്‍ഭാഗവും ഡിഎംഒയുടെ കാറിന്റെ പിന്‍ഭാഗവുമാണ് മതിലിന് അഭിമുഖമുണ്ടായിരുന്നത്. കാറിന്റെ പിന്‍ഭാഗത്താണ് ബോംബ് സ്ഥാപിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദിന്റെ മുന്നില്‍വച്ച് ഒരാള്‍ക്ക് ബോംബ് ഡിഎംഒയുടെ കാറിന് പിന്നില്‍ സ്ഥാപിക്കാനാവില്ലെന്നാണ് നിഗമനം. അതിനാല്‍ സ്‌ഫോടനത്തിന് ഏറെ മുമ്പുതന്നെ ബോംബ് സ്ഥാപിക്കപ്പെടാനുളള സാധ്യതയും പോലീസ് തള്ളുന്നില്ല.സ്‌ഫോടന സ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവ് ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് കിട്ടാന്‍ ദിവസങ്ങളെടുക്കും. അന്വേഷണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വഴിത്തിരിവാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. പ്രഷര്‍കുക്കര്‍ ബോംബ് സ്ഥാപിച്ചത് എപ്പോള്‍, പൊട്ടാനെടുത്ത സമയം തുടങ്ങിയ നിര്‍ണായക സൂചനകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കും. അന്വേഷണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വഴിത്തിരിവാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. പ്രഷര്‍കുക്കര്‍ ബോംബ് സ്ഥാപിച്ചത് എപ്പോള്‍, പൊട്ടാനെടുത്ത സമയം തുടങ്ങിയ നിര്‍ണായക സൂചനകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.