കൊച്ചി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കൊച്ചിയില്‍ പോലീസ് അതീവ ജാഗ്രതയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്നും കൊച്ചി അടക്കം തന്ത്രപ്രധാന സ്ഥലങ്ങളില്‍ സ്ഫോടനപരമ്പര നടത്തുമെന്നാണ് അല്‍ഖ്വയ്ദയുടെ കേരളഘടകം എന്ന പേരില്‍ ബേസ്മൂവ്മെന്റ് കൊച്ചി സിറ്റി പോലീസിന് അയച്ച ഭീഷണി സന്ദേശം.
കൊല്ലം, മൈസൂര്‍, മലപ്പുറം അടുത്തത് ഏതെന്ന ചോദ്യചിഹ്നത്തോടെയാണ് വാട്ട്സ് ആപ്പിലൂടെ ഭീഷണി. സന്ദേശം അയച്ച വാട്ട്സ്അപ്പ് നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് റെയില്വേസ്റ്റേഷന്, ബസ്സ്റ്റാന്റ്, മാളുകള്‍, വിമാനത്താവളം, കളക്ട്രേറ്റ്, ഹൈക്കോടതി എന്നിവിടങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ദക്ഷിണ നാവിക ആസ്ഥാനം, നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി കപ്പല്‍ശാല, റിഫൈനറി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.
വിദേശസഞ്ചാരികള്‍ കൂടുതലായെത്തുന്ന മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി ഹോട്ടലുകളും, സിനിമാ തിയറ്ററുകളും, ജനത്തിരക്കേറിയ സ്ഥലങ്ങളും ഷാഡോ പോലീസിന്റെ നീരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: