ഫലേച്ഛയുടെ നിരാസം

Sunday 6 November 2016 8:10 pm IST

അധ്യായം/34, മനഃശുദ്ധി മനഃശുദ്ധിയും കര്‍മശുദ്ധിയും ആത്മീയവികാസത്തിനുള്ള അവശ്യ ഉപാധികളാണ്. കര്‍മശുദ്ധി ആത്മാവിനെ കര്‍മത്തോടുള്ള അതിന്റെ ബന്ധത്തില്‍ നിന്നകറ്റുന്നു; മനശുദ്ധി, ദൈവവുമായുള്ള ലയത്തിന് കാരണമാകുന്നു. അഭിലാഷങ്ങളില്‍നിന്നുള്ള മുക്തിയാണ് മനഃശുദ്ധിയെന്ന്, ബ്രഹ്മബിന്ദു ഉപനിഷത്(1), മൈത്രായനി ഉപനിഷത് (4:6), ത്രിപുരതാപിനി ഉപനിഷത് (5:2)തുടങ്ങിയവ നിര്‍വചിക്കുന്നു. അവ പറയുന്നു: മനസ്സ് രണ്ടുതരത്തിലുണ്ടെന്ന് പറയുന്നു-ശുദ്ധവും അശുദ്ധവും; അഭിലാഷങ്ങളോടു ഭ്രമമുള്ളത് അശുദ്ധം; അവയില്ലാത്തത് ശുദ്ധം. ഈ ശ്ലോകത്തില്‍, 'ശുദ്ധം' എന്നാല്‍ ആത്മീയമായി ശുദ്ധം എന്നും, 'അഭിലാഷ'ങ്ങള്‍ എന്നാല്‍ ഭൗതിക ആഗ്രഹങ്ങളുമാണ്-ഭൗതിക സുഖങ്ങള്‍ക്കുള്ള ആഗ്രഹങ്ങള്‍. അത്തരം ആഗ്രഹങ്ങള്‍ മനസ്സിനെയും ബുദ്ധിയെയും ദൈവം, ആത്മീയാന്വേഷണം എന്ന ചിന്തകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും, ഭൗതിക താല്‍പര്യങ്ങളിലേക്ക് വലിച്ച് കാമക്കാഴ്ചകളിലേക്ക് തുടര്‍ച്ചയായി തട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ആഗ്രഹങ്ങള്‍ മനസ്സിനെ മലിനമാക്കുന്നു. ബൈബിള്‍ ആറ്റിക്കുറുക്കി അത് ആവിഷ്‌കരിക്കുന്നു: ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? (യാക്കോബ് 4:4) ഭൗതികസുഖങ്ങളോടുള്ള അടുപ്പം, മനസ്സിനെ ദൈവവിചാരങ്ങളില്‍ നിന്നകറ്റുന്നു എന്നര്‍ത്ഥം. അഭിലാഷങ്ങളാണ് മനസ്സിനെ അഭിലഷിക്കേണ്ട വസ്തുക്കളോട് അടുപ്പിക്കുന്നത്. അടുപ്പം മനഃശുദ്ധിയെ ബാധിക്കുന്നു. പൊതുവേ, ലോകസുഖങ്ങള്‍ ആഗ്രഹിക്കുന്ന മനസ്സ് അവയുമായി കൂടുതല്‍ കൂടുതല്‍ ചുറ്റിപ്പിണയുന്നു. ഏത് അഭിലാഷവും, സാധിച്ചു കഴിഞ്ഞാലും മരിക്കുന്നില്ല, കുറയുന്നില്ല. മുഴുകുന്തോറും, അത് കൂടുതല്‍ അള്ളിപ്പിടിക്കുകയും ശക്തമാകുകയും മനസ്സിനെ കീഴ്‌പ്പെടുത്തുകയും ചെയ്യും. ഉയരത്തില്‍ കത്തിയാല്‍ കൂടുതല്‍ കൂടുതല്‍ ഇന്ധനം ആഗ്രഹിക്കുന്ന തീപോലെ ശമിക്കാത്തതാണ് അത് (ഭഗവദ്ഗീത 3:37-39). ഭഗവദ്ഗീത നമ്മോട് പ്രത്യേകം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന ഒരഭിലാഷം, നമ്മുടെ കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച അഭിലാഷമാണ്. സാധാരണക്കാരന്‍ ജോലി ചെയ്യുന്നത് അതിന്റെ ഫലത്തിനും പ്രസിദ്ധിക്കും ഭാവി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്ന നേട്ടങ്ങള്‍ക്കുമൊക്കെയാണ്. ഫലം ഇച്ഛിച്ചുകൊണ്ടു ചെയ്യുന്ന കര്‍മം, മനസ്സിനെ കര്‍മത്തോട് അടുപ്പിക്കുകയും അത് മനഃശുദ്ധിയെ ബാധിക്കുകയും ചെയ്യുന്നു. മറിച്ച്, ഫലേച്ഛയില്ലാത്ത കര്‍മം മനസ്സിനെ അതില്‍നിന്നെല്ലാം അകറ്റിനിര്‍ത്തുന്നു. തന്റെ കര്‍മങ്ങളുടെ ഫലങ്ങളെല്ലാം തന്റെ ശ്രമത്തിന്റെ സ്വാഭാവിക നേട്ടങ്ങളാണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്നു. അതിനാല്‍ അവ തനിക്ക് അവകാശപ്പെട്ടതാണ്. ആ വിചാരം കര്‍മത്തോട് അടുപ്പമുണ്ടാക്കുകയും മനസ്സ് കൂടുതല്‍ നേട്ടങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ കര്‍മത്തില്‍ മുഴുകുകയും ചെയ്യുന്നു. മനസ്സ് ഇച്ഛയില്‍ മുഴുകി അതിന്റെ അടിമയാകുന്നു. അത് മനസ്സിനെ വലിച്ചിഴയ്ക്കുകയും താഴ്ത്തിക്കെട്ടുകയും മലിനമാക്കുകയും ചെയ്യുന്നു. ഭൗതികതയിലെ അഭിരമണം, ഭക്തിയില്‍നിന്നുള്ള അകല്‍ച്ചയാണ്. അതിനാല്‍ ഭഗവദ്ഗീത (5:11) പറയുന്നു: ദേഹം മനം ബുദ്ധി കേവലേന്ദ്രിയങ്ങളിവറ്റിനാല്‍ സംഗം വിട്ടാത്മശുദ്ധിക്കു കര്‍മം ചെയ്യുന്നു യോഗികള്‍. പ്രായോഗിക തലത്തില്‍, ആത്മജ്ഞാനം സിദ്ധിച്ച യോഗി ചെയ്യുന്ന കര്‍മവും, അതില്ലാത്ത സാധാരണക്കാരനും ചെയ്യുന്ന കര്‍മവും തമ്മില്‍ വലിയ വ്യത്യാസമില്ല; ഒരേ തരത്തിലാണ് ഇരുവരും കര്‍മങ്ങള്‍ ചെയ്യുന്നത് (ഭഗവദ്ഗീത 3:25). കര്‍മത്തോടും ഫലത്തോടുമുള്ള സമീപനത്തിലാണ് വ്യത്യാസം. യോഗി, മനഃശുദ്ധിക്കായി, തന്റെ കര്‍മം അതില്‍ മുഴുകാതെയാണ് ചെയ്യുന്നത്; ഇച്ഛയോ ഇച്ഛയില്ലായ്മയോ ഇല്ലാതെ. ഫലേച്ഛയാണ് വ്യത്യാസമുണ്ടാക്കുന്നത്. ഫലേച്ഛ നിരസിച്ചുകൊണ്ട് യോഗികള്‍ അവരുടെ കര്‍മങ്ങളോട് ബന്ധമില്ലാതെ നില്‍ക്കുന്നു. ഫലേച്ഛ നിരസിക്കുന്നതോടെ, കാര്‍മികന്‍ കര്‍മബന്ധത്തില്‍നിന്ന് മുക്തനാകുന്നു. അയാള്‍ കര്‍മത്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്; അതില്‍ വേറെ ലക്ഷ്യം ഇല്ല. ലോകത്തിലെ ഒരു ജീവി എന്ന നിലയില്‍, ലോകത്തെ നിലനിര്‍ത്താന്‍ തന്റെ സംഭാവനയും വേണം. അതുചെയ്‌തേ പറ്റൂ. അയാള്‍ക്ക് ഫലം കിട്ടാം, കിട്ടാതിരിക്കാം. അയാള്‍ അതേപ്പറ്റി വിചാരിക്കുന്നില്ല. ജോലിക്കിടയില്‍ സ്വാഭാവികമായി വരുന്ന കര്‍മങ്ങള്‍ ചെയ്യുന്നത് കടമയാണെന്ന്, അതില്‍ മുഴുകാത്ത കാര്‍മികന്‍ കരുതുന്നു. ആ കര്‍മം ദൈവപ്രചോദിതമായാല്‍ ചെയ്‌തേ പറ്റൂ. കടമ ചെയ്യുന്നു; അവിടെ, കര്‍മത്തിലെ താല്‍പര്യം തീരുന്നു. സാധാരണഗതിയില്‍ നേട്ടങ്ങള്‍ ഉണ്ടായാല്‍, അയാള്‍ അവയെടുക്കുന്നു. ഇല്ലെങ്കില്‍, 'അത് അതിന്റെ വഴിക്കുപോട്ടെ' എന്ന് അയാള്‍ കരുതുന്നു. കര്‍മം പ്രചോദിപ്പിച്ച സര്‍വവ്യാപിയായ ലോകയജമാനന് സ്വന്തം പദ്ധതിയുണ്ടാകാം. കാര്‍മികന് ആ ലക്ഷ്യങ്ങളോ ലോകം നിലനിര്‍ത്താനുള്ള അവന്റെ അജ്ഞാത വഴികളോ അറിയില്ല. അതിനാല്‍ അയാള്‍ക്ക് ഫലേച്ഛ ഇല്ല. കര്‍മബന്ധമില്ലാത്തതിനാല്‍, നേട്ടം കിട്ടിയാല്‍ ആനന്ദിക്കുന്നില്ല; കിട്ടിയില്ലെങ്കില്‍ ദുഃഖിക്കുന്നുമില്ല. ഇങ്ങനെ അകല്‍ച്ചയോടെ കര്‍മം ചെയ്യുന്നത് ഒരു യോഗം ആയി ഭഗവദ്ഗീത വിശേഷിപ്പിക്കുന്നു-കര്‍മയോഗം (2:48,50). അത് മനസ്സിനെ ബന്ധങ്ങളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും ഉത്കണ്ഠകളില്‍നിന്നും സ്വതന്ത്രമാക്കുന്നു. അത് മനസ്സിനെ പരമശുദ്ധിയില്‍ നിലനിര്‍ത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.