കേരളത്തില്‍ വേട്ടക്കാര്‍ക്ക് സംരക്ഷണവും ഇരകള്‍ക്ക് ദുരിതവും

Monday 7 November 2016 11:50 am IST

ആറന്മുള: കേരളത്തില്‍ വേട്ടക്കാര്‍ക്ക് സംരക്ഷണവും ഇരകള്‍ക്ക് നിത്യദുരിതവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകളില്‍ ഭൂമിയില്ലാത്തവരും, കുടിവെള്ളം കിട്ടാത്തവരും റേഷന്‍കിട്ടാന്‍ നിവര്‍ത്തിയില്ലാത്തവരും, ദളിത് വിഭാഗങ്ങളില്‍പെട്ടവരുമുണ്ട്. ഇവര്‍ എല്ലാവരും വേദനിക്കുകയാണ്. ദുരിതത്തിലാണ്, കഷ്ടപ്പാടിലാണ്. ഇരയാകുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നാടുഭരിക്കുന്ന ഭരണത്തലവന് കഴിയാത്തതെന്തുകൊണ്ടാണ്. ഇരകള്‍ക്ക് വേട്ടക്കാരെക്കുറിച്ചാണ് പറയാനുള്ളത്. മുഖ്യമന്ത്രിയെ തങ്ങള്‍ക്കൊന്ന് കാണണമെന്ന് പീഡനത്തിനിരയായവര്‍ തിരുവനന്തപുരത്തെത്തി യാചിച്ചിട്ടും മുഖ്യമന്ത്രി അതിന് തയ്യാറായില്ല. കേരളത്തില്‍ ഇത്രയധികം കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടും അതേക്കുറിച്ച് ചര്‍ച്ചചെയ്ത് സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ല. കേസുകളില്‍ ജനകീയ പ്രതിഷേധവും മാധ്യമ ഇടപെടലുകളും ഉണ്ടാകുമ്പോള്‍ അതിനെ തണുപ്പിക്കാന്‍ ചില നടപടികള്‍ എടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വടക്കാഞ്ചേരി മാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു എന്നു പറയുമ്പോഴും എന്തുകൊണ്ടാണ് പാര്‍ട്ടി ചുമതലയില്‍നിന്നും നീക്കം ചെയ്യാത്തത്. ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടും കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചിട്ടില്ല. ജാമ്യമില്ലാവകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ ജയന്തനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഇത്തരത്തിലാണ് ഭരണം തുടര്‍ന്ന് പോകുന്നതെങ്കില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാന്‍ പ്രത്യക്ഷ പ്രക്ഷോഭപരിപാടികള്‍ തുടങ്ങേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.