മുഖ്യമന്ത്രി വിശദീകരിക്കണം: വി. മുരളീധരന്‍

Sunday 6 November 2016 10:17 pm IST

  തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ മാനഭംഗത്തിനിരയായ യുവതിയെ കാണാന്‍ അനുവാദം നല്‍കിയതിനുശേഷം കാണാന്‍ കൂട്ടാക്കാതിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീത്വത്തെ അപമാനിക്കുകയും പീഡനത്തിനിരയായ യുവതിയോട് അനീതികാട്ടുകയുമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. എന്തുകൊണ്ടാണ് യുവതിയെ കാണാന്‍ കൂട്ടാക്കാത്തതെന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പീഡനത്തിനിരയായ യുവതി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയപ്പോള്‍ അന്ന് വൈകീട്ട് നാലരയ്ക്കു തന്നെ കാണാന്‍ മുഖ്യമന്ത്രി സമയം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവതിയെ കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് ഈ വിഷയം ജനശ്രദ്ധയിലെത്തിച്ച ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവതിക്ക് മുഖ്യമന്ത്രിയോട് മാത്രമായി ചിലത് പറയാനുണ്ടെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ജയന്തനെ കൂടാതെ മറ്റു രണ്ട് സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഈ വിവരമാണ് യുവതി മുഖ്യമന്ത്രിയോട് പറയാനിരുന്നത്. സിപിഎമ്മിന് ഈ വിഷയവുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവരും എന്ന ഭയമാണ് യുവതിയെ കാണാതിരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ മുഖ്യമന്ത്രി കൂട്ടമാനഭംഗത്തിനിരയായ യുവതിയെ കാണാന്‍പോലും കൂട്ടാക്കുന്നില്ല എന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ഇരയോടുള്ള തികഞ്ഞ അനീതിയുമാണ്. മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ള കാര്യങ്ങള്‍ യുവതി തന്നെ ലോകത്തോട് വിളിച്ചുപറയുകയാണ് വേണ്ടതെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.