കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീ സുരക്ഷാ അലാറാം നോക്കുകുത്തി

Sunday 6 November 2016 10:51 pm IST

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീസുരക്ഷാ അലാറാം നോക്കുകുത്തി. വിരലമര്‍ത്തിയാല്‍ ഈ യന്ത്രത്തിന് അനക്കമില്ലാത്ത സ്ഥിതിയാണ്. കണ്ണൂരിലെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉജ്വല തുടക്കമെന്ന നിലയില്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ആര്‍ക്കും വേണ്ടാത്ത നിലയില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഒന്നു കഴിയുമ്പോഴും പദ്ധതി വേണ്ടവിധം നടപ്പിലാക്കാനാവുന്നില്ല. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴും സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അലാറം നിശ്ചലാവസ്ഥയിലാണ്. അസമയത്ത് നഗരത്തില്‍ എത്തുന്ന വനിതകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പഴയ നഗരസഭയും പൊലീസും സഹകരിച്ച് തുടക്കമിട്ട പദ്ധതിയാണ് ഇപ്പോള്‍ അവതാളത്തിലായത്. നഗരത്തില്‍ പഴയ ബസ് സ്റ്റാന്റിലെ സ്ത്രീസുരക്ഷയ്ക്കായി സ്ഥാപിച്ച അലാറം പൂര്‍ണമായും നിലച്ചിരിക്കയാണ്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറയും കണ്ണടച്ചതോടെ പദ്ധതി തുടങ്ങിയേടത്തുതന്നെ അവസാനിച്ച നിലയായി. നഗര സുരക്ഷിതത്വത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീസുരക്ഷാ പദ്ധതിയും ആവിഷ്‌ക്കരിച്ചത്. നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഉണ്ടായാല്‍ പഴയ ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിട്ടുള്ള അലാറത്തിന്റെ ബട്ടനില്‍ അമര്‍ത്തിയാല്‍ മതി. ഇതിന്റെ സിഗ്‌നല്‍ ട്രാഫിക് സ്‌റ്രേഷനില്‍ എത്തുകയും അലാറത്തിന്റെ അടുത്തുള്ള ഭാഗങ്ങളിലെ ചിത്രങ്ങള്‍ സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. ക്ഷണനേരത്തില്‍ പൊലീസ് നടപടിയെടുക്കാന്‍ ഇത് എളുപ്പമായിരുന്നു. പഴയ ബസ് സ്റ്റാന്റിനു പുറമെ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തും ഇതേ സജ്ജീകരണം ഒരുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇവിടെ തുടങ്ങാനുള്ള ഒരുക്കത്തിനിടെതന്നെ ആദ്യം തുടങ്ങിയ സംവിധാനം അനാഥവസ്ഥയിലായതോടെ ആ ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.