റേഷന്‍ മുന്‍ഗണനാ പട്ടിക: പരിശോധന പ്രഹസനമാക്കാന്‍ നീക്കം

Sunday 6 November 2016 10:55 pm IST

കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പരാതികളില്‍ പരിശോധന പ്രഹസനമാക്കാന്‍ അണിയറയില്‍ നീക്കം. ജില്ലയില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ പരാതികളാണ് ഇതുവരെയായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖാന്തിരം ലഭിച്ച പരാതികള്‍ തന്നെ 81,908 എണ്ണമുണ്ട്. ഇതുകൂടാതെ ജില്ലയിലെ വിവിധ പഞ്ചായത്ത് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച പരാതികളും കൂട്ടിയാല്‍ ആകെ പരാതികളുടെ എണ്ണം ലക്ഷത്തിലേറെയാകും. ഇവയുടെ വിചാരണ താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖാന്തിരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ദിച്ചതോടെ ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസുകളില്‍ സൂക്ഷ്മ പരിശോധന നടത്താനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ആകെയുള്ള റേഷന്‍ കാര്‍ഡുകളില്‍ നാല്‍പ്പത് ശതമാനമാന് മുന്‍ഗണനാ പട്ടികയില്‍ വരിക. ഇതുപ്രകാരം നേരത്തെ ബിപിഎല്‍ പട്ടികയിലുള്ള ഒട്ടേറെപ്പേര്‍ ലിസ്റ്റില്‍ നിന്നും പുറത്തായിട്ടുണ്ട്. അനര്‍ഹരില്‍ ചുരുക്കം പേര്‍ മാത്രമാണ് തങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ളൂ. 15 മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമെണ്ണത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് തെളിയിക്കാനുളള രേഖകളോടൊപ്പമാണ് ഹിയറിങ്ങില്‍ ഹാജരാകേണ്ടത്. കര്‍ശനമായ പരിശോധന നടത്തി അനര്‍ഹരെ പുറത്താക്കണമെന്ന് ഉദ്യോഗസ്ഥ നിലപാടെങ്കിലും പരിശോധന പ്രഹസനമാക്കി മാറ്റി സ്വന്തക്കാരെ പരമാവധി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഭരണകക്ഷി നേതാക്കള്‍ നടത്തുന്നത്. 2013 ജുലൈ 5 മുതലാണ് ദേശവ്യാപകമായി ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. യുപിഎ സര്‍ക്കാറാണ് ഇത് നടപ്പിലാക്കിയതെങ്കിലും കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ബിജെപിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സൗജന്യ നിരക്കിലുള്ള അരിവിതരണം തടസ്സപ്പെടുത്തിയത് ബിജെപി സര്‍ക്കാറാണെന്ന പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. 2013 മുതല്‍ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് 2200 കോടിയോളം രൂപ ലാഭമുണ്ടാകുമായിരുന്നു. കേന്ദ്രത്തിന്റെ അന്ത്യശാസനം വന്നതിന് ശേഷമാണ് അര്‍ഹരുടെ പട്ടികപോലും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ 14.26 ലക്ഷം മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 15 ന് ഹിയറിങ്ങ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഹിയറിങ്ങ് കമ്മറ്റി തീരുമാനത്തിനെതിരെ കലക്ടര്‍ അധ്യക്ഷനായ സമിതിക്ക് പരാതി നല്‍കാം. ജനുവരി 15 നകം അന്തിമ പട്ടിക പ്രസിദ്ദീകരിക്കും. പട്ടിക പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളുടെ അംഗീകാരത്തിന് നല്‍കി ജനുവരി 31 നകം മുന്‍ഗണനാ പട്ടികയുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം. ശനിയാഴ്ച വരെ കണ്ണൂര്‍ ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിലായി 81,908 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ തളിപ്പറമ്പിലാണ് ഏറ്റവും കൂടുതല്‍. 36,800. തലശ്ശേരിയില്‍-18,000, ഇരിട്ടി-13,939, കണ്ണൂര്‍-13,169 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചിട്ടുള്ളത്. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തതിനാല്‍ അനര്‍ഹരെ കണ്ടുപിടിക്കുന്ന നടപടികള്‍ എളുപ്പമാകുമെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പദ്ധതി തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.