പ്രതിഷേധം വ്യാപകം, ഹര്‍ത്താല്‍ പൂര്‍ണ്ണം

Monday 7 November 2016 9:12 pm IST

എസ്‌ഐ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച്‌

ചേര്‍ത്തല: സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല താലൂക്കില്‍ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുറവൂര്‍ വളമംഗലം മാധവത്തിലെ അന്തേവാസിയായ യുവതിയുടെ വിവാഹം കുത്തിയതോട് എസ്‌ഐ എ.എല്‍. അഭിലാഷ് അലങ്കോലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പെരുമ്പളം, പള്ളിപ്പുറം, തണ്ണീര്‍മുക്കം, ചേര്‍ത്തല, കഞ്ഞിക്കുഴി, മുഹമ്മ, ചേര്‍ത്തല സൗത്ത് തുടങ്ങിയ മേഖലകളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും നിശ്ചലമായിരുന്നു. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.

ഹര്‍ത്താലില്‍ വിജനമായ ചേര്‍ത്തല നഗരം

പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് താക്കീതായി. അഞ്ഞൂറിലധികം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ദേവീക്ഷേത്രത്തിന് വടക്കുവശത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ആശുപത്രി കവലയിലെത്തിയപ്പോള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍, ജില്ലാ കാര്യവാഹ് സിനീഷ് മാധവന്‍, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ടി. സജീവ് ലാല്‍, എം.വി. രാമചന്ദ്രന്‍, പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍, സാനു സുധീന്ദ്രന്‍, അരുണ്‍ കെ. പണിക്കര്‍, എസ്. സാജന്‍, വിമല്‍ രവീന്ദ്രന്‍, സി. മിഥുന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശ്‌നസാദ്ധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ നഗരത്തില്‍ വിന്യസിച്ചിരുന്നു. ബാലികാസദനത്തിലെ വിവാഹസ്ഥലത്തെത്തിയ എസ്‌ഐ വാഹനക്കേസിലെ പ്രതിയാണന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. തിരികെ വീണ്ടും എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതിരെ പ്രതികരിച്ച ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ പി. രാജേഷിനെയും, ഉപഖണ്ഡ് കാര്യവാഹ് ഗിരീഷിനെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ എസ്‌ഐയെയും സംഘത്തെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പോലീസ് ഭക്ഷണസാധനങ്ങളും കസേരകളും നശിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.