കേരള ബാങ്ക് സഹകരണ ബാങ്കുകളെ തകര്‍ക്കുമെന്ന് പ്രതിപക്ഷം

Tuesday 8 November 2016 11:30 am IST

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിച്ച് സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. മന്ത്രി പ്രത്യേക താത്പര്യം എടുത്ത് ജില്ലാ സഹകരണ ബാങ്കുകളില്‍ പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തുന്നു. ഇത് ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാനും പിരിച്ചുവിടാനുമുള്ള ഗൂഢ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം പരിപാടികളെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടി പറഞ്ഞ് സഹകരണ മന്ത്രി എ.സി മൊയ്തീന്‍ ആരോപണങ്ങള്‍ തള്ളി. ജില്ലാബാങ്കുകളിലെ ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനയെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടുള്ള പരിശോധനയല്ല ഇതെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാങ്ക് എന്ന ആശയം സഹകരണ ബാങ്ക് എന്ന സങ്കല്പത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ.എം മാണിയും യുഡി‌എഫിന്റെ അടിയന്തര പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഇറങ്ങിപ്പോയി. എന്നാല്‍ പി.സി ജോര്‍ജ് വ്യത്യസ്ത നിലപാടാണ് എടുത്തത്. ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇറങ്ങിപ്പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.