സവാഹിരിയെയും വധിക്കുമെന്ന്‌ അമേരിക്ക

Friday 17 June 2011 9:52 pm IST

വാഷിംഗ്ടണ്‍: ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ കൊലപ്പെടുത്തിയതുപോലെ പുതിയ അല്‍ഖ്വയ്ദ മേധാവി അയ്മന്‍ അല്‍ സവാഹിരിയെയും തങ്ങള്‍ വേട്ടയാടുമെന്ന്‌ അമേരിക്ക ശപഥം ചെയ്തു.
അയാളും അയാളുടെ സംഘടനയും ഇപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്തുകയാണ്‌. ബിന്‍ ലാദനെ അന്വേഷിച്ച്‌ പിടികൂടി വധിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചതുപോലെ സവാഹിരിയെയും വധിക്കും, അമേരിക്കന്‍ ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ അഡ്മിറല്‍ മൈക്ക്‌ മുള്ളന്‍ പെന്റഗണില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒസാമയുടെ പിന്‍ഗാമിയായി സവാഹിരിയെത്തിയതില്‍ തനിക്ക്‌ അത്ഭുതമില്ലെന്ന്‌ മുള്ളന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ അല്‍ ഖ്വയ്ദ നേതാവാകുന്നത്‌ ആരും കൊതിക്കുന്നതാണോ എന്ന്‌ തനിക്ക്‌ ഉറപ്പില്ലെന്ന്‌ കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഗേറ്റ്സ്‌ അഭിപ്രായപ്പെട്ടിരുന്നു. സവാഹിരിക്ക്‌ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന്‌ താന്‍ കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ നേതാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം സവാഹിരിക്കുണ്ടാകുമെന്ന്‌ താന്‍ കരുതുന്നില്ല. ആക്രമണങ്ങ സംഘടിപ്പിച്ച പാരമ്പര്യവും ലാദന്‌ കൂടുതലുണ്ട്‌. സവാഹിരി ഈജിപ്ഷ്യന്‍ വംശജനായതുകൊണ്ട്‌ അല്‍ ഖ്വയ്ദയില്‍ത്തന്നെ അദ്ദേഹത്തെക്കുറിച്ച്‌ സംശയമുള്ളതായി താന്‍ വായിച്ചിട്ടുണ്ട്‌.
ബിന്‍ ലാദന്റെ മരണമുണ്ടാക്കിയ കനത്ത നഷ്ടത്തില്‍നിന്നും മറ്റുള്ള അനേകരുടെ വധത്തില്‍നിന്നും അല്‍ ഖ്വയ്ദ പൂര്‍ണതയിലേക്കെത്താന്‍ ആഗ്രഹിക്കുന്നു. മരിച്ചവര്‍ക്ക്‌ പകരം ആളുകളെ നിയമിച്ച്‌ അവര്‍ ബിന്‍ ലാദന്റെ ലക്ഷ്യത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു, ഗേറ്റ്സ്‌ തുടര്‍ന്നു.
അല്‍ ഖ്വയ്ദ പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഏഴാഴ്ച സമയം എടുത്തല്ലോ എന്ന ചോദ്യത്തിന്‌ ഒരു ഗുഹയിലിരിക്കുമ്പോള്‍ വോട്ടെണ്ണല്‍ അത്ര എളുപ്പമല്ലെന്നായിരുന്നു ഗേറ്റ്സിന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.