അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക ശമ്പളം: നിയമ നിര്‍മ്മാണം വേണം: മനുഷ്യാവകാശ കമ്മീഷന്‍

Tuesday 8 November 2016 9:15 pm IST

കാസര്‍കോട്: നിരന്തരം ചൂഷണത്തിന് വിധേയരാകുന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പള്ളിക്കര പാക്കം ഐഇഎംഎച്ച്എസ് സ്‌കൂളിലെ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇഎഎംഎച്ച്എസ് സ്‌കൂളിലെ മുന്‍ അധ്യാപകരായ നിര്‍മ്മലകുമാരി, കെ. നാരായണി, എം. ശോഭന, പി.ഹല്‍മിന എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലുള്ളതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മുപ്പതു വര്‍ഷത്തോളം വരെയുള്ള കാലം ജോലി നോക്കിയ അധ്യാപകരെ ഒരു സുപ്രഭാതത്തില്‍ നിഷ്‌ക്കരുണം പിരിച്ചു വിടുന്നത് മനുഷ്യത്വ രഹിതമാണന്നെും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നീതി പൂര്‍വ്വവും മനുഷേ്യാചിതവുമായ വ്യവസ്ഥകള്‍ക്ക് വേണ്ട നിബന്ധനകള്‍ രാഷ്ട്രം തയ്യാറാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അണ്‍ എയ്ഡഡ് മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ ഇതുവരെ നിയമവ്യവസ്ഥ ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. കമ്മീഷന്‍ ജില്ലാ ലേബര്‍ ഓഫീസറില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. 53 അധ്യാപകരും 33 അനധ്യാപകരും ജോലി ചെയ്തിരുന്ന സ്ഥാനത്തില്‍ പ്രോവിഡന്റ് ഫണ്ട് ഉള്ളവരും ഇല്ലാത്തവരുമെന്ന് വേര്‍തിരിച്ചായിരുന്നു വേതനം നിശ്ചയിച്ചിരുന്നത്. തൊഴില്‍ തര്‍ക്ക നിയമ പ്രകാരമുള്ള തൊഴിലാളി എന്ന നിര്‍വചത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടാത്തതിനാല്‍ ഇത്തരം ചൂഷണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. അണ്‍ എയ്ഡഡ് സ്‌കൂളില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്‍കെജി, യുകെജി ക്ലാസ്സുകളിലാണ് പിരിച്ചു വിട്ട അധ്യാപകര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും, വിദ്യാഭ്യാസ സെക്രട്ടറിക്കും സ്‌കൂള്‍ സെക്രട്ടറിക്കും അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.