കാനയിലെ മാലിന്യകൂമ്പാരം; രോഗികള്‍ ദുരിതത്തില്‍

Tuesday 8 November 2016 9:36 pm IST

കാനയില്‍ മാലിന്യം നിറഞ്ഞ നിലയില്‍

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ കാനയില്‍ മലിനജലവും,മാലിന്യകൂമ്പാരവും കെട്ടികിടക്കുന്നത് രോഗികളെ വലയ്ക്കുന്നു. മലിനജലത്തില്‍ കൊതുകുകളും, കൂത്താടികളും മുട്ടയിട്ടു പെരുകി. വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ഉറക്കം കെടുത്തുകയാണ്.
ആലപ്പുഴ വാടയ്ക്കല്‍ ഭാഗത്ത് നിന്നും ആരംഭിക്കുന്ന കാപ്പിത്തോട്ടിലൂടെ ഒഴുകുന്ന മലിനജലം ആശുപത്രി വളപ്പിലെ കാണയിലൂടെ ഒഴുകിയാണ് കാക്കാഴം കാപ്പിത്തോട്ടില്‍ അവസാനിയ്ക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ വടക്കെമതിലിന് പുറത്തെ ലാബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിനജലവും മാലിന്യങ്ങളും ഇവയൊക്കെ ഈ ഭാഗത്തുകൂടി കടന്നു പോകുന്ന കാനയിലാണ് തള്ളുന്നത്.
ഇവ കെട്ടിക്കിടന്ന് ആശുപത്രി വളപ്പില്‍ കൂടി കടന്ന് പോകുന്ന കാണയിലെ ജലമൊഴുക്ക് നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. ആശുപത്രി വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കും സന്ധ്യകഴിഞ്ഞാല്‍ കൊതുകടി മൂലം ശരീരത്ത് തടിപ്പും ചൊറിച്ചിലും അനുഭപ്പെടുകയാണ്. പകല്‍ സമയങ്ങളിലും ഇവിടെ എത്തുന്ന രോഗികളുടെയും സന്ദര്‍ശകരുടെയും ഗതിയും ഇതുതന്നെ. ഇതിനെതിരെ ആശുപത്രി അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മനുഷ്യത്വരഹിതമായ നടപടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആശുപത്രിവളപ്പില്‍ മാലിന്യം കണ്ടാല്‍ ഉടന്‍ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് ഒരു മാസം മുമ്പ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ആശുപത്രി അതികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ വാക്കിന് പുല്ലുവില പോലും കല്‍പ്പിയ്ക്കാന്‍ ആശുപത്രി അധികാരികള്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.