ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സമനില കുരുക്കുകള്‍ ഒഴിയുന്നില്ല. ഗ്രൂപ്പ് സിയില്‍ ഹരിയാനയ്ക്കെതിരായ മത്സരത്തിലും സമനില വഴങ്ങി കേരളം. സ്കോര്‍: ഹരിയാന – 303, 315/3, കേരളം – 404/9 ഡിക്ല.
മികച്ച ഒന്നാമിന്നിങ്സ് ലീഡ് നേടി ജയപ്രതീക്ഷയുമായി അവസാന ദിവസം കളത്തിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍ നിതിന്‍ സെയ്നിയുടെ (152 നോട്ടൗട്ട്) പ്രകടനം വിലങ്ങുതടിയായി. രജത് പലിവാല്‍ (75), മോഹിത് ഹൂഡ (50 നോട്ടൗട്ട്) എന്നിവരും പിന്തുണ നല്കിയപ്പോള്, അവസാന ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 315 എന്ന നിലയില്‍ ഹരിയാന കളി അവസാനിപ്പിച്ചു. 272 പന്തില്‍ നിന്ന് 17 ഫോറുകളോടെ സെയ്നിയുടെ പ്രകടനം. ജലജ് സക്സേന രണ്ടും, ഇഖ്ബാല്‍ അബ്ദുള്ള ഒന്നും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യര്‍ കളിയിലെ താരം.
ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചപ്പോള്‍ ഹരിയാനയ്ക്ക് ഒരു പോയിന്റ്. ഗ്രൂപ്പില്‍ അഞ്ചു കളികളില്‍ 12 പോയിന്റുള്ള കേരളം അഞ്ചാമത്. 16 പോയിന്റുമായി ഹരിയാന മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: