ശബരിമലയില്‍ വിലക്കില്ല, വിവേചനവും

Wednesday 9 November 2016 1:54 pm IST

സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഒന്ന് പഴമയിലധിഷ്ഠിതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും, മറ്റൊന്ന് മതപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റം എന്ന ആക്ഷേപം (വിലക്കും വിവേചനവും). യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കായി ശബരിമലയില്‍ പ്രത്യേകമായ വിവേചനം അനുവര്‍ത്തിക്കുന്നില്ല, വിലക്കും നിലവിലില്ല. സ്വാമിദര്‍ശനം തേടി എത്തുന്ന ഭക്തജനങ്ങള്‍ക്കൊക്കെയും ശബരീശ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. ശബരിമലയില്‍ സ്ത്രീ പ്രവേശനമില്ല എന്നു പറയുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്, നിയന്ത്രണത്തോടെയുളള പ്രവേശനം എന്നു മാത്രം. നിയന്ത്രണത്തെ ലിംഗവിവേചനമായും, പുരുഷാധിപത്യമായും വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നേ പറയാനാവൂ. സര്‍വസംഗപരിത്യാഗിയായി പുണ്യാത്മാവായി ശബരിമലയില്‍ കുടികൊള്ളുന്ന സ്വാമി അയ്യപ്പന്‍ അദ്വൈതമൂര്‍ത്തിയായി കാഴ്ചയരുളുന്നുവെന്ന വിശ്വാസം കോടിക്കണക്കിന് ഭക്തജനങ്ങള്‍ തങ്ങളുടെ സാന്നിദ്ധ്യം മൂലം അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. ഭഗവദ് ദര്‍ശനം തേടി എത്തുന്ന ഓരോ ഭക്തനും സ്വയം ദേവസന്നിധിയില്‍ ആത്മസമര്‍പ്പണം ചെയ്യുന്നു, ആധ്യാത്മികമായ ആത്മസമര്‍പ്പണം! മലയാളക്കരയെ മഹനീയമാക്കിയ മതസൗഹാര്‍ദ്ദത്തിന്റെ വേദികൂടിയാണ് ശബരിമല. ഭാരതസംസ്‌കാരത്തിന്റെ തനിമയും മഹത്വവുമായി കരുതിപ്പോരുന്ന 'നാനാത്വത്തില്‍ ഏകത്വം' പ്രകടമായിരിക്കുന്ന ശബരിമലയെ ഏതെങ്കിലും വിധത്തില്‍ വിവേചനത്തിന്റെ വേദിയായി പരാമര്‍ശിക്കുന്നത് ശുഭോദര്‍ക്കമല്ല. 'അന്യത്വത്തിനോ അനാഥത്വത്തിനോ' സ്ഥാനമില്ലാത്ത ശബരിമല അന്യാദ്യശമായ ഒരു മാത്യകാ ദേവാലയമാണ്. വൈരുദ്ധ്യങ്ങളെ സമ്മേളിപ്പിച്ചും, സമന്വയിപ്പിച്ചും സമരസപ്പെടുത്തുന്ന രാസപ്രക്രിയ എന്നുതന്നെ പറയട്ടെ, ശബരിമലയുടെ മാത്രം സ്വന്തമാണ്. സ്ത്രീപ്രവേശനവാദത്തെ അനുകൂലിക്കുന്ന സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം, കേരളീയ സമൂഹം അന്നും ഇന്നും ആചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജനവിഭാഗമാണ്. ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വിഘ്‌നം നിത്യജീവിതത്തില്‍ ഇത്രത്തോളം അനുവര്‍ത്തിച്ചു പോരുന്നവരായി മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്.ഒരു കുഞ്ഞ് ജനിക്കുന്ന അവസരം മുതല്‍ ആരംഭിക്കുന്നു പ്രസ്തുത ആചാരങ്ങള്‍. പക്ഷേ അതില്‍ ചില ദോഷൈകദൃക്കുകള്‍ കുറ്റംകാണുന്നുവെന്ന കാര്യവും ശരിയാണ്. എന്നുവച്ച് അതിനെ ഒക്കെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സ്ത്രീകളുടെ ആര്‍ത്തവകാല ചിട്ടവട്ടങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നല്ലപോലെ സൂക്ഷിക്കേണ്ടകാലമാണെന്നു ആയൂര്‍വേദശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല അത് നിന്ദ്യമല്ല. പുതുജീവന് വളരാനിടം കൊടുക്കാനുളള പ്രകൃതിയുടെ മഹനീയ കൃത്യം കൂടിയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യശരീരം പുറംതളളുന്ന മാലിന്യമായിട്ടാണതിനെ പൊതുവേ വിവക്ഷിക്കുക പതിവ്. ആര്‍ത്തവകാലം ഒരിക്കലും നിന്ദ്യമല്ല. എന്നുവച്ച് അതിന് പ്രത്യേകതയൊന്നുമില്ല എന്നു ശഠിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ബാഹ്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ശരിയാണെന്നു പറയാനാവില്ല. കാരണം ആയുര്‍വേദം അനുശാസിക്കുന്ന അറിവുകള്‍ ഇതിനുപോദ്ബലകമാണ്. അവയൊക്കെയും മുറയാംവണ്ണം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകഴിഞ്ഞാല്‍, ഭൗതികേതരമായ വസ്തുതകള്‍ ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ശബരിമല പ്രവേശനത്തിന്റെ പേരില്‍ അവകാശവാദമുന്നയിക്കുകയല്ല, സോദ്ദേശ്യപരമായ കാഴ്ചപ്പാട് സ്വീകരിക്കുകയാണ് അഭികാമ്യം. ശബരിമല കാനനക്ഷേത്രമാണ്, പത്തിനും അന്‍പതിനുമിടക്കുളള സ്ത്രീകളെ മലകയറുന്നതില്‍ നിന്നും വിലക്കിയതിന് രണ്ടു കാരണങ്ങളാണുളളതെന്ന് മനസ്സിലാക്കുന്നു; ഒന്ന് ആചാരപരവും മറ്റൊന്ന് പ്രയോഗികതയും. കാനനമദ്ധ്യേയുളള ക്ഷേത്രം മറ്റു ക്ഷേത്രങ്ങളെപ്പോലെ അനായാസം കടന്നുചെല്ലാന്‍ പറ്റുന്ന പ്രദേശമല്ല. യാത്ര തികച്ചും സാഹസികമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല, ഇന്നും സുഗമമാണെന്നു പറയാനും സാധിക്കുകയില്ല. വ്രതത്തിന്റെ കാര്യമാലോചിച്ചാലും സ്ത്രീകള്‍ക്ക.ുളള നിയന്ത്രണം ആവശ്യമാണെന്നു മനസ്സിലാക്കാം. ശബരിമല യാത്രയ്ക്ക് പുറപ്പെടുന്ന ഭക്തന്മാര്‍ നാല്‍പത്തിയൊന്നു ദിവസത്തെ വ്രതം അനുഷ്ഠിക്കുക പതിവാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് തീര്‍ത്തും അസാദ്ധ്യമാണ്. ഇവര്‍ക്ക് മറ്റുള്ളവരെപോലെ വ്രതാനുഷ്ഠാനങ്ങളോടെ മുറപ്രകാരം ദേവദര്‍ശനം നടത്താന്‍ കഴിയില്ല. മാത്രമല്ല പൊതുവേ നോക്കിയാല്‍ മലയാളികള്‍ക്ക് ചില പ്രത്യേകതകള്‍ ഇന്നും നിലനില്‍ക്കുന്നതായി കാണാം. വൃത്തി, വെടിപ്പ്, ശുദ്ധി മുതലായവ അതില്‍പ്പെടുന്നു. ആര്‍ത്തവകാലത്ത് സ്ത്രീ കഴിവുളളിടത്തോളം പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല. ഒരു ക്ഷേത്രത്തിലും ദര്‍ശനത്തിനായി ചെല്ലുന്ന പതിവും അറിവിലില്ല. ആ നിലയ്ക്ക് ബ്രഹ്മചാരിയായും പരബ്രഹ്മമായും വിശ്വസിക്കപ്പെടുന്ന ശബരീശസന്നിധിയില്‍ ആര്‍ത്തവകാലത്ത് ഏതെങ്കിലും ഒരു സ്ത്രീ ശബരിമലയില്‍ ദര്‍ശനത്തിനായി ചെല്ലും എന്നു വിശ്വസിക്കാനാവില്ല. അതികഠിനമായ മലകയറ്റം നിമിത്തം അവര്‍ക്കുണ്ടാകാനിടയുളള ശാരീരികവും മാനസികവുമായ അവസ്ഥാവിശേഷം സഹോദരിമാര്‍ സ്വയം മനസ്സിലാക്കുമെന്നും ഈ സാഹസികതക്ക് മുതിരുകയില്ലാ എന്നും വിശ്വസിക്കുന്നു. ശബരിമല തീര്‍ത്ഥാടനം മറ്റു ക്ഷേത്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ആചാരങ്ങളും വ്രതാനുഷ്ഠാനങ്ങളും ചിട്ടവട്ടങ്ങളും വേഷവിതാനങ്ങളും സര്‍വ്വോപരി ജീവിതക്രമം പോലും ഈ അവസരത്തില്‍ ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം വിഭിന്നമാണ്. പുരുഷന്മാര്‍ തന്നെ കോടിക്കണക്കിന് എത്തുന്ന സന്നിധാനമാണ് ശബരിമല. ഇവിടെ അനിയന്ത്രിതമായി സ്ത്രീകള്‍കൂടി വന്നുപെട്ടാല്‍ ഉണ്ടാകാവുന്ന സ്ഥിതിവിശേഷം പ്രവചനാതീതമാണ്. വാസ്തവത്തില്‍ ശബരിമലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍കണ്ടുകൊണ്ടാകാം നമ്മുടെ മുന്‍ഗാമികള്‍ ഏര്‍പ്പെടുത്തിയതെന്ന് ചിന്തിച്ചു പോകുന്നു. മതം, ജാതി, സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ ഇവക്കെല്ലാം അതീതമായി എല്ലാ മനുഷ്യരേയും ജീവജാലങ്ങളെപ്പോലും ഈശ്വരന്റെ സാക്ഷാത്കാരങ്ങളായി പരിഗണിക്കുന്ന ദേവസ്ഥാനമാണ് ശബരിമല. ഇവിടെ നിയന്ത്രണങ്ങളെ നിരോധനമായി കണക്കാക്കുന്നത് ഒട്ടും ശരിയല്ല. മോക്ഷപ്രാപ്തി ലക്ഷ്യമാക്കിയുള്ള ജീവിത പ്രയാണത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്, ഗുണപ്രദമാണ് എന്ന് വിശ്വസിക്കുന്നു. (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് ലേഖകന്‍)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.