കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടത്-വലത് തര്‍ക്കം

Tuesday 8 November 2016 10:59 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഇടത് സംഘടനകള്‍ വിസിക്കെതിരെ രംഗത്ത്. ഏകപക്ഷീയമായി ഫാക്കല്‍റ്റികള്‍ പുനഃസംഘടിപ്പിച്ചു എന്നാരോപിച്ചാണ് ഇടത് അധ്യാപക സംഘടനകള്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. പഠന ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ മറവില്‍ ഫാക്കല്‍റ്റികള്‍ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ചത്, അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ചില്ല, അനര്‍ഹരായ ആളുകളെ ഉള്‍പ്പെടുത്തിയാണ് ഫാക്കല്‍റ്റികള്‍ രൂപീകരിച്ചത് തുടങ്ങിയ ആരോപണങ്ങളുമായാണ് ഇടത് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തിയതിനനുസരിച്ചാണ് ഫാക്കല്‍റ്റികള്‍ പുനഃസംഘടിപ്പിച്ചത് എന്നാണ് വിസിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2006 ല്‍ 95 ഫാക്കല്‍റ്റികള്‍ ഏകപക്ഷീയമായി പിരിച്ചുവിട്ടവര്‍ക്ക് നിലവില്‍ ഫാക്കല്‍റ്റികള്‍ പുനഃസംഘടിപ്പിച്ചതിനെ എതിര്‍ക്കാന്‍ അവകാശമില്ലെന്ന് ഇവര്‍ വാദിക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ഇടത് തന്ത്രമാണ് പുതിയ ആരോപണത്തിന് പിന്നിലെന്ന് സിന്‍ഡിക്കേറ്റിലെ യുഡിഎഫ് അനുകൂലികള്‍ പറയുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചതിനനുസരിച്ചാണ് വി സി പ്രവര്‍ത്തിച്ചത്. അയോഗ്യരെ ഉള്‍പ്പെടുത്തിയാണ് ഫാക്കല്‍റ്റി പുനഃസംഘടിപ്പിച്ചതെന്ന് പറയുന്ന ഇടത് സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പാനല്‍ നല്‍കിയതെന്തിനെന്ന് വ്യക്തമാക്കണം. ഫാക്കല്‍റ്റികളിലും പഠന ബോര്‍ഡുകളിലും ഉള്‍പ്പെട്ട ഇടത് അനുകൂലികള്‍ രാജിവെക്കണമെന്നും യുഡിഎഫ് വൃത്തങ്ങള്‍ ആവശ്യപ്പെടുന്നു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച ഫാക്കല്‍റ്റിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളതെന്ന് ഇവര്‍ വാദിക്കുന്നു. നിലവില്‍ ഒമ്പത് അംഗങ്ങളാണ് സിന്‍ഡിക്കേറ്റില്‍ യുഡിഎഫ് പക്ഷത്തുള്ളത്. എട്ടുപേര്‍ എല്‍ഡിഎഫ് പക്ഷത്തും. ഗവ. സെക്രട്ടറി തലത്തില്‍ സര്‍ക്കാര്‍ പുതുതായി നിശ്ചയിക്കുന്ന മൂന്ന് പേരുടെ പിന്‍ബലത്തില്‍ സിന്‍ഡിക്കേറ്റില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാമെന്നാണ് ഇടത് കണക്കുകൂട്ടല്‍. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിസിക്കെതിരെ കരുക്കള്‍ നീക്കാനാണ് ഇടത് നീക്കം. പഠന ബോര്‍ഡില്‍ തയ്യാറാക്കുന്ന പാഠ്യ പദ്ധതികള്‍ വിലയിരുത്താനുള്ള ഫാക്കല്‍റ്റികളില്‍ അയോഗ്യരായ ആളുകളെ നിശ്ചയിച്ചതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന സംശയത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനും ഗവര്‍ണറെ സമീപിക്കാനുമാണ് ഇടത് അധ്യാപക സംഘടനാ നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഫാക്കല്‍റ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സര്‍വകലാശാല വീണ്ടും ഇടത്-വലത് ബലാബലത്തിലേക്ക് നീങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.