രാമപുരം പഞ്ചായത്താഫീസ്‌ കുത്തിത്തുറന്ന്‌ മോഷണശ്രമം

Thursday 7 July 2011 11:36 pm IST

രാമപുരം: പഞ്ചായത്താഫീസില്‍ മോഷണശ്രമം. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ഓഫീസ്‌ തുറക്കാനെത്തിയ ജീവനക്കാരനാണ്‌ സംഭവം ആദ്യം അറിയുന്നത്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികാരികളെ പോലീസും എത്തി അന്വേഷണം ആരംഭിച്ചു. ഓഫീസിണ്റ്റെ മുന്‍വശത്തെ വാതിലിണ്റ്റെ പൂട്ട്‌ തല്ല്ത്തകര്‍ത്ത്‌ നിലയിലാണ്‌. ഓഫീസിലെ മുഴുവന്‍ മേശകളും അലമാരകളും തുറന്നു കിടക്കുകയാണ്‌. ഫയലുകള്‍ എല്ലാം വാരി വലിച്ചിട്ടനിലയിലാണ്‌ കിടന്നത്‌. മേശകളും അലമാരകളും പൂട്ടു കുത്തിപ്പൊളിച്ച്‌ തുറന്നു കിടക്കുകയായിരുന്നു. പണം മോഷണം പോയിട്ടില്ല എന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു. സംഭവമറിഞ്ഞ്‌ നാട്ടുകാരും ഓടിയെത്തി. ഉച്ചകഴിഞ്ഞെത്തിയ ഡോഗ്സ്ക്വാഡ്‌ പരിശോധനാസമയത്ത്‌ രണ്ടുപ്രാവശ്യവും ഓഫീസിനുമുന്നുലുടെ കടന്നുപോവുന്ന നീറന്താനം റൂട്ടിലൂടെ നൂറു മീറ്ററോളം ഓടി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. പണാപഹരണമല്ല ഇതിനു പിന്നിലെന്ന്‌ ഉറപ്പാണ്‌. വിലപ്പെട്ട ഫയലുകള്‍ ഇരിക്കുന്ന അലമാരകള്‍ എല്ലാം തുറന്നു കിടക്കുകയാണ്‌. ഓഫീസില്‍ നിന്നും ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. രാമപുരം പോലീസ്‌ ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു.