ഭീകരവാദികളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു: പി.കെ.കൃഷ്ണദാസ്‌

Wednesday 9 November 2016 11:33 am IST

മലപ്പുറം: ഭീകരവാദികള്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നത് സിപിഎമ്മാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മലപ്പുറത്ത് നടന്ന ഭീകരതക്കെതിരെ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവിരുദ്ധശക്തികളെ കൂട്ടുപിടിച്ചാണ് സിപിഎം അധികാരത്തിലേറിയത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയുടെ പരസ്യവും രഹസ്യവുമായ പിന്തുണ ഇന്നും സിപിഎമ്മിനുണ്ട്. അതുകൊണ്ടാണ് അവരുടെ ചെയ്തികളെ സിപിഎം ന്യായീകരിക്കുന്നത്. കനകമലയില്‍ നിന്നും അറസ്റ്റിലായ ഐഎസ് തീവ്രവാദികള്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ രംഗത്ത് വന്നു. അധികാരത്തിനായി ഐഎസിനെ വരെ സിപിഎം കൂട്ടുപിടിക്കുമെന്നതിന്റെ തെളിവാണിത്. ടി.കെ.ഹംസയെ ശാസിക്കാനോ തിരുത്താനോ പാര്‍ട്ടി തയ്യാറായില്ല. മലപ്പുറം കലക്ട്രേറ്റിലെ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. ദേശീയ ഏജന്‍സിക്ക് കൈമാറാതെ അന്വേഷണം സിപിഎം അട്ടിമറിക്കുകയാണ്. മലപ്പുറത്തെ കുരുതിക്കളമാക്കാന്‍ ആരെയും ബിജെപി അനുവദിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ദേശീയ കൗണ്‍സിലംഗങ്ങളായ പി.ടി.ആലിഹാജി, കെ.ജനചന്ദ്രന്‍, സംസ്ഥാന സമിതിയംഗം കെ.എന്‍.ബാദുഷാ തങ്ങള്‍, മേഖലാ സെക്രട്ടറി എം.പ്രേമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ്, ട്രഷറര്‍ എം.രാജീവ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.രതീഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അഡ്വ. സുചിത്ര മാട്ടട, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ സുനില്‍ബോസ്, സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.