ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങള്‍ ആരംഭിച്ചു

Wednesday 9 November 2016 7:32 pm IST

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 12ന് നടക്കും. പൊങ്കാലയുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന മഹോത്സവത്തിന് ക്ഷേത്ര പരിസര പ്രദേശങ്ങള്‍ കൂടാതെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കും. ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമാകയാല്‍ രണ്ടു ജില്ലകളിലും ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകള്‍ പ്രദേശമാകെ നിറഞ്ഞു കവിയുന്നതും വന്‍ ഭക്തജന പ്രവാഹവും അനിയന്ത്രിതമായ തിരക്കും ഉടലെടുക്കുന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഒരുക്കങ്ങള്‍ സജ്ജമാക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ ദേവീ കടാക്ഷത്തിനായി പൊങ്കാല അര്‍പ്പിക്കും. 12ന് പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, നിര്‍മാല്യദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ ഒന്‍പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പണ്ടാരഅടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിയിക്കും. മന്ത്രി മാത്യു ടി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നെള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. പൊങ്കാല നിവേദ്യത്തിനു ശേഷം ജീവത എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, കേരള മിനറല്‍സ് എംഡി കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ദ്ധസമിതി ചെയര്‍മാന്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും ചികിത്സയും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തരെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. പൊങ്കാല നടത്തിപ്പിന് വിവിധ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കും. ക്ഷേത്ര വളപ്പില്‍ പ്രത്യേക ക്യൂകോംപ്ലക്‌സ് ക്രമീകരിച്ചു. പന്ത്രണ്ടു നോയമ്പ് ഉത്സവം ഡിസംബര്‍ 16മുതല്‍ 27 വരെ നടക്കും. നാരീപൂജ ഡിസംബര്‍ 16ന് നടക്കും. ഡിസംബര്‍ 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും. അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, ഉത്സവ കമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്‍, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത് പിഷാരത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.