എല്ലാം ആപേക്ഷികം

Wednesday 9 November 2016 7:36 pm IST

സ്‌കൂളിലെ കുട്ടികള്‍ക്കായി ഇക്കൊല്ലം പുതിയ ഒരു വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ബിഗ് ഹിസ്റ്ററി' എന്നാണ് പേര്. ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നെന്നു കരുതപ്പെടുന്ന മഹാവിസ്‌ഫോടനത്തില്‍ തുടങ്ങി ഇന്നത്തെ ലോകസാഹചര്യങ്ങള്‍ അറിയുക വഴി നാളേക്കു വേണ്ട മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണെന്ന് ബോധ്യം വരുത്താനുള്ള ശ്രമം! പല വിജ്ഞാനശാഖകളിലൂടെയും, നിരവധി സമസ്യകളിലൂടെയും ആണ് ഈ പ്രൊജക്ട് വളരുന്നത്. ഓരോ യൂണിറ്റിനെയും അടിസ്ഥാനമാക്കി ചില പ്രവര്‍ത്തനങ്ങളും ഉണ്ട്. പ്രപഞ്ചത്തിന്റെ ജീവിതപ്പാതയെ (ഠശാല ഹശില) അടിസ്ഥാനമാക്കി തങ്ങള്‍ തിരഞ്ഞെടുത്തത് 'കോസ്മിക് കലണ്ടര്‍' ആണ്. വാനശാസ്ത്രജ്ഞന്‍ കാള്‍സാഗന്‍ വഴി പ്രശസ്തമായ ഒരു കലണ്ടര്‍ ആണ് ഇത്. സാധാരണ കലണ്ടര്‍ പോലെ പന്ത്രണ്ട് മാസങ്ങളാണ് കോസ്മിക് കലണ്ടറിലും. മഹാവിസ്‌ഫോടനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കംവരെ മാസങ്ങളിലൂടെയും ദിവസങ്ങളിലൂടെയും ഇതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഇതിന്‍പ്രകാരം മനുഷ്യന്‍ ഭൂമുഖത്ത് അവതരിച്ചത് ഡിസംബര്‍ 31 അര്‍ദ്ധരാത്രിക്ക് തൊട്ടുമുന്‍പ് മാത്രമാണ്. ഒരു സെക്കന്റ് സമം 438 വര്‍ഷം എന്നതാണ് തോത്. തങ്ങളുടെ ജീവിതപ്പാതയിലൂടെ വീണ്ടും വീണ്ടും പുറകോട്ടു സഞ്ചരിച്ചാല്‍ പ്രപഞ്ചാരംഭത്തിലെത്താം എന്ന ബോധ്യം കുട്ടികളെ ഉത്സാഹിതരാക്കി. ചില കലണ്ടര്‍ വിചാരങ്ങള്‍ എന്നിലും മുള പൊട്ടി. ഈയിടെ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന ചില പഴയ കലണ്ടറുകള്‍ കിട്ടി. വലിയ മലയാള അക്കങ്ങളാണ് അതില്‍. ചില ഭാഗങ്ങള്‍ ഇരട്ടവാലന്‍ തിന്നിരുന്നു. ദിവസക്കള്ളികളിലും കലണ്ടറിന്റെ വശങ്ങളിലും ഓരോന്ന് കുറിച്ചിടുന്ന ശീലം അദ്ദേഹത്തിനും ഉണ്ടായിരുന്നു. അമ്മയുടെ ചാത്തം, ഉത്സവങ്ങള്‍, പിറന്നാളുകള്‍, കണ്ടം പൂട്ടിച്ച കണക്കുകള്‍ എന്നിവ എഴുതിക്കണ്ടു. ചില നാലുവരി ശ്ലോകങ്ങളും കുറിച്ചിരിക്കുന്നു. പിങ്ക് നിറത്തില്‍ പൂക്കള്‍ വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതപ്പാതയിലൂടെ ചെറുതായൊന്ന് സഞ്ചരിക്കാനായി. പലയിടത്തും 'തേവരേ ആശ്ചര്യം' എന്ന് എഴുതിക്കണ്ടു. പണ്ട് ഒരു മഹാനുഭാവന്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഇത് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നത്രേ. ഈ രണ്ടു വാക്കുകളുടെ ധ്വനി അച്ഛനാണ് ബോധ്യപ്പെടുത്തിത്തന്നത്. സ്വന്തം ജീവിതത്തെ വിശകലനം ചെയ്യാന്‍ വേറൊരു ടൂളും ആ മഹാനുഭാവന് വേണ്ടിയിരുന്നില്ല. കാണുമ്പോഴും കേള്‍ക്കുമ്പോഴും അനുഭവിക്കുമ്പോഴും ഈ പ്രാര്‍ത്ഥനതന്നെ ആയിരുന്നു അദ്ദേഹത്തിന്. മുത്തച്ഛന്റെ ജീവിതപ്പാതയില്‍ വിശ്രമവേളകള്‍ ധാരാളം ഉണ്ടായിരുന്നോ എന്നറിയില്ല. ചില കലണ്ടര്‍ മാസങ്ങളില്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. ചിലപ്പോള്‍ തിരക്കായിരിക്കാം, അസുഖമായിരിക്കാം. മടി ഒരു കൂടപ്പിറപ്പാണെന്ന് കവിതയിലൂടെ ആവിഷ്‌കരിച്ചിട്ടുമുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. കോസ്മിക്ക് കലണ്ടറിലും പ്രത്യേകിച്ച് ഒന്നും രേഖപ്പെടുത്താത്ത മാസങ്ങളുണ്ട്. എങ്കിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. പ്രപഞ്ചവികാസം തുടര്‍ന്നു. ഈ കലണ്ടര്‍ ചിട്ടപ്പെടുത്താന്‍ എത്ര ദിവസത്തെ ശ്രമം വേണ്ടിവന്നു എന്നത് കാള്‍ സാഗന്റെ 'ജീവിതപ്പാത' വായിച്ചാല്‍ അറിയാം. അച്ഛനും കലണ്ടര്‍ കുറിപ്പുകള്‍ തുടര്‍ന്നു. ഇന്ന് ഓരോ ദിവസത്തിലും ഒരുപാട് സംഗതികള്‍ നടക്കുന്നു. ജീവിതത്തിന്റെ ആക്കം വര്‍ധിച്ചിരിക്കുന്നു. കുറെ സംഗതികളും, നമ്പറുകളും കലണ്ടറുകളില്‍ കാണാം. പലതും കണ്ട് അച്ഛനും 'തേവരേ ആശ്ചര്യം' എന്ന ഇടക്ക് പറയാറുണ്ട്. അക്കമിട്ട കള്ളികളില്‍ സ്ഥലം തികയാതെ പുറപ്പെടുന്ന ഒരുപാട് വരകള്‍ വളഞ്ഞും പുളഞ്ഞും സഞ്ചരിച്ച് അച്ഛന് മാത്രം വായിക്കാന്‍ സാധിക്കുന്ന ചെറുകുറിപ്പുകളില്‍ അവസാനിക്കുന്നതു കാണാം. കാട്ടാളന്റെയും അര്‍ജ്ജുനന്റെയും അമ്പുകള്‍ ഒരേസമയം തറക്കപ്പെട്ട വരാഹംപോലെ അക്കങ്ങള്‍ ഞെരുങ്ങിക്കിടക്കുന്ന പോലെ. ചില കലണ്ടറുകളില്‍ അക്കങ്ങള്‍ക്ക് ചുറ്റും കള്ളിയില്ല. വളരെ സ്വതന്ത്രമായ അസ്തിത്വമാണോ അവക്ക്. ഇപ്പോള്‍ എത്ര വേഗമാണ് കലണ്ടറുകള്‍ മാറ്റേണ്ടിവരുന്നത്. മൊബൈലില്‍ ഉള്ള കലണ്ടര്‍ ആപ്പുകളില്‍ ഓരോ മണിക്കൂറിലും സംഭവങ്ങളും രേഖപ്പെടുത്താം. നാളും പക്കവും മലയാള മാസങ്ങളും ചൊല്ലി പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത്തെ നാള്‍ ഏതാണെന്ന് ചോദിച്ചാല്‍ അറിയില്ല എന്ന് പറയേണ്ടിവരുന്നു. അദ്ധ്യാപനത്തിനായി അല്‍പ്പം ദൂരെ പോകേണ്ടി വന്ന അച്ഛന്‍ ഒരു കലണ്ടര്‍ തന്നിരുന്നു. അലഞ്ഞു തിരിയുന്നതിനിടെ (അലഞ്ഞുതിരിഞ്ഞാണ് മനുഷ്യന്‍ ജീവിതമാരംഭിച്ചത്. നമ്മള്‍ ഇപ്പോഴും അലഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന് കാള്‍സാഗന്‍) അത് കൈമോശം വന്നു.... സ്ഥല-കാലത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാതെ, ജീവിതപ്പാതയില്‍ പലതും കണ്ടമ്പരന്ന് ഞാനും അറിയാതെ പറഞ്ഞുപോകുന്നു, തേവരേ ആശ്ചര്യം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.