ബസിണ്റ്റെ മത്സര ഓട്ടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌

Thursday 7 July 2011 11:38 pm IST

കോട്ടയം: ബസ്‌ ബൈക്കിനു പുറകിലിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌. ഇന്നലെ രാവിലെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിനടുത്തുവച്ചായിരുന്നു സംഭവം. കോട്ടയം നാഗമ്പടം സ്റ്റാന്‍ഡിലേക്ക്‌ അമിത വേഗതയില്‍ വന്ന ബസ്‌ ഇടതു വശം ചേര്‍ന്നു പോയ ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥികള്‍ രണ്ടുപേരും ബൈക്കില്‍ നിന്നും റോഡിലേക്ക്‌ തെറിച്ചു വീണതിനാല്‍ നിര്‍ത്താതെ പോയ ബസ്‌ ഏതെന്ന്‌ തരിച്ചറിയാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികളുടെ സഹായത്തിനായി നെഹ്‌റുസ്റ്റേഡിയത്തില്‍ ടൂര്‍ണമെണ്റ്റിനായി വന്നവരാണ്‌ എത്തിയത്‌. പല ഓട്ടോക്കും കൈ കാണിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍മാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥികളുടെ അവസ്ഥ കണ്ട്‌ ഒരു ഓട്ടോഡ്രൈവര്‍ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുമരകം സ്വദേശികളായ വിഷ്ണു(൨൧), അപ്പു(൧൮) എന്നിവര്‍ക്കാണ്‌ പരിക്ക്‌ പറ്റിയത്‌. ജില്ലാ ആശുപത്രയില്‍ ചികിത്സ തേടിയെത്തിയ ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.