നെല്ലു സംഭരിച്ചില്ല; കര്‍ഷകര്‍ കൃഷിഭവന്‍ ഉപരോധിച്ചു

Wednesday 9 November 2016 9:06 pm IST

പുറക്കാട്: കൊയ്തിട്ട നെല്ല് സംഭരിച്ചില്ല. കര്‍ഷകര്‍ പുറക്കാട് കൃഷിഭവന്‍ ഉപരോധിച്ചു. പുറക്കാട് ഗ്രേഡിങ് ബ്ലോക്ക് പാടശേഖരണത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം കര്‍ഷകരാണ് ഇന്നലെ രാവിലെ പുറക്കാട് കൃഷിഭവനു മുന്നില്‍ ഉപരോധം തീര്‍ത്തത്. കരിനില മേഖലയിലെ നെല്ലു സംഭരണത്തിന് പത്തുകിലോ വരെ കിഴിവ് നല്‍കാമെന്ന് ഒരാഴ്ചമുമ്പ് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ഗ്രേഡിങ് ബ്ലോക്ക് പാടശേഖരത്ത് കഴിഞ്ഞ ദിവസമെത്തിയ മില്ലുടമകള്‍ മുപ്പതു കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ തയ്യാറല്ലെന്ന് കര്‍ഷകര്‍ അറിയിച്ചതോടെ നെല്ലെടുക്കാതെ ഇവര്‍ മടങ്ങുകയായിരുന്നു. മഴ കനത്താല്‍ പാടശേഖരത്ത് കൊയ്തിട്ടിരിക്കുന്ന അമ്പതുലോഡ് നെല്ല് നശിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ കര്‍ഷകര്‍ ഉപരോധസമരം നടത്തിയത്. തുടര്‍ന്ന് പോലീസെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തി. സംഭവ സ്ഥലത്ത് പാഡി ഓഫീസറും എത്തണമെന്നതായിരുന്നു സമരക്കാരും ആവശ്യം. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കൃഷി ആഫീസറോ പാഡി ഓഫീസറോ എത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് എസ്‌ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് 21 കിലോ കിഴിവില്‍ നെല്ലെടുക്കാന്‍ കര്‍ഷകരെ സമ്മതിപ്പിച്ചതോടെ സമരം പിന്‍വലിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.