കൊച്ചി: എം.കെ. സാനുവിന് നവതി നിറവില്‍ കോഴിക്കോട് നഗരത്തിന്റെ പ്രണാമം. സാനു ഫൗണ്ടേഷനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മലയാളം വകുപ്പിലെ ഗവേഷണ ബിരുദാനന്തര ബിരുദ വിഭാഗവും ചേര്‍ന്ന് ഏകോപിപ്പിക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ സാനുവിന് നവതി ആദരമര്‍പ്പിക്കും. കവി എസ്. രമേശന് ഗുരുപ്രണാമം നടത്തും.
കോളേജ് ഓഡിറ്റോറിയത്തില്‍ 14ന് രാവിലെ 10.30നാരംഭിക്കുന്ന ചടങ്ങില്‍ ഡോ. ഗോഡ്വിന് സാമ്രാജ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ആശംസകള്‍ നേരും. സി.ജെ. തോമസിന്റെ 99-ാം ജന്മവാര്‍ഷികം തുടര്‍ന്ന് ആചരിക്കും..
രണ്ട് മണിക്ക് ‘ഒരു സിജെ വിചാരണ’ സെമിനാര്‍ സാനു ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. ഡോ.എം.എം. ബഷീര്‍, എം. തോമസ് മാത്യു, ടി.എം. ഏബ്രഹാം, എസ്. എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. സി.കെ. തോമസ് മോഡറേറ്ററായിരിക്കും.
‘ഇരുട്ടുകീറുന്ന വജ്രസൂചി’ പ്രകാശനം
കൊച്ചി: എം.കെ. സാനു രചിച്ച സി.ജെ. തോമസ് ഇരുട്ടുകീറുന്ന വജ്രസൂചി എന്ന ജീവചരിത്ര ഗ്രന്ഥം സിജെയുടെ 99-ാം ജന്മദിനമായ 14ന് പ്രകാശനം ചെയ്യും. രാവിലെ 10.30 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആദ്യപ്രതി സിജെയുടെ പുത്രി ബീന എംസണു എം.ടി. വാസുദേവന്‍ നായര്‍ നല്‍കും.
സിജെയുടെ ജന്മശതാബ്ദിക്ക് മുന്നോടിയായി എം.കെ. സാനു ഫൗണ്ടേഷന് ഏകോപിപ്പിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധപ്പെടുത്തുന്ന 25 ഗ്രന്ഥങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഈ ഗ്രന്ഥം.
സി.ജെ. തോമസും സി.ജെ. തോമസും എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന് അനീസ് ബഷീറിനും ആ മനുഷ്യന് നീ തന്നെ: ഒരു പുനര്‍വായന സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസിനും അവന് വീണ്ടും വരുന്നു: ഒരു പുനര്‍ വായന വിജോയ് സക്റിയായ്ക്കും 1128 ല്‍ ക്രൈം 27: ഒരു പുനര്‍വായന പ്രൊഫ. പി.വി. ഉണ്ണികൃഷ്ണനും നല്കി പ്രകാശിപ്പിക്കും. സിജെയുടെ ഇവന് എന്റെ പ്രിയ പുത്രന് പതിപ്പ് സിജെയുടെ പൗത്രിക്ക് നല്കി പ്രകാശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: