ഏറ്റുമാനൂര്‍ ഐടിഐയില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം

Wednesday 9 November 2016 10:20 pm IST

ഏറ്റുമാനൂര്‍: ഐടിഐയില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ ആക്രമണം. പുറത്തുനിന്ന് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐക്കാരാണ് എവിബിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തിന് ശേഷം പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയ രോഹിത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഇവര്‍ കൂട്ടം ചേര്‍ന്ന് അക്രമിച്ചു. അക്രമത്തില്‍ രോഹിതിന് സാരമായി പരുക്കേറ്റു. കാര്യാലയത്തില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് എബിവി പി പ്രവര്‍ത്തകര്‍ക്കുനേരെ വധഭീഷണി മുഴക്കിയ സംഘം അസഭ്യവര്‍ഷം നടത്തി. അറുപതോളം വരുന്ന സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാരകായുധങ്ങളുമായി ഇവര്‍ നടത്തിയ കൊലവിളിയില്‍ പരിസരവാസികള്‍ പരിഭ്രമിച്ചു. പ്രകടനത്തിന് അകമ്പടിയായി വന്ന പോലീസ് സംഘം നോക്കിനില്‍ക്കെയാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ അ ക്രമം നടത്തിയ പ്രകടനക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് തയ്യാറായില്ല. എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അനന്തു, സെക്രട്ടറി അരുണ്‍, രാഹുല്‍ രമണന്‍, ഐടിഐ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി നിത്യസുനില്‍, ദിവ്യ, സുരേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എബിവി പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യാലയം ആക്രമിച്ചതും. ഏകദേശം രണ്ടു മാസം മുമ്പും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചിരുന്നു. ആക്രമണത്തിനെതിരെ ഏറ്റുമാനൂര്‍ താലൂക്ക് കാര്യവാഹ് പി.ആര്‍. രവികുമാര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. എസ്എഫ്‌ഐക്കാര്‍ എബിവിപിക്കാരെ മര്‍ദ്ദിച്ചതിലും ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചതിലും സംഘപരിവാര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഏബിവിപി വിദ്യാര്‍ത്ഥികളെ തുടര്‍ച്ചായി വേട്ടയാടുന്ന എസ്എഫ്‌ഐക്കാരായ അനന്തു, രാഹുല്‍ രമണന്‍, മെല്‍ബിന്‍, അരുണ്‍, സുരേഷ് രാജ് എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കേസെടുക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. കാര്യാലയം ആക്രമിച്ചവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പോലീസ് നിഷ്‌ക്രിയത്വത്തെ യോഗം അപലപിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഏറ്റുമാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയോട് പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കളായ എം ആര്‍. അജിത്കുമാര്‍, ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, അനീഷ് വി നാഥ്, ജയപ്രകാശ്, റെജിന്‍ രാജ്, അനീഷ് മോഹന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.