റിപ്പബ്ലിക്കന്‍

Wednesday 9 November 2016 10:49 pm IST

''ഹിലരി ക്ലിന്റന്‍ എന്നെയിപ്പോള്‍ ഫോണില്‍ വിളിച്ചതേയുള്ളൂ. അവര്‍ ഞങ്ങളെ അഭിനന്ദിക്കുകയുണ്ടായി. ഹിലരിയെയും കുടുംബത്തെയും ഞാന്‍ അഭിനന്ദിക്കുന്നു; വളരെ വളരെ കഠിനമായ ഒരു മത്‌സരം തന്നതിന്.'' ഡൊണാള്‍ഡ് ട്രംപിന്റെ ഈ വാക്കുകളില്‍ മധുരമായ പ്രതികാരം പ്രതിധ്വനിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഈജിപ്ഷ്യന്‍ പ്ലേഗിനെപ്പോലെ വെറുക്കപ്പെടേണ്ടവനെന്ന് ഹിലരിയും അവരുടെ പാര്‍ട്ടിക്കാരായ ഡമോക്രാറ്റുകളും അധിക്ഷേപിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡിന് വിജയിക്കേണ്ടത് വ്യക്തിപരമായ അഭിമാനത്തിന്റെകൂടി പ്രശ്‌നമായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ഏറ്റവും അവിശ്വസനീയമായ വിജയമാണ് നാല്‍പത്തിയഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ട്രംപ് നേടിയിരിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം തൊട്ടുതെറിക്കാത്ത ഈ ബിസിസനുകാരന്റെ വരവ് അമേരിക്കന്‍ ജനതയ്ക്കും ലോകത്തിനും ഒരേസമയം പ്രതീക്ഷയും മുന്നറിയിപ്പുമായിരുന്നു. എട്ടുവര്‍ഷം നീണ്ട ഡമോക്രാറ്റുകളുടെ ഭരണത്തെ കടിച്ചുകുടഞ്ഞ ട്രംപിന് മുന്നില്‍ ഹിലരിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനെത്തിയ പ്രസിഡന്റ് ബരാക് ഒബാമ പോലും സഹതാപമര്‍ഹിക്കുന്ന ജീവിയായി. ഇതുവരെ എന്തെങ്കിലും ഔദ്യോഗിക പദവികള്‍ വഹിക്കുകയോ സൈനികസേവനമനുഷ്ഠിക്കുകയോ ചെയ്യാതെ പ്രസിഡന്റാവുന്ന ആദ്യ അമേരിക്കക്കാരന്‍ എന്ന ബഹുമതി ട്രംപിന് അവകാശപ്പെട്ടതാണ്. പ്രസിഡന്റ്പദവി തേടിയെത്തുന്ന ഏറ്റവും പ്രായംചെന്നയാളുമാണ് എഴുപതുകാരനായ ട്രംപ്. വിജയിച്ചതിന്റെയും വിജയിക്കാന്‍ പോകുന്നതിന്റെയും കഥകള്‍ പറഞ്ഞാണ് ട്രംപ് ബഹുഭൂരിപക്ഷം അമേരിക്കക്കാരെയും കയ്യിലെടുത്തത്. എന്നും സുന്ദരിമാരുടെ ഇഷ്ടക്കാരന്‍. മൂന്ന് വിവാഹം. ഇപ്പോഴത്തെ ഭാര്യ മുന്‍ മോഡല്‍ മെലേനിയ. തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം മഹത്തായ കാര്യങ്ങളെന്ന് കരുതുന്ന ട്രംപ് വിജയം കൂടപ്പിറപ്പാണെന്നും വിശ്വസിക്കുന്നു. താന്‍ നികുതിവെട്ടിപ്പുകാരനും സ്ത്രീലമ്പടനും മറ്റുമാണെന്ന എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് ട്രംപ് ചെവികൊടുത്തതേയില്ല. അതേസസമയം ഹിലരി അമേരിക്കയുടെ സുരക്ഷയെ അപകടത്തിലാക്കിയവളാണെന്ന ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനാവാതെ ഡമോക്രാറ്റുകള്‍ വലഞ്ഞു. പ്രചാരണവേളയില്‍ ട്രംപ് നടത്തിയ ചൂടന്‍ പ്രസംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കപ്പുറം ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിച്ചു. സമ്പാദിച്ചുകൂട്ടിയ സ്വത്തിനെയും ബുദ്ധിശക്തിയെയും സ്വയം പ്രകീര്‍ത്തിച്ച ട്രംപ് വലിയൊരു വിഭാഗം അമേരിക്കക്കാരില്‍ അളവില്ലാത്ത ആത്മവിശ്വാസം സൃഷ്ടിച്ചത് സ്വാഭാവികം. പ്രചാരണത്തിലുടനീളം മകന്‍ എറിക്, മകള്‍ ഇവാങ്ക, ഭര്‍ത്താവ് ജറേഡ് കുഷ്‌നെര്‍ എന്നിവര്‍ ട്രംപിനൊപ്പം പ്രത്യക്ഷപ്പെട്ടത് പ്രതിച്ഛായ വര്‍ധിപ്പിച്ചു. 1946 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ട്രംപ്, ഫ്രെഡ് ട്രംപിന്റെ അഞ്ച് മക്കളില്‍ നാലാമനായിരുന്നു. വലിയൊരു ഭൂവുടമയും കരാറുകാരനുമായിരുന്ന ഫ്രെഡ് മകനില്‍ ആരെയും തോല്‍പ്പിക്കാനുള്ള മത്‌സരബുദ്ധി വളര്‍ത്തിയെടുത്തു. അച്ചടക്കം വളര്‍ത്താന്‍ ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ അയച്ചെങ്കിലും സൈനികസേവനം ട്രംപിന് അന്യമായിരുന്നു. ഒറ്റയാള്‍ പട്ടാളമായി വിജയങ്ങള്‍ വെട്ടിപ്പിടിച്ച ട്രംപില്‍ എല്ലാംതികഞ്ഞ ഒരു രാഷ്ട്രീയക്കാരനുണ്ടെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലം തെളിയിച്ചു. അമേരിക്കയിലെ 156-ാമത്തെ സമ്പന്നനായ ഈ രാഷ്ട്രീയക്കാരന്‍ പ്രസിഡന്റ്പദവിയിലിരുന്ന് എന്തൊക്കെയാണ് ചെയ്യുക എന്നറിയാന്‍ ലോകം ആകാംക്ഷ കൊള്ളുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.