മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: തുക ലഭ്യമാക്കും

Thursday 10 November 2016 3:31 pm IST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് വീണ്ടും ഉറപ്പ് ! ഇന്നലെ നടന്ന നിയമസഭാ ചര്‍ച്ചയില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ എ പ്രദീപ്കുമാര്‍ വിഷയം സബ്മിഷനായി ഉന്നയിച്ചു കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയിലെ ഒരു പ്രധാനപ്പെട്ട കോറിഡോറാണ് 8.212 കി.മീ ദൈര്‍ഘ്യമുള്ള മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡെന്നും കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന 6 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ യുഎല്‍സിസിഎസ് കാലിക്കറ്റ് സിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടപ്പാക്കി വരികയാണെന്നുമാണ് ലഭിച്ച മറുപടി. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതുകൊണ്ട് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 7.3632 ഹെക്ടര്‍ ഭൂമി റോഡ് വികസനത്തിനായി ഏറ്റെടുക്കണം. ഭൂമിയുടെ നഷ്ടപരിഹാരത്തുകയായി ഏകദേശം 344.50 കോടി രൂപ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി മറുപടി പറഞ്ഞു. ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ധനകാര്യ വകുപ്പിന്റെ അനുമതിയോട്കൂടി ഇതിനാവശ്യമായ തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും (കിഫ്ബി തന്നെ) ഫണ്ട് ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നുമാണ് എംഎല്‍എ ക്ക് ലഭിച്ച മറുപടി. ഇതേ എംഎല്‍എയും മന്ത്രി തോ മസ് ഐസക്കുമാണ് ആദ്യകിഫ്ബി യോഗത്തില്‍ തന്നെ റോഡിന്റെ കാര്യം തീരുമാനമാവുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോട് പറഞ്ഞത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നറിഞ്ഞതോടെയുള്ള ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാണ് വീണ്ടും ഉറപ്പുമായി സ ര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.