ഭയം

Thursday 10 November 2016 8:35 pm IST

  ''മരണഭയമകതളിരിലില്ലയാതെ ഭുവി മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണയം.'' എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്. എല്ലാ ജന്തുക്കളിലുമുള്ളതാണ് ഭയം എന്ന വികാരം. എല്ലായപ്പോഴും പ്രകടമാവുന്നില്ലെങ്കിലും എപ്പോഴും തീവ്രമായുള്ളതു മരണഭയം തന്നെ. മരണം കൂടെയുണ്ടെന്നതുപോലെ മരണഭയവുമുണ്ട്. ഈ ഭൂമിയില്‍ നാം ഭയക്കാത്തതായി ഒന്നുംതന്നെയില്ല. ഭോഗേരോഗഭയം കുലേച്യുതി ഭയം വിത്തേ നൃപാലാത്ഭയം മാനേ ദൈന്യഭയം ഗുണേ ഖലഭയം രൂപേജരയാഭയം ശാസ്‌ത്രേവാദിഭയം ബലേരിപുഭയം കായേ കൃതാന്താത്ഭയം സര്‍വംവസ്തുഭയാന്വിതം ഭുവിനൃണാം വൈരാഗ്യമേ വാഭയം ഭോഗങ്ങളില്‍ ഒരിക്കലും തൃപ്തിവരാത്തതാണ് മനുഷ്യമനസ്സ്. അനുഭവിക്കുന്തോറും ആര്‍ത്തികൂടിക്കൂടിവരും. അതിനനുസരണമായി പരിധിവിട്ടനുഭവിക്കും. എന്നിട്ട്, രോഗങ്ങള്‍ പിടിപെടുമോയെന്ന് ഭയപ്പെടും. കുലത്തിന്റെ അപമാനത്തെപ്പറ്റിയുള്ള ഭയത്തിനുള്ള തെളിവാണ് കോട്ടയത്തു തമ്പുരാന്റെ കഥ. കോട്ടയത്തു രാജവംശത്തിലെ ഒരേയൊരാണ്‍തരി 16 വയസുള്ള ഇളമുറ തമ്പുരാനായിരുന്നു. അദ്ദേഹം മൂഢനും മന്ദബുദ്ധിയുമെല്ലാമായിരുന്നു. കോഴിക്കോട്ട് സാമൂതിരി തമ്പുരാന്‍ തീപ്പെട്ടപ്പോള്‍ അടിയന്തരമന്വേഷിച്ചു പോകുവാന്‍ മറ്റൊരാളുണ്ടായിരുന്നില്ല. അവിടെ ചെന്നാല്‍ 'മയാ കിം കര്‍ത്തവ്യം' എന്നു ചോദിക്കണമെന്ന് പല ദിവസങ്ങളിലായി പറഞ്ഞുപഠിപ്പിച്ചു. അദ്ദേഹം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചതു മുതല്‍ രാജ്ഞിയുടെ മനസ്സ് ഭയാക്രാന്തമായി. മകനവിടെ ചെന്ന് എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് കുലത്തിന് നാണക്കേടുണ്ടാക്കുമോയെന്ന ഭയം. ഭയന്നതുതന്നെ സംഭവിക്കുകയും ചെയ്തു. സാമൂതിരി കൊട്ടാരത്തില്‍ എത്തിയ അദ്ദേഹം പഠിപ്പിച്ചതു മറന്ന് 'മയ കിം കര്‍ത്തവ്യം' എന്നു ചോദിച്ചു. അവിടെനിന്ന് കിട്ടിയത് പരിഹാസത്തില്‍ പൊതിഞ്ഞ മറുപടിയായിരുന്നു. എത്ര കിട്ടിയാലും മനുഷ്യന് സമ്പത്തിനോടുള്ള ആര്‍ത്തി അവസാനിക്കുന്നില്ല. പരിധിയില്‍ കവിഞ്ഞുള്ളതിന് ഭരണകൂടത്തോട് സമാധാനം പറയേണ്ടിവരുമെന്നത് ഇക്കൂട്ടരുടെ നിത്യഭയമാണ്. എന്നാലും മതിയെന്ന് തോന്നുകയുമില്ല. ആദായനികുതി-വില്‍പ്പന നികുതി ഉദ്യോഗസ്ഥരോടുള്ള ഭയം വ്യാപാരി-വ്യവസായികളെ വിട്ടൊഴിയുകില്ല. അതിന് പുറമെയാണ് കള്ളന്മാരോടുള്ള ഭയം. ഗുണവാന്മാരുടെ നിത്യഭയമാണ് ദുഷ്ടന്മാര്‍. മദ്യത്തിനും മയക്കുമരുന്നിനുമടിമപ്പെട്ടവര്‍ക്ക് സദാചാരമോ വിവേകമോ ഉണ്ടായിരിക്കുകയില്ല. അവരെ കാണുന്നതുപോലും മനസ്സില്‍ ഭയം ജനിപ്പിക്കും. എന്നാല്‍ സുഖബോധമില്ലാത്ത ഇവര്‍ ആരെയും ഒന്നിനെയും പേടിക്കുകയുമില്ല. ആര്‍ഷഭാരതത്തിലെ ഋഷിമാര്‍ ഒരേയൊരു കൂട്ടരെയേ ഭയന്നിട്ടുള്ളൂ; അസുരന്മാരെ. ആശ്രമ വാടങ്ങളെ ആക്രമിക്കുക, ഹോമകുണ്ഡങ്ങളെ അശുദ്ധമാക്കുക എന്നിവയെല്ലാം അവരുടെ വിനോദമായിരുന്നു. അസുരന് കൊമ്പും ദംഷ്ട്രകളും വേണമെന്നില്ല. മനുഷ്യത്വമില്ലാത്ത മനസ്സിനുടമകള്‍, ഏതു ക്രൂരപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്തവര്‍ എല്ലാം അസുരന്മാരാണ്. നമ്മുടെ ഇടയില്‍തന്നെ ഇക്കൂട്ടരുണ്ട്, സമൂഹം അവരെ ഭയക്കുകയും ചെയ്യുന്നു. അവശതകളുടെയും ആകുലതകളുടെയും കാലമാണ് വാര്‍ദ്ധക്യം. ജരാനരകള്‍ ബാധിച്ച് ശരീരത്തിന്റെ ശേഷിയും സൗകുമാര്യവും നഷ്ടപ്പെടും. സമൂഹത്തില്‍ അംഗീകാരം നഷ്ടപ്പെടും, ഒറ്റപ്പെടും. ഇതിന് മകുടംചൂടി നില്‍ക്കും മരണഭയം. ശക്തനായ ശത്രുവിനെ ഭയപ്പെടാത്തവരായി ആരും ഉണ്ടായിരിക്കുകയില്ല. ഏതു രംഗത്തും പുരുഷനൊപ്പം നില്‍ക്കുവാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍. എന്നാല്‍ ശരാരീരിക ബലത്തിന്റെ കാര്യത്തില്‍ അവള്‍ അബലയാണ്. അസുരന്മാര്‍ വിലസുന്ന സമൂഹത്തില്‍ ജീവിക്കുന്ന അവളുടെ മനസ്സില്‍ ഭയം സ്ഥിരതാമസമാണ്. എന്തിനെയും ലാഘവത്തോടെ നേരിടുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അരകല്ലിനു കാറ്റുപിടിച്ചപോലെയെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന പ്രതികരണത്തിനുടമ. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ആസ്പത്രിയിലായി. സന്ദര്‍ശകനായി ഞാന്‍ ചെന്നു. തമ്മില്‍ കണ്ടതും അദ്ദേഹം വലിയ വായില്‍ കരഞ്ഞു. 'ചങ്കുപൊട്ടി കരയുക' എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അന്നാദ്യമായി ഞാന്‍ കണ്ടു. ഹൃദയാഘാതത്തിന് ചികിത്സയിലിരിക്കുന്ന ആള്‍ ഇങ്ങനെ കരഞ്ഞാല്‍.... ഭയം കൊണ്ട് ഞാന്‍ അസ്തപ്രജ്ഞനായി. വരേണ്ടായിരുന്നു എന്നുതോന്നി. എന്തായിരുന്നു ആ കരച്ചിലിന് കാരണം? ഭയം തന്നെ, മരണഭയം. ശരീരത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. ബയോപ്‌സിക്കയയ്ക്കണമെന്നു പറഞ്ഞപ്പോള്‍ തുടങ്ങി ഭയം. അതുമാറിയത് പരിശോധനാ പലം അറിഞ്ഞതിനുശേഷമാണ്. രാത്രിയില്‍ പുറത്തിറങ്ങി നടക്കുവാന്‍ മാത്രമല്ല ഒറ്റക്കിരിക്കുവാനും ഭയം; ഇരുട്ടിനോടുള്ള ഭയം. പെണ്‍മക്കള്‍ പ്രായമായാല്‍ മാതാപിതാക്കള്‍ക്കു ഭയം തുടങ്ങും. വിവാഹം കഴിച്ചയയ്ക്കുന്നതോടെ വേറൊരു ഭയം തുടങ്ങും. ഭര്‍ത്തൃവീട്ടില്‍ മകളുടെ അനുഭവമെന്തായിരിക്കുമെന്ന ഭയം. ആറുമാസത്തിനുള്ളില്‍, വിവാഹിതയായ മകള്‍ ഗര്‍ഭിണിയായില്ലെങ്കില്‍ അമ്മയ്ക്ക് ഭയം തുടങ്ങും. വഴിപാടുകളും പ്രാര്‍ത്ഥനയും മുടങ്ങാതെ നടത്തും. ഗര്‍ഭിണി ആയാല്‍ പ്രസവിക്കുന്നതുവരെ ഭയം, ഗര്‍ഭിണിക്കും അച്ഛനമ്മമാര്‍ക്കും. ഭര്‍ത്താവിന് രോഗം വന്നാല്‍ ഭാര്യയ്ക്ക് ഭയം, ഭാര്യയ്ക്ക് സുഖം വന്നാല്‍ ഭര്‍ത്താവിന് ഭയം. ഒരാളില്ലാതായാല്‍ താങ്ങു നഷ്ടപ്പെട്ട ഇണ തുണയില്ലാതാവുമല്ലോ എന്ന ഭയം. കൊച്ചുകുട്ടികള്‍ ഓടിയാല്‍ അച്ഛനമ്മമാര്‍ പുറകേ ഓടും, കാരണം, കുഞ്ഞുവീണങ്കിലോ എന്ന ഭയം. ഉയരത്തെ ഭയം. താഴ്മയെ ഭയം. വള്ളത്തിലും വിമാനത്തിലും കയറുവാന്‍ ഭയം. ലിഫ്റ്റില്‍ കയറുവാന്‍ ഭയം. ആള്‍ക്കൂട്ടത്തില്‍ പെട്ടാല്‍ വിറയ്ക്കും, വിയര്‍ക്കും. ഇടുങ്ങിയ സ്ഥലത്തുപെട്ടാല്‍ തലചുറ്റും; ഫോബിയ എന്ന ഭയം. മധുരം കഴിക്കുവാന്‍ ഭയം. എണ്ണ ഉപയോഗിക്കുവാന്‍ ഭയം. പകലുറങ്ങിയാല്‍ രാത്രിയിലുറക്കം വന്നില്ലെങ്കിലോ എന്നു ഭയം. പോലീസിനെ ഭയം, കള്ളനെ ഭയം പാമ്പിനെ ഭയം, പട്ടിയെ ഭയം. പാറ്റയെ ഭയം, എട്ടുകാലിയെ ഭയം. മഴയെ ഭയം, വെയിലിനെ ഭയം. മധുരം, പുളി, എരിവ്, ഉപ്പ്, കൊഴുപ്പ്... സര്‍വത്ര ഭയം. എന്താണിതിന് കാരണം! ഏതൊരാള്‍ക്കും സ്വന്തം ശരീരത്തോടുള്ള സ്‌നേഹം മറ്റൊന്നിനോടുമില്ല. ജീവഭയം ജീവനോടുള്ള അമിതസ്‌നേഹത്താല്‍ അത് നഷ്ടമാകുമോയെന്ന ഭയം ആണ് ഏറ്റവും വലിയ ഭയം. ഈ അമിത പ്രേമം തന്നെ പ്രധാന കാരണം. പലരോടും പലതിനോടും നാം ബന്ധപ്പെടുന്നു. ബന്ധം ബന്ധനമാവുന്നത് മറ്റൊരു കാരണം. സുഖം, സന്തോഷം ഇവയിലുള്ള അടങ്ങാത്ത ആഗ്രഹം പിന്നെയൊരു കാരണം. ഇതൊക്കെ ശരിതന്നെ. എന്നാല്‍ ഭയത്തിനടിമയായി എങ്ങനെ ജീവിക്കും. ജീവിച്ചു എന്ന തൃപ്തി ഉണ്ടാവണമെങ്കില്‍ നിര്‍ഭയത്വം ഉണ്ടായേ തീരൂ. അതിനാണ് സുഭാഷിതത്തില്‍ 'വൈരാഗ്യമേവാഭയം' എന്നുപറഞ്ഞത്. വൈരാഗ്യം എന്നതിന് സാധാരണ നാം കൊടുക്കുന്ന അര്‍ത്ഥം ഒടുങ്ങാത്ത പകയെന്നാണ്. എന്നാല്‍ ഇവിടെ അര്‍ത്ഥം മറ്റൊന്നാണ്. സന്യാസിമാരും ഋഷീശ്വന്മാരുമെല്ലാം വൈരാഗികളാണ്. ഇവിടെ അതിനര്‍ത്ഥം ജീവിതാനുഭവങ്ങളിലൂടെ, കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ഒരു മിഥ്യാ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന തിരിച്ചറിവുണ്ടായി ഭൗതികാസക്തികളില്‍നിന്നും അവയുടെ അതിപ്രസരത്തില്‍ നിന്നുമുള്ള പിന്‍വലിയലാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ആശയും ആശങ്കയും ഉണ്ടാവില്ല. ഇതു രണ്ടുമില്ലെങ്കില്‍ പിന്നെന്തു ഭയം. ചെയ്യുന്ന കര്‍മങ്ങള്‍ പൂര്‍ണത കൈവരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആത്മാര്‍ത്ഥമായി ചെയ്യുക. അങ്ങനെയെങ്കില്‍ ഫലത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതായി വരില്ല. പരീക്ഷയെഴുതുമ്പോള്‍ കൈവിറയ്ക്കുകയില്ല. ചെയ്യുന്ന കര്‍മങ്ങള്‍ക്കെല്ലാം നാമാഗ്രഹിക്കുന്ന ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ജീവിതത്തില്‍ ജയവും തോല്‍വിയുമുണ്ട്. എപ്പോഴും എല്ലാത്തിലും വിജയിക്കുവാന്‍ സാധ്യമല്ലായെന്ന സത്യം മനസ്സിലാക്കണം. സുഖം, ദുഃഖം, ചിന്ത, പ്രവൃത്തി... എല്ലാത്തിന്റെയും പ്രഭവസ്ഥാനം മനസ്സാണ്. ആ മനസ്സിനെ നിയന്ത്രിക്കുവാനുള്ള കഴിവു നേടിയെടുക്കണം. ഇന്ദ്രിയങ്ങളുടെ നാഥനായിത്തീരണം മനുഷ്യന്‍. പക്വതയാര്‍ന്ന മനസ്സ് ഇന്ദ്രിയവിഷയങ്ങളാവുന്ന കാറും കോളുംകൊണ്ട് പ്രക്ഷുബ്ധമാവുകയില്ല. അതെപ്പോഴും ശാന്തമായിരിക്കും. ശാന്തമായ മനസ്സില്‍ സംതൃപ്തിയുണ്ട്. സംതൃപ്തിയുണ്ടെങ്കില്‍ സമാധാനവുമുണ്ട്. ഇതെല്ലാമുള്ളിടത്ത് ഭയത്തിന് സ്ഥാനമുണ്ടാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.