ഒരു വര്‍ഷം പിന്നിടുമ്പോഴും പരാധീനതകളില്‍ വീര്‍പ്പുമുട്ടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തെ രാഷ്്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ച് എല്‍ഡിഎഫ് ; അമൃത് പദ്ധതിയുള്‍പ്പെടെ എങ്ങുമെത്തിയില്ല

Thursday 10 November 2016 9:43 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കോര്‍പ്പറേഷന് പറയാന്‍ പരാധീനതകള്‍ മാത്രം. ഒപ്പം ആറ്റുനോറ്റ് കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ലഭിച്ച കോര്‍പ്പറേഷന്‍ ഭരണം രാഷ്ട്രീയ ലക്ഷ്യത്തിനുപയോഗിച്ച് എല്‍ഡിഎഫ് ഭരണ സമിതി സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിതുറന്നുവെന്ന പേരു ദോഷവും. യുഡിഎഫിന്റെ വര്‍ഷങ്ങളുടെ കുത്തക തകര്‍ത്ത് അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഭരണം കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ പ്രദേശത്തെ കൂടുതല്‍ പിന്നോക്കമെത്തിക്കുകയായിരുന്നു. നിന്നു തിരിയാന്‍പോലും ഇടമില്ലാത്ത നഗരസഭാ കാര്യാലയം മാറ്റി കോര്‍പ്പറേഷനു വേണ്ടി പുതുതായി കെട്ടിടം നിര്‍മ്മിക്കാനുളള തീരുമാനമുള്‍പ്പെടെ കടലാസില്‍ ഒതുങ്ങുകയാണ്. ആവശ്യത്തിന് ജീവനക്കാര്‍ പോലുമില്ലാതെ കോര്‍പ്പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായ സ്ഥിതിയാണ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയേയോ സൂപ്രണ്ടിംഗ് എഞ്ചിനീയറേയോ ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമിച്ചിട്ടില്ല. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ മിനിമം ജീവനക്കാരെപ്പോലും നിയമിക്കാന്‍ സംസ്ഥാന ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനു വേണ്ട യതൊരു ശ്രമവും ഇടതുപക്ഷക്കാരായ ഭരണസമിതി നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുളള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ കണ്ണൂര്‍ നഗരത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വിശദമായ പദ്ധതി സമര്‍പ്പിക്കാനും അംഗീകരിപ്പാക്കാനും ഭരണസമിതിയുടെ ഭാഗത്തു നിന്നും വേണ്ട നടപടികളെടുക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട 2015-16,1 6-17 വര്‍ഷത്തെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലാണ്. 2016-17 വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനായി യഥാസമയം കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാത്തതിനാല്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്റെ പദ്ധതി തുകയില്‍ നിന്നും 10 ശതമാനം കുറവു ചെയ്തിരിക്കുകയാണ്. ഇടത് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം കണ്ണൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലൊന്നും തന്നെ പുതിയ വികസന പരിപാടികള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. മാത്രമല്ല, മാസങ്ങളായി നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞിരിക്കുകയാണ്. ഇവ നന്നാക്കാന്‍ പല സംഘടനകളും പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടും ലൈറ്റുകള്‍ കത്തിക്കാന്‍ നടപടിയെടുക്കാത്തത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിലും ഭരണസമിതി തികഞ്ഞ പരാജയമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. ജനങ്ങളുടെ ദൈനദിന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും ചേരേണ്ട കൗണ്‍സില്‍ യോഗവും സ്റ്റാന്റിംഗ് കമ്മറ്റികളുടെ യോഗവും യഥാസമയം വിളിച്ചു ചേര്‍ക്കാത്ത സ്ഥിതിയാണ്. മേയര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരേയും സ്റ്റാന്റിംഗ് കമ്മറ്റികളേയും നോക്കുകുത്തി മാറ്റുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. നിയമ പ്രകാരം വിളിച്ചു ചേര്‍ക്കേണ്ട സ്റ്റാന്റിംഗ് കമ്മിറ്റികള്‍ കേവലം 4 തവണ മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിളിച്ചു ചേര്‍ത്തതെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മാസത്തിലൊരിക്കല്‍ ചേരണമെന്ന് അനുശാസിക്കുന്ന കൗണ്‍സില്‍ യോഗങ്ങള്‍ രണ്ട് മാസത്തിലൊരിക്കലും മറ്റും തോന്നുംപടിയാണ് നടക്കുന്നത്. കോര്‍പ്പറേഷന്റെ ഔദ്യോഗിക പരിപാടികള്‍ കൗണ്‍സിലര്‍മാരെവരെ അറിയിക്കാതെയാണ് നടത്തുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു. പാര്‍ട്ടി പിരപാടി പോലെയാണ് പല പരിപാടികളും നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം കാണിക്കുകയാണ്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുകയാണ്. പണിപൂര്‍ത്തിയായിട്ടും കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിച്ച സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കാന്‍ തയ്യാറാവാത്ത ഭരണസമിതി നിലപാടും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. മരക്കാര്‍ക്കണ്ടിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച ഫഌറ്റുകള്‍ ഭാഗികമായി മാത്രം ഗുണഭോക്താക്കള്‍ക്ക് കൈമാറിയെങ്കിലും ഫഌറ്റുകളില്‍ വൈദ്യുതിയോ വെളളമോ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കോര്‍പ്പറേഷന്‍ ഭരണസമിതി തയ്യാറായിട്ടില്ല. മുഴുവന്‍ ഗുണഭോക്താക്കളെ കണ്ടെത്താനും നടപടിയുണ്ടായിട്ടില്ല. ഇതിനെല്ലാം പുറമെ അനധികൃത നിയമനങ്ങളും പിന്‍വാതില്‍ നിയമനവും നടത്താന്‍ നീക്കങ്ങള്‍ നടക്കുന്നതായും പ്രതിപക്ഷം ആരോപിക്കുന്നു. എംപ്ലോയ്‌മെന്റിനേയും കൗണ്‍സിലിനേയും നോക്കുകുത്തിയാക്കിയാണ് മേയറുടെ നടപടികളെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍ മേയറുടേയും സിപിഎം നേതൃത്വത്തിന്റെയും ഒത്താശയോടെ അടുത്തകാലത്തായി നഗരത്തില്‍ നിരവധി ബങ്കുകളും തട്ടുകടകളും അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം പിന്നിട്ടിട്ടും കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത ഇടത് ഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തുമെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ഒ.മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ തുടങ്ങിയവര്‍ അറിയിച്ചു. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ എല്‍ഡിഎഫ് ഭാരണത്തിനെതിരെ മറ്റ് ചില സംഘടനകളും പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.