ശബരിമല കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിച്ചു: പ്രയാര്‍

Thursday 10 November 2016 10:34 pm IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളം വിതരണംചെയ്യാന്‍ നടപടി സ്വീകരിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രതിദിനം മൂന്നരലക്ഷം ലിറ്റര്‍ ശുദ്ധജലവും, ഒന്നരലക്ഷം ലിറ്റര്‍ ചുക്കുവെള്ളവും ഭക്തര്‍ക്ക് വിതരണം ചെയ്യും. നിലവിലെ ആര്‍ ഒ പ്ലാന്റിനു പുറമേ അഞ്ച് എണ്ണംകൂടി സ്ഥാപിക്കും. ഇരുനൂറ്റി നാല്പതിലേറെ ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ചുക്കുവെള്ളവിതരണത്തിന് മുപ്പത് കൗണ്ടറുകള്‍ തുറക്കും.തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പായി 40ലക്ഷം വീതം അപ്പവും അരവണയും കരുതല്‍ ശേഖരമായുണ്ടാകും. ആവശ്യമായി വന്നാല്‍ പമ്പവരേയും ഭക്തര്‍ക്ക് അപ്പവും അരവണയും ലഭ്യമാക്കും. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടിയാല്‍ സ്വാഭാവിക നീരൊഴുക്കിലൂടെ പമ്പവരെ ശുദ്ധജലം വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന് കഴിയും. ഇത് സാധിച്ചാല്‍ പ്രതിവര്‍ഷം നാലുകോടിരൂപ ലാഭിക്കാനാകും. പാന്‍കാര്‍ഡ് അടക്കമുള്ള രേഖകളുമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണം. ശബരിമല തീര്‍ത്ഥാടകര്‍ കടന്നുവരുന്ന പാതയോരങ്ങളിലെ ദേവസ്വംക്ഷേത്രങ്ങളില്‍ റെഡി റ്റു ഹെല്‍പ്പ് എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതില്‍ അതത് ക്ഷേത്രഭാരവാഹികളുടെ പേരും ഫോണ്‍ നമ്പരും ചേര്‍ക്കും. അന്യസംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പഭക്തര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ഇത് സഹായകമാകും. വൃശ്ചികം ഒന്ന് ദിവ്യദിനമായി അചരിക്കും. അന്നേദിവസം ദേവസ്വം ബോര്‍ഡിന്റെ എല്ലാക്ഷേത്രങ്ങളിലും ഇതിനുള്ളക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്കുദിനത്തില്‍ എല്ലാക്ഷേത്രങ്ങളിലും ദീപോത്സവം നടത്തും. ശബരിമലയ്ക്ക് എതിരായി ചിലകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്ന നീക്കങ്ങള്‍ ചെറുതല്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ദേവസ്വംബോര്‍ഡ് അംഗം അജയ് തറയില്‍ ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ചീഫ്എഞ്ചീനീയര്‍ ജി.മുരളീകൃഷ്ണന്‍, ദേവസ്വം സെക്രട്ടറി വി.എസ്. ജയകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.