വളപട്ടണത്ത് ലോണ്‍ തിരിമറി: ജീവനക്കാരടക്കം 14 പേര്‍ അറസ്റ്റില്‍

Friday 11 November 2016 11:53 am IST

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കില്‍ നടന്ന ലോണ്‍ തിരിമറിയില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അടക്കം പതിനാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന ബാങ്കാണ് വളപട്ടണം ബാങ്ക്. വലിയ രീതിയിലുള്ള വെട്ടിപ്പ് നടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷം മുമ്പ് സഹകരണ സംഘം ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ സഹകരണ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് വടകര സ്വദേശിയായ ഒരാള്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ക്രമക്കേട് കണ്ടെത്തിയത്. ചതുപ്പ് നിലങ്ങള്‍ ഈട് വച്ച് വായ്പ നേടിയ ശേഷം അതിന്റെ ആധാരം ബിനാമി പേരുകളില്‍ രജിസ്റ്റര്‍ ചെയ്യും. പിന്നീട് ഈ ആധാരം ഉപയോഗിച്ച് മറ്റ് ബാങ്കുകളില്‍ നിന്നും വായ്പ നേടും. ഇങ്ങനെയായിരുന്നു ഒരു തട്ടിപ്പ്. ഇതുവഴി ഒരു കോടി 64 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നു. ബാങ്കില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം മറ്റ് ബാങ്കുകളില്‍ പണയം വച്ചും പണം തട്ടിയെടുത്തു. കൂടാതെ ഒന്നരക്കോടിയോളം രൂപ ചെക്കുകളില്‍ ക്രമക്കേട് നടത്തിയും വെട്ടിച്ചു. വളപട്ടണം പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ലോണ്‍ അനുവദിക്കാവൂ എന്നിരിക്കെ മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വരെ ലോണ്‍ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ബാങ്ക് മാനേജര്‍ മലേഷ്യയില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് ലോട്ടീസ് പുറപ്പെടുവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.