സൗമ്യ വധം: ഹര്‍ജി തള്ളി

Saturday 12 November 2016 12:31 am IST

  ന്യൂദല്‍ഹി: സൗമ്യ വധക്കേസിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ലെന്ന് ഹര്‍ജി തള്ളി ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സപ്തംബര്‍ 15ലെ സുപ്രീംകോടതി വിധിക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഒരു മണിക്കൂര്‍ നീണ്ട വാദം കേട്ട ശേഷമാണ് ഹര്‍ജി കോടതി തള്ളിയത്. കോടതിയിലെത്തിയ കട്ജു ഒരുമണിക്കൂറോളം കേസില്‍ തന്റെ വാദമുഖങ്ങള്‍ നിരത്തി. ധ്യാന്‍ചന്ദ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്തിയ കാര്യം ചൂണ്ടിക്കാണിച്ചാണ് കട്ജു വാദം ആരംഭിച്ചത്. നിയമം നടപ്പാക്കുമ്പോള്‍ ജഡ്ജിമാര്‍ സാമാന്യബോധം പ്രകടിപ്പിക്കണമെന്ന് കട്ജു പറഞ്ഞു. സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ ഗോവിന്ദച്ചാമി അല്ല സൗമ്യയെ കൊലപ്പെടുത്തിയതെന്ന് ആരും പറയില്ല. സൗമ്യയെ തള്ളിയിട്ടതോ സ്വയം ചാടിയതോ എന്നത് തര്‍ക്കവിഷയമല്ല. സൗമ്യ ചാടിയെന്നാണ് പ്രോസിക്യൂഷന്‍ സാക്ഷി മൊഴിയെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോള്‍ ചാടാന്‍ കാരണം ഗോവിന്ദച്ചാമിയല്ലെയെന്ന് കട്ജു ചോദിച്ചു. ഗോവിന്ദച്ചാമി ഉപദ്രവിച്ചതു കാരണമാണ് സൗമ്യ ചാടിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 300 ാം വകുപ്പിലെ 3 ാം ഉപവകുപ്പ് പ്രകാരം ഗോവിന്ദച്ചാമിക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും വാദം പൂര്‍ത്തിയാക്കി കട്ജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും കട്ജുവിനെ പിന്തുണച്ചു. തെളിവു നിയമത്തിലെ 113 എ പ്രകാരം ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് ഗഗോയ് ചൂണ്ടിക്കാട്ടി. ഇതിനിടെ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥയും വിചാരണകോടതി ജഡ്ജിയും കട്ജുവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ ആളൂര്‍ കോടതിയെ ധരിപ്പിച്ചു. ഇക്കാര്യം തങ്ങള്‍ക്കറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. വീണ്ടും എണീറ്റ ആളൂരിനോട് ഇരിക്കാന്‍ പറഞ്ഞ കോടതി, ഇറക്കിവിടുമെന്ന് മുന്നറിയിപ്പു നല്‍കി. സൗമ്യയുടെ അമ്മയുടെ വക്കീല്‍ ഒവൈസിയും മറ്റു ചില മുതിര്‍ന്ന അഭിഭാഷകരും ഗോവിന്ദച്ചാമിയെ ശിക്ഷിക്കണമെന്ന് കോടതിയില്‍ വാദിച്ചു. എല്ലാവരും പഴയ വാദങ്ങള്‍ ആവര്‍ത്തിച്ചു. എല്ലാ വാദവും കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. കൊലക്കുറ്റം പൂര്‍ണ്ണമായും തെളിയിക്കാനായാല്‍ മാത്രമേ വധശിക്ഷ വിധിക്കാനാവൂ എന്ന് വീണ്ടും പറഞ്ഞ ശേഷമാണ് തള്ളിയത്. തുറന്ന കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജിയിന്മേലുള്ള തീരുമാനം മാത്രമാണ് സാധാരണ പറയുക. എന്നാല്‍ വിശദമായ വിധി ജസ്റ്റിസ് ഗഗോയ് വായിച്ചു. ഇതിന് ശേഷമാണ് മറ്റൊരു കാര്യത്തിലേക്ക് കോടതി കടക്കുകയാണെന്ന് പറഞ്ഞ് കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി പ്രഖ്യാപിച്ചത്. കട്ജുവിനെ ഒരു ഘട്ടത്തില്‍ പുറത്താക്കുമെന്ന് വരെ മുന്നറിയിപ്പു നല്‍കിയ ജസ്റ്റിസ് ഗഗോയ് ഇത്തരത്തില്‍ പെരുമാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞാണ് നടപടികള്‍ അവസാനിപ്പിച്ചത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.