പുതിയ ദൗത്യം ഏറ്റെടുക്കാന്‍ ഐഎന്‍എസ് വിക്രമാദിത്യ

Friday 11 November 2016 8:00 pm IST

കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ ഐഎന്‍എസ് വിക്രമാദിത്യയുടെ റണ്‍വേയില്‍ ക്യാപ്റ്റന്‍ കൃഷ്ണ സ്വാമിനാഥനും നാവികരും

കൊച്ചി: രാജ്യത്തിനെതിരെയുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ പൂര്‍ണ്ണ സജ്ജമായി ഐഎന്‍എസ് വിക്രമാദിത്യ. കൊച്ചി ഷിപ്പ്‌യാര്‍ഡിലാണ് കഴിഞ്ഞദിവസം വിക്രമാദിത്യ വിജയകരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ദൗത്യസന്ദേശം ലഭിച്ചാലുടന്‍ വിക്രമാദിത്യ കൊച്ചി വിടും.

ശക്തവും, ഏത് വെല്ലുവിളിയെയും നേരിടാന്‍ കെല്‍പ്പുള്ളതാണ് ഐഎന്‍എസ് വിക്രമാദിത്യയെന്ന് ക്യാപ്റ്റന്‍ കൃഷ്ണ സ്വാമിനാഥന്‍ പറഞ്ഞു. കമ്മീഷന് ശേഷമുള്ള ക്യാപ്റ്റന്റെ ആദ്യപ്രതികരണമായിരുന്നു. മൂന്നാം വര്‍ഷം ആഘോഷിക്കുന്ന വിക്രമാദിത്യ കൂടുതല്‍ പുതുമകളോടെയും കരുത്തോടെയുമാണ് ഇനി രാജ്യസേവനത്തിനുണ്ടാകുകയെന്നും സ്വാമിനാഥന്‍ പറഞ്ഞു. കൊച്ചി ഷിപ്പ്‌യാര്‍ഡിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

285 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് യുദ്ധക്കപ്പലിനുള്ളത്. 110 ഓഫീസര്‍മാരും 1100 ജീവനക്കാരും ഉള്‍പ്പെടെ 1,710 പേരാണ് വിക്രമാദിത്യയില്‍ സേവനത്തിനുള്ളത്. 23 നിലകളുള്ള കപ്പല്‍ 18 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 1,80,000 കുതിര ശക്തിയുള്ള എഞ്ചിന്‍. 38 യുദ്ധ വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്തും വിക്രമാദിത്യയ്ക്കുണ്ട്. രണ്ട് റണ്‍വേയാണുള്ളത്. കപ്പലിന്റെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവുമുണ്ട്. കപ്പലിനുള്ളില്‍ സര്‍വ്വസജ്ജമായ മെഡിക്കല്‍ സമുച്ചയവുമുണ്ട്. 30 പേര്‍ക്ക് കിടക്കാവുന്ന രണ്ട് ഓപ്പറേഷന്‍ തീയറ്റര്‍, തീവ്രപരിചരണ വിഭാഗം, ലാബ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

2013 നവംബര്‍ 16നാണ് ഐഎന്‍എസ് വിക്രമാദിത്യ ഭാരത നാവികസേനയുടെ ഭാഗമായത്. ഏറ്റവും വലിയ മൂന്നാമത്തെ കപ്പലാണ് വിക്രമാദിത്യ. റഷ്യയില്‍ നിന്നാണ് ഭാരതം വിക്രമാദിത്യയെ സ്വന്തമാക്കിയത്. അഡ്മിറല്‍ ഗോര്‍ഷ്‌കോവ് എന്നാണ് ആദ്യനാമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.