എലിമുളളില്‍-പുതുക്കുളങ്ങര റോഡിന് ശനിദശ തുടരുന്നു

Friday 11 November 2016 8:08 pm IST

തിരുവല്ല: പ്രവര്‍ത്തനോദ്ഘാടനം നടത്തി മാസം രണ്ട് പിന്നിട്ടിട്ടും നിര്‍മാണം ആരംഭിക്കാത്ത റോഡിനെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ പ്രതിക്ഷേധം ശക്തമാകുന്നു. പെരിങ്ങര പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന എലിമുളളില്‍പടി-പുതുക്കുളങ്ങര പടി റോഡിനാണ് ഈ ദുര്‍ഗതി. എം.എല്‍.എയും ജലവിഭവ വകുപ്പ് മന്ത്രിയുമായ മാത്യു ടി തോമസ് സെപ്റ്റംബര്‍ മാസം ആദ്യ വാരം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. തകര്‍ന്ന് തരിപ്പണമായ റോഡിലൂടെ കാല്‍നട യാത്രപോലും സാധ്യമാകാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മാണത്തിനായി തുക അനുവദിച്ചത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും റോഡ് നിര്‍മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്റ്റിറ്റേ് തയാറാക്കുന്ന ജോലികളും പൂര്‍ത്തിയാക്കുയിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റ ഭാഗമായി മൂവിടത്തുപടി- കാരയ്ക്കല്‍ റോഡിലും കാവുംഭാഗം-ചാത്തങ്കരി റോഡിലുമായി മാസങ്ങള്‍ക്ക് മുമ്പ് വഴിയരികില്‍ ഇറക്കിയിട്ടിരിക്കുന്ന മെറ്റില്‍ കൂനകള്‍ ഗതാഗത തടസത്തിനും അപകടത്തിനും ഇടയാക്കും വിധം റോഡില്‍ നിരന്ന് കിടക്കുകയാണ്. റോഡില്‍ നിരന്ന മെറ്റിലുകളില്‍ കയറി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. അഴിമതിക്ക് കളമൊരുക്കാനാണ് നിര്‍മാണം നീട്ടിക്കൊണ്ട് പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വിദ്യാര്‍ത്ഥികള്‍ അടക്കം നൂറ് കണക്കിന് യാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്ന റോഡിന്റെ നിര്‍മാണം ഉടന്‍ നടത്തണമെന്ന ആവശ്യവുമായി പെരിങ്ങര പ്രോഗ്രസീവ് പൗരസമിതിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധം ശക്തമാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.