സ്‌കൂട്ടറിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്നു

Friday 11 November 2016 9:18 pm IST

തൊടുപുഴ/വണ്ണപ്പുറം: കാളിയാര്‍ സ്റ്റേഷന്‍ പരിധിയില്‍ രണ്ടാം ദിവസവും മാലമോഷണം. വണ്ടമറ്റത്ത് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല പറിച്ചു. വണ്ടമറ്റം വാണിയകിഴക്കേല്‍ മേരി വര്‍ഗീസിന്റെ മാലയാണ് ഇന്നലെ രാവിലെ 7 മണിയോടെ സ്‌കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ചെടുത്തത്. മൂന്നര പവന്‍ വരുന്ന മാല ഇയാള്‍ പൊട്ടിച്ചെങ്കിലും അര പവന്‍ മാത്രമാണ് നഷ്ടപ്പെട്ടത്. വീട്ടമ്മയുടെ അവസരോചിത ഇടപെടല്‍ മൂലം മാലയുടെ ബാക്കി ഭാഗം കൈയിലിരിക്കുകയായിരുന്നു. വണ്ടമറ്റം ഞറുക്കുറ്റി ബൈപ്പാസ് റോഡില്‍ വച്ചാണ് സംഭവം. രാവിലെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു മേരി. പിന്നിലൂടെ എത്തിയ മോഷ്ടാവ് മാലപൊട്ടിച്ചെടുത്തെങ്കിലും ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു. മാല വീണ്ടും പിടിച്ച് വലിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നിലൂടെ എത്തിയ നാട്ടുകാര്‍ രക്ഷകരാവുകയായിരുന്നു. വെളുത്ത നിറത്തിലുള്ള ആക്ടീവ സ്‌കൂട്ടറിലെത്തിയ യുവാവ് പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമല്ലാത്ത ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. എസ് പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് രാത്രിയോടെ കേസെടുത്തു. വ്യാഴാഴ്ച്ച വൈകിട്ട് കാളിയാര്‍ എസ്‌റ്റേറ്റിന് സമീപത്ത് വച്ച് ലില്ലി എന്ന വീട്ടമ്മയുടെ രണ്ട് പവന്‍ വരുന്ന മാല സമാന രീതിയില്‍ കവര്‍ന്നിരുന്നു. സമീപത്തെ മകന്റെ വീട്ടില്‍ പോയ ശേഷം മടങ്ങി വരുന്ന വഴിയില്‍ വച്ചാണ് കള്ളന്‍ മാലപൊട്ടിച്ചെടുത്തത്. ഇരു കേസുകള്‍ക്കും സമാനതയുള്ളതായാണ് പോലീസ് നല്‍കുന്ന വിവരം. മറ്റ് സ്റ്റേഷനുകളുമായി സഹകരിച്ച് പ്രതിയെ പിടികൂടുവാനുള്ള ശ്രമം നടന്ന് വരികയാണ്. പ്രതിയുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.