കണ്ണൂര്‍: നിയമന നിരോധനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി പ്രസ്താവിച്ചു. കണ്ണൂര്‍ ഗുരുഭവനില്‍ യുവമോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ പേരു വന്ന അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ അവഗണിച്ചുകൊണ്ട് പാര്‍ട്ടി ആജ്ഞാനുവര്‍ത്തികളെ ഒഴിവുകളിലേക്ക് തിരുകിക്കയറ്റാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.ഹരീഷ് കുമാര്‍, പി.എ.റിത്തേഷ്, രൂപേഷ് തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ടി.വി.ശ്രീകുമാര്‍ സര്‍ക്കാറിന്റെ പ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് ചീയ്യഞ്ചേരി സ്വാഗതവും കെ.സി.ജയേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: