ഗോവിന്ദച്ചാമി പുറത്തുവരും; പ്രതിക്കൂട്ടില്‍ ഇടതും വലതും

Saturday 12 November 2016 10:20 am IST

തൃശൂര്‍: നെഞ്ചുപൊട്ടിക്കരയുന്ന ഒരമ്മയുടെ വിലാപത്തിന് മറുപടിയില്ലാതെ കേരളം. സൗമ്യ വധക്കേസ് പുനഃപരിശോധനാഹര്‍ജി തള്ളിയതോടെ നാടിനെ നടുക്കിയ കേസ് എന്നന്നേക്കുമായി അവസാനിക്കുന്നു. പ്രതി ഗോവിന്ദച്ചാമി ജീവനോടെ പുറത്തുവരുമെന്ന് ഉറപ്പായി. പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികള്‍. സുപ്രീംകോടതിയില്‍ ആവശ്യമായ തെളിവുകളും രേഖകളും ഹാജരാക്കുന്നതില്‍ കേരളസര്‍ക്കാര്‍ വീണ്ടും ദയനീയമായി പരാജയപ്പെടുകയായിരുന്നു. സുപ്രീംകോടതിയില്‍ നടന്ന അട്ടിമറി സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയെന്ന് വ്യക്തം. കേസില്‍ വധശിക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് മാസങ്ങള്‍ക്കു മുന്‍പേ സര്‍ക്കാരിന് സൂചന ലഭിച്ചിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയെന്ന നിഗമനത്തെ തുടര്‍ന്നാണ് നിയമവൃത്തങ്ങള്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ സുപ്രധാന സാഹചര്യത്തെളിവുകളില്‍ ഒന്നുപോലും സുപ്രീംകോടതിയിലെത്തിയില്ല. പുനഃപരിശോധനാഹര്‍ജി നല്‍കിയിട്ടും അതിന്റെ ഭാഗമായി ഈ തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. എ.സുരേശനെ ബന്ധപ്പെടാനോ കേസ് ഫയലുകള്‍ കൈമാറാനോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്തില്ല. ഏഴുമാസം വിചാരണക്കോടതിയിലും മൂന്ന് മാസം ഹൈക്കോടതിയിലും തലനാരിഴ കീറിയുള്ള വിചാരണയ്ക്ക് ശേഷമാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. 4000 പേജുകള്‍ വരുന്ന രേഖകളും തെളിവുകളും കോടതി പരിഗണിച്ചു. ഇതില്‍ ഭൂരിഭാഗവും സുപ്രീംകോടതിയിലെത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍, ഫോറന്‍സിക് സര്‍ജന്റെ മൊഴി, ഗോവിന്ദച്ചാമിയുടെ വസ്ത്രങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ എന്നിവ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല. കേസ് അട്ടിമറിക്കാന്‍ വലിയഗൂഢാലോചന നടന്നുവെന്ന സൂചനയാണ് കിട്ടുന്നത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന് സിപിഎം പിബി അംഗം എം.എ. ബേബി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയില്‍ നാട്ടുകാരും അന്വേഷണത്തിനുനേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരും കടുത്ത നിരാശയിലാണ്. 2011 ഫെബ്രുവരി ഒന്നിന് രാത്രിയാണ് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം പരുക്കേറ്റ് അബോധാവസ്ഥയില്‍ സൗമ്യയെന്ന 23കാരിയെനാട്ടുകാര്‍ കണ്ടെത്തിയത്. റെയില്‍വെ പൊലീസിന്റെ സഹായത്തോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. വള്ളത്തോള്‍ നഗര്‍ റെയില്‍വെസ്റ്റേഷന്റെ 400 മീറ്റര്‍ അകലെയായിരുന്നു സൗമ്യ പരുക്കേറ്റ് കിടന്നത്. ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യനെ്യൂ കടലൂര്‍ വിരുദാചലത്ത് ്യൂനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചാര്‍ലിയെന്നായിരുന്നു അറസ്റ്റ് ചെയ്യുമ്പോള്‍ ഗോവിന്ദച്ചാമി പേര് പറഞ്ഞത്. സൗമ്യയുടെ മൊബൈല്‍ അടക്കമുള്ള വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഫെബ്രുവരി ആറിന് ഉച്ചതിരിഞ്ഞ് മൂന്നോടെ സൗമ്യയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ക്രൂരമായ പീഡനത്തിനാണ് സൗമ്യ ഇരയായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. പിറ്റേന്ന് തന്നെ കാണാന്‍ വീട്ടിലെത്തുന്ന പ്രതിശ്രുതവരനെയും വീട്ടുകാരേയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു സൗമ്യ. ജോലിസ്ഥലത്തുനിന്ന് പണം വാങ്ങി നേരത്തെ ഇറങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് വേട്ടയാടപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ച് തനിക്ക് വിശക്കുന്നുണ്ടെന്നും ഉടന്‍ വീട്ടിലെത്തുമെന്നും സൗമ്യ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.