വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ജനത്തിന് സല്യൂട്ട്

Saturday 12 November 2016 2:40 pm IST

ടോക്യോ: വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ഭാരത ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും അദ്ദേഹം ജപ്പാനില്‍ പറഞ്ഞു. കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനൊപ്പം എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. കള്ളപ്പണം ഗംഗയില്‍ ഒഴുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ജപ്പാനിലെ ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ശക്തമായ തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താനാവൂ. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍‌വലിച്ച തീരുമാനം രാജ്യത്തെ അറിയിച്ച ശേഷം ജപ്പാന്‍ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി യാത്ര തിരിക്കുകയായിരുന്നു. അഴിമതി നേരിടാന്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നും നടപടിയെ വിമര്‍ശിക്കാന്‍ ജനങ്ങളെ ചിലര്‍ ബോധപൂര്‍വം പ്രേരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ കള്ളപ്പണക്കാര്‍ മാത്രമാണ് ഭയക്കേണ്ടത്. കള്ളപ്പണക്കാരെ ആരെയും വെറുതേ വിടില്ല. വിദേശത്ത് നിക്ഷേപിച്ചത് അടക്കമുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ഡിസംബർ 30ന് കള്ളപ്പണത്തിനെതിരായ നടപടി അവസാനിക്കുമെന്ന് യാതൊരു പ്രതീക്ഷയും ആരും വച്ചു പുലർത്തരുതെന്നും മോദി പറഞ്ഞു. നിയമപരമായ നിങ്ങളുടെ പണത്തിന് യാതൊന്നും സംഭവിക്കില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് 2.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഉറവിടം അന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചത്. അമ്മമാരെ വൃദ്ധസദനങ്ങളിൽ കൊണ്ടുചെന്നാക്കിയ മക്കൾ പോലും 2.5 ലക്ഷം അവരുടെ പേരിൽ നിക്ഷേപിക്കുന്നുണ്ട്. അപ്പോൾ അതിന് രേഖകൾ ചോദിക്കുന്നത് എങ്ങനെയാണെന്നും മോദി ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.