വെള്ളമില്ല: കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

Saturday 12 November 2016 8:45 pm IST

ഇരിങ്ങാലക്കുട : എടക്കുളം പെരുവല്ലിപ്പാടത്ത് 25 ഹെക്ടര്‍ സ്ഥലത്തു മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കി വിത്ത് പാകിയശേഷം കൃഷി ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് അടിയന്തിര ആശ്വാസം നല്‍കണമെന്ന ആവശ്യമുയരുന്നു. വിരുപ്പ്, മുണ്ടകന്‍ വിളയിറക്കിയിരുന്ന ഈ പാടശേഖരത്ത് ഇപ്പോള്‍ മുണ്ടകന്‍ കൃഷി മാത്രമാണ് ചെയ്തുവരുന്നത്. മറ്റു ജലസേചന സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഷണ്‍മുഖം കനാലിലെ വെള്ളം പമ്പ് ചെയ്താണ് കൃഷി ചെയ്തുവരുന്നത്. എന്നാല്‍ മഴകുറവ് മൂലം കനാലില്‍ വെള്ളം കുറഞ്ഞ വരുന്നതിനാല്‍ കനാലില്‍ തത്കാലം ഒരു ബണ്ട് കെട്ടിനിര്‍ത്തി പമ്പിങ്ങ് തുടര്‍ന്നാണ് നിലം ഒരുക്കിയതും ഞാറ്റടിയില്‍ വിത്ത് പാകുകയും ചെയ്തത്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശത്തെ മലിനജലം ശുദ്ധീകരിക്കാതെ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിക്കുകയും ജീവിതം ദുസ്സഹമാകുകയും ചെയ്തതിനാല്‍ ബണ്ട് പൊട്ടിക്കുകയും പമ്പിങ്ങ് മുടങ്ങുകയും നിലമൊരുക്കിയ കര്‍ഷകര്‍ ഞാറ് പറിച്ച് നടാന്‍ കഴിയാതെ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് കടം വാങ്ങി വന്‍തുക ചെലവാക്കിയ ചെറുകിട കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന ആവശ്യമുയരുന്നത്. ഷണ്‍മുഖം കനാല്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നതിനാല്‍ പൂമംഗലം പടിയൂര്‍ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്ക് നഗര പ്രദേശത്തെ മാലിന്യം വ്യാപിക്കാതിരിക്കാന്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ശുദ്ധീകരിച്ച ശേഷം മാത്രം കനാലിലേക്ക് വെള്ളം ഒഴുക്കിവിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.