ജ്വല്ലറികളില്‍ റെയ്ഡ് തുടരുന്നു, ഐടി ഉദ്യോഗസ്ഥന്റെ 42 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

Saturday 12 November 2016 9:58 pm IST

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ജനറല്‍ എക്‌സൈസ് ഇന്റലിജന്‍സും നടത്തിയ റെയ്ഡിനിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് 42 കോടിയുടെ സ്വര്‍ണ്ണം കണ്ടെത്തി. നികുതി വെട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ജ്വല്ലറികളിലെ വില്‍പ്പന കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ 600 പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളില്‍ ഇതിനു മുമ്പുതന്നെ റെയ്ഡ് നടത്തിയിരുന്നതാണ്. ജ്വല്ലറികള്‍ കേന്ദ്രീകരിച്ചുള്ള തെരച്ചിലില്‍ 22 കോടിയുടെ അനധികൃത സ്വര്‍ണ്ണം കണ്ടെത്തി. ചണ്ഡീഗഢ്, ജലന്ധര്‍. ലുധിയാന എന്നിവിടങ്ങളിലെ സ്വര്‍ണ്ണ വ്യാപാരികള്‍ നിരവധി ഉപഭോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്താതെ നിരവധി തവണ സ്വര്‍ണ്ണം വിറ്റതായി കണ്ടെത്തി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ഭോപ്പാല്‍, വിജയവാഡ, നാസിക്, ലഖ്‌നൗ എന്നിവിടങ്ങളിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടക്കുന്നുണ്ട്. ദല്‍ഹി വിമാനത്താവളത്തില്‍ 50 ലക്ഷം രൂപയുടെ 500, 1000 നോട്ടുകളുമായി ഒരാള്‍ പിടിയിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.