ജനമൈത്രി പോലീസ്‌സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനം

Saturday 12 November 2016 10:21 pm IST

പിറവം: ജനമൈത്രി പോലീസ്‌സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനം നടന്നതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തയ്യല്‍തൊഴിലാളി പാമ്പാക്കുട സിപി വിലാസത്തില്‍ രഘുവിനെ പിറവം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂവാറ്റുപുഴയില്‍നിന്ന് സ്വകാര്യ ബസില്‍ പിറവത്തേയ്ക്ക് യാത്രചെയ്ത രഘു അതേ ബസില്‍ യാത്രചെയ്ത മൂവാറ്റുപുഴ പോലീസ്‌സ്റ്റേഷനിലെ അഡി.എസ്‌ഐയുമായുണ്ടായ വാക്ക്തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബസില്‍വച്ച് രഘുവിനെ കഴുത്തിന് കുത്തിപിടിച്ച് കരണത്തടിക്കുകയും ചവിട്ടുകയും ചെയ്തതായി രഘു പറഞ്ഞു. പിറവം ബസ്സ് സ്റ്റാന്റിലിറങ്ങിയ രഘുവിനെ അഡി.എസ്‌ഐ അവിടെവച്ചും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രഘുവിനെ ഓട്ടോറിക്ഷയില്‍ പിറവം പോലീസ്‌സ്റ്റേഷനിലെത്തിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും ചേര്‍ന്ന് കുനിച്ച് നിര്‍ത്തി ഇടിച്ചതായി രഘു പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രഘുവിന് വയറുവേദനയും മൂത്രതടസ്സവുമുണ്ട്. കോട്ടയം സ്വദേശിയായ രഘു കഴിഞ്ഞ 20 വര്‍ഷത്തോളമായി പാമ്പാക്കുട ഗവ. ഹൈസ്‌കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുകയാണ്. നിരപരാധിയായ തയ്യല്‍ തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ്ബ് എംഎല്‍എ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.