ജയന്തനൊപ്പം

Saturday 12 November 2016 10:27 pm IST

കേരളത്തിലെ 'എ' ഗ്രേഡ് പാര്‍ട്ടിയായ സിപിഎമ്മിലെ പരമാവധി മാന്യനാണത്രെ ചേലക്കര രാധാകൃഷ്ണന്‍. ഇതിനപ്പുറം മാന്യതയുള്ളവരൊന്നും ആ പാര്‍ട്ടിയിലില്ല. മന്ത്രിയായിരുന്നപ്പോഴും സ്പീക്കറായിരുന്നപ്പോഴും പാര്‍ട്ടിയിലെ ഒന്നാമത്തെ മാന്യന്‍ രാധാകൃഷ്ണനായിരുന്നു. മന്ത്രിപ്പണിയും സ്പീക്കര്‍ പദവിയും കഴിഞ്ഞിട്ടിപ്പോള്‍ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന തൊഴിലെടുക്കുകയാണ്. ഒരു മികവുറ്റ ജില്ലാ സെക്രട്ടറിയാകാന്‍ എന്തൊക്കെ വേണമെന്ന് മാന്യനായ രാധാകൃഷ്ണനെ ആരും പഠിപ്പിക്കേണ്ടതില്ല. പാര്‍ട്ടിയുടെ ബ്രാക്കറ്റില്‍ എമ്മിനു പകരം 'എ' എന്ന അക്ഷരം പതിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കണ്ണൂരില്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയും എറണാകുളത്ത് ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലുമൊക്കെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പലരുടെയും ഒളിവുകാലജീവിതത്തിന്റെ വിരകാര നിര്‍ഭര നിമിഷങ്ങളേറ്റുവാങ്ങി പാര്‍ട്ടി വളര്‍ത്താന്‍ പൊരുതിയവരായിരുന്നു. ആദ്യകാലനേതാക്കള്‍ക്ക് അത് ഒളിപ്പോരായിരുന്നെങ്കില്‍ ഇക്കൂട്ടരുടേത് ഒളിക്യാമറയില്‍ കുടുങ്ങിയ പോരാട്ടങ്ങളായിരുന്നുവെന്ന് മാത്രം. അത്തരം ജില്ലാ സെക്രട്ടറിമാര്‍ പൂണ്ടുവിളയാടുന്ന പാര്‍ട്ടിയില്‍ പരമമാന്യനായ ചേലക്കര രാധാകൃഷ്ണന് എന്താവും എന്ന് അന്തംവിട്ടവരുണ്ട്. എന്നാല്‍ അതെല്ലാം പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി സഖാക്കന്മാരെക്കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരുടെ തെറ്റിദ്ധാരണകളായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. ഏത് സാധുവിനെയും പോക്കിരിയാക്കാന്‍ പോന്ന വകതിരിവില്ലായ്മ സ്വന്തമായുള്ള പാര്‍ട്ടിയാണത്. തെമ്മാടികളുടെ അഭയകേന്ദ്രമാണ് രാഷ്ട്രീയമെന്ന പ്രസ്താവം ഈ പാര്‍ട്ടിയെക്കുറിച്ചാണെന്ന് ഇപ്പോള്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. മുഖ്യമന്ത്രി മുതല്‍ മന്ത്രിമാരും കൗണ്‍സിലര്‍മാരും വരെ അധികാരത്തിന്റെ തിണ്ണമിടുക്കില്‍ എന്തും ചെയ്തുകളയാമെന്ന ധാരണയിലാണ് വാഴുന്നത്. പോലീസും കോടതിയും തങ്ങളാണെന്നതാണ് പാര്‍ട്ടിക്കാരന്റെ അധികാരകാലത്തെ തോന്നല്‍. നേതാവിന് തോന്നിയാല്‍പിന്നെ രക്ഷയില്ല. നിയമവും പൊതുജനമര്യാദയും പ്രശ്‌നമില്ല. അതുകൊണ്ടാണല്ലോ വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായ സ്ത്രീയുടെ പേര് അഞ്ചാണ്ട് സംസ്ഥാന നിയമസഭയുടെ സ്പീക്കറായിരുന്ന ആള്‍ പരസ്യമായി ചാനലുകള്‍ക്കുമുന്നില്‍ വിളിച്ചുപറഞ്ഞത്. അങ്ങനെ പറയരുത്, അത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മാന്യനായ രാധാകൃഷ്ണന്റെ മുഖത്ത് വിരിഞ്ഞത് പിണറായിയുടെ ഭാവമായിരുന്നു. ആ ഭാവത്തിനാണ് മലയാളത്തില്‍ പുച്ഛം എന്ന് പറയാറുള്ളത്. ചുണ്ടുകോട്ടി പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത് ജയന്തന്റെ പേര് പറയാമെങ്കില്‍ ഇതും പറയാം എന്നാണ്. ജയന്തന്‍ പാര്‍ട്ടിയുടെ കൗണ്‍സിലറാണ്. ഇയാളാണ് വടക്കാഞ്ചേരി സ്ത്രീപീഡനക്കേസിലെ പ്രതി. ആരോപണമുന്നയിച്ചാല്‍ പ്രതിയാകില്ലെന്ന് ന്യായം പറഞ്ഞ രാധാകൃഷ്ണന്റെ പാര്‍ട്ടി ജയന്തനെതിരെ നടപടിയെടുത്തു. ജനപ്രതിനിധിയായി തുടരാമെന്ന് ഔദാര്യം കാട്ടുകയും ചെയ്തും. പാര്‍ട്ടിയുടെ ചേല് ഇതായിരിക്കെ ചേലക്കരക്കാരന്റെ ചേല് മാറിയിട്ട് കാര്യമെന്താണ്. പേരാമംഗലം സിഐ മണികണ്ഠന്‍ രാധാകൃഷ്ണന് മുന്നില്‍ ഇക്കാര്യത്തില്‍ ശിശുവാണ്. നിയമസഭയുടെ നിയന്ത്രകനായിരുന്ന ഒരാള്‍, ചട്ടങ്ങള്‍ അറിയുമെന്ന് നമ്മളെല്ലാം കരുതുന്ന ഒരാള്‍ ഇങ്ങനെ പറയുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം വിവരദോഷി ഏത് കുപ്പായമിട്ടാലും വിവരദോഷി ആയിരിക്കും എന്നുതന്നെയാണ്. അത് മന്ത്രിയായാലും സ്പീക്കറായാലും ആരായാലും മാര്‍ക്‌സിസ്റ്റുകാരന് എടുത്തണിയാന്‍ കഴിയുന്നതിന്റെ പരമാവധി മാന്യത ഇത്ര മാത്രമാണ്. ചെന്നായ ആട്ടിന്‍ തോലണിയുന്നതുപോലെ ലളിതമാണ് കാര്യങ്ങള്‍. സ്ത്രീകളെ അപമാനിക്കുന്നതില്‍ പാര്‍ട്ടിക്കുള്ള രോമാഞ്ചവും ആനന്ദവും ഒന്നുവേറെയാണ്. മുന്‍ സിഐടിയു നേതാവായിരുന്ന വി.ബി. ചെറിയാന്‍ പ്രസംഗിച്ചും പറഞ്ഞും കേട്ട, അധികം പഴയതല്ലാത്ത ഒരു സംഭവകഥയുണ്ട്. ആലപ്പുഴ ജില്ലയിലാണെന്നാണ് ഓര്‍മ്മ. ഒരു വനിതാ സഖാവിന് ഗര്‍ഭം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ അവര്‍ പരാതി നല്‍കി. ലോക്കലും ഏരിയയും ജില്ലയുമെല്ലാം വട്ടംകൂടി പരാതി പരിശോധിച്ചു. ഒടുവില്‍ പാര്‍ട്ടി തീരുമാനമെത്തി. വനിതാസഖാവ് പറഞ്ഞത് നുണയാണ്. അവര്‍ക്ക് ഗര്‍ഭമില്ല. ആറ് മാസം കൂടി കഴിഞ്ഞപ്പോള്‍ ഈ സ്ത്രീ പ്രസവിച്ചു. സെക്രട്ടറിമാര്‍ വീണ്ടും യോഗം ചേര്‍ന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പ്രസവിച്ചതിന് വനിതാസഖാവിനെതിരെ നടപടിയെടുക്കാനായിരുന്നുവത്രെ തീരുമാനം. കിളിരൂരിലെ വിഐപി പറന്നുനടക്കുന്നത് പാര്‍ട്ടിക്കുള്ളിലാണെന്ന ആക്ഷേപത്തിന് മാന്യമായ ഉത്തരം നല്‍കാന്‍ സാക്ഷാല്‍ വിഎസിന് പോലും കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. സ്ത്രീപീഡകരെ കയ്യാമം വെച്ച് നിരത്തിലൂടെ നടത്തിക്കും എന്ന് കവലകളില്‍ നീട്ടിപ്പാടിയ വിഎസ് പിന്നെ കയ്യുംകെട്ടി ഫിഡല്‍ കാസ്‌ട്രോയായി മൂലയ്ക്കിരുപ്പായി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രിയപുത്രന്‍ ബെംഗളൂരുവില്‍ വീഡിയോഗെയിം കളിക്കുന്നതിന്റെ ചിത്രം മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലെന്നോര്‍ക്കണം. രാധാകൃഷ്ണന്റെ വിവരക്കേടിന് ആദ്യം പിന്തുണയുമായെത്തിയത് സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. പദവി കൊണ്ട് മന്ത്രിയാണെങ്കിലും മന്ത്രം കേള്‍ക്കുന്നതേ അലര്‍ജിയാണ് അവര്‍ക്ക്. ആകെ മുഖകമലം വിടരുന്നത് രാധാകൃഷ്ണനെപ്പോലുള്ളവര്‍ ഇങ്ങനെയെന്തെങ്കിലുമൊക്കെ ഉരുവിടുമ്പോഴാണ്. ചേലക്കാരന്റെ ചെയ്ത്തിനെക്കുറിച്ച് ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ സര്‍വ ആരോഗ്യവും മുഖത്തേക്ക് ആവേശിപ്പിച്ച് പെണ്‍ പിണറായി പറഞ്ഞത്, 'അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് എനക്ക് തോന്നിയിട്ടില്ല. നിങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നെങ്കില്‍ അങ്ങനെയായിക്കോളൂ' എന്നാണ്. സ്ത്രീപീഡകര്‍ക്കെതിരെ നെഞ്ചത്തടിച്ച് നിലവിളിച്ചാണ് നാട്ടുകാരുടെ വോട്ടും തട്ടിയെടുത്ത് ഈ കൊച്ചമ്മമാര്‍ മന്ത്രിക്കസേരയില്‍ ഞളിഞ്ഞിരിക്കുന്നത്. പീഡിപ്പിക്കുന്നവന്‍ പാര്‍ട്ടിക്കാരനാണെങ്കില്‍ അത് വിപ്ലവപ്രവര്‍ത്തനമാകുന്ന സൂത്രവിദ്യ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രം അറിയുന്നതാണ്. മന്ത്രിയും മഹാകവിയുമായ സുധാകരന്‍ മുഖലക്ഷണം നോക്കി മുന്‍പേ പറഞ്ഞതാണ് അവലക്ഷണം പിടിച്ചവനാണ് ജയന്തനെന്ന്. എന്നിട്ടും ചേലക്കര സഖാവിന് ജയന്തനാണ് പ്രിയപ്പെട്ടവന്‍. ഒന്‍പത് വര്‍ഷമായി കുട്ടിയെ നോക്കാത്ത അമ്മയാണ് ആരോപണവുമായി വന്നതെന്ന അപവാദപ്രചാരണത്തിനും രാധാകൃഷ്ണന്‍ തയ്യാറായി. കുട്ടിയെ നോക്കാത്ത അമ്മമാരാരാനുമുണ്ടെങ്കില്‍ അവരെ ബലാത്സംഗം ചെയ്യാന്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്ക് ഭരണഘടനാദത്തമായ അവകാശമുണ്ടെന്ന് സെക്രട്ടറി പറയാതിരുന്നത് ഭാഗ്യം. പിണറായി വിജയന്റെ പാര്‍ട്ടിയില്‍ നേതാവാകാനുള്ള മിനിമം യോഗ്യതയാണ് കളമശ്ശേരിയിലെ സക്കീര്‍ ഹുസൈനും വടക്കാഞ്ചേരിയിലെ ജയന്തനും ഉള്ളത്. അത്തരം ചെറുകിടക്കാര്‍ ലോക്കല്‍, ഏരിയാ കമ്മറ്റികളിലൊതുങ്ങും. സംഗതി ഉഷാറാകുമ്പോള്‍ ജില്ലാ കമ്മറ്റികളിലേക്കും സംസ്ഥാനകമ്മറ്റിയിലേക്കും എത്തപ്പെടും. എന്തു തെമ്മാടിത്തരത്തിനും പിന്തുണയുമായി മുഖ്യമന്ത്രി മുതലുള്ളവര്‍ മുന്‍പന്തിയിലുള്ളപ്പോള്‍ പിന്നാരെ ഭയക്കാനാണ്. കൊടി സുനി മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരുടെ പാര്‍ട്ടിയില്‍ത്തന്നെയാണ് പോലീസിനെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എ സി.കെ. ശശിയും മന്ത്രി എ.സി. മൊയ്തീനുമൊക്കെ ഉള്ളത്. ഗോവിന്ദച്ചാമിമാരുടെ പാര്‍ട്ടിക്ക് ചേരുന്ന ജില്ലാ സെക്രട്ടറി തന്നെയാണ് കെ. രാധാകൃഷ്ണന്‍ എന്നതില്‍ ഇനി തര്‍ക്കമുണ്ടാകാനിടയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.