ദല്‍ഹിയിലെ വായു മലിനീകരണം ലോകത്തിന് മുന്നറിയിപ്പ്: യുനിസെഫ്

Saturday 12 November 2016 11:09 pm IST

ഐക്യരാഷ്ട്രസഭ: ദല്‍ഹിയില്‍ അനുഭവപ്പെടുന്ന വായു മലിനീകരണം ലോകരാഷ്ട്രങ്ങള്‍ക്കുള്ള സൂചനയാണെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യുനിസെഫ്).പുകപടലങ്ങള്‍ നിറഞ്ഞ മഞ്ഞ് പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും യുനിസെഫ് പറഞ്ഞു. ദല്‍ഹിയിലെ കുട്ടികള്‍ അവരുടെ ഓരോ ശ്വാസത്തിലും വായുമലിനീകരണം മൂലമുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ പ്രമുഖ നഗരങ്ങള്‍ക്കും ദല്‍ഹി വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ദീപാവലിയോടനുബന്ധിച്ചുള്ള കഴിഞ്ഞ ആഴ്ചകളില്‍ ദല്‍ഹിയിലെ മലിനീകരണം ക്രമാതീതമായിരുന്നു. അതാണ് അന്തരീക്ഷത്തില്‍ ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്. 17 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 999 മൈക്രോഗ്രാമാണ് ഇപ്പോഴത്തെ മലിനീകരണത്തിന്റെ നിരക്ക്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാരകമായ രോഗത്തിനും ഇത് കാരണമായേക്കാവുന്നതാണ്. പ്രതിവര്‍ഷം 10 ലക്ഷം കുട്ടികളാണ് ലോകത്ത് ന്യുമോണിയ ബാധിച്ച് മരിക്കുന്നത്. ഇത് ബാധിക്കാനുള്ള മുഖ്യകാരണവും വായുമലിനീകരണമാണ്. ലണ്ടന്‍, ബീജിങ്, മെക്‌സിക്കോ സിറ്റി, ലോസ്ഏഞ്ജല്‍സ്, മനില എന്നിവിടങ്ങളിലെ വായുമലിനീകരണത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിരക്കിലാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാരാണസി, ലഖ്‌നൗ തുടങ്ങിയ ഭാരത നഗരങ്ങളിലും വായു മലിനീകണത്തിന്റെ അളവ് ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണം ലോകത്തിലെ 300 ദശലക്ഷം കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.