പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വൈകുന്നു

Saturday 12 November 2016 11:25 pm IST

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതും, കൊന്നൊടുക്കിയതുമായ താറാവുകളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് കര്‍ഷകരുടെ പരാതി. കഴിഞ്ഞ മാസം പകുതിയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശമനുസരിച്ച് രോഗം ബാധിച്ച താറാവുകളെ കൊന്ന് സംസ്‌കരിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയില്‍ മാത്രം നാലുലക്ഷത്തിലേറെ താറാവുകളെയാണ് ഈ രീതിയില്‍ ചുട്ടെരിച്ചത്. മന്ത്രി കെ. രാജു ഒരാഴ്ച മുന്‍പ് ജില്ലയില്‍ പക്ഷിപ്പനി പടര്‍ന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. വിവിധ സ്ഥലങ്ങളിലെത്തിയ മന്ത്രിയോട് താറാവുകര്‍ഷകര്‍ പരാതികളും ഉന്നയിച്ചിരുന്നു. കര്‍ഷകന് നഷ്ടം വരുത്താത്ത രീതിയില്‍ നഷ്ട പരിഹാര തുക നല്‍കുമെന്നായിരുന്നു മന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മന്ത്രിയുടെ ഉറപ്പ് വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ കര്‍ഷകര്‍ നിരാശയിലാണ്. ക്രിസ്തുമസ് വിപണി പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ താറാവുകൃഷിക്ക് ഇറങ്ങിത്തിരിച്ചത്. മൂന്ന് മാസം പ്രായമായ താറാവുകളെയാണ് ഇപ്പോള്‍ പക്ഷിപ്പനിയുടെ പേരു പറഞ്ഞ് കൊന്നൊടുക്കുന്നത്. ഒരു താറാവിന് ഏറ്റവും കുറഞ്ഞത് 200 രൂപയെങ്കിലും ചെലവാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഭക്ഷണവും മരുന്നും കൂലിയുടെ ഉള്‍പ്പടെയാണ് ഈ തുക കര്‍ഷകന് ചെലവാകുന്നത്. ക്രിസ്തുമസ് സീസണില്‍ ഒരു താറാവിനെ വിറ്റാല്‍ 340 രൂപയെങ്കിലും ലഭിക്കും. ഈ സാഹചര്യത്തിലാണ് ഇടിത്തീ പോലെ പക്ഷിപ്പനി പടര്‍ന്നത്. പക്ഷിപ്പനിയാണെന്ന് പ്രചരിച്ചതോടെ അസുഖം ബാധിക്കാത്ത താറാവുകളെയും, മുട്ടയും ആരും വാങ്ങിക്കാത്ത സ്ഥിതിയാണ്. ഇതു കണക്കിലെടുത്ത് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 2014ല്‍ പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളുടെ ഉടമകള്‍ക്ക് വലിയ താറാവുകള്‍ക്ക് 200 രൂപയും ചെറിയ താറാവുകള്‍ക്ക് 100 രൂപയും നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇത് വളരെ പെട്ടെന്ന് ലഭിക്കുകയും ചെയ്തിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇത്തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തതോടെ ഓരോ കര്‍ഷകനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. താറാവൊന്നിന് 300 രൂപയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ താറാവുകര്‍ഷകര്‍ക്ക് ബാങ്ക് വായപ ലഭിക്കാത്തതും ഈ മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. പല കര്‍ഷകരും ബാങ്ക് വായ്പയെടുത്താണ് താറാവുകൃഷി നടത്തുന്നത്. ക്രിൃസ്തുമസ്സ് വിപണിക്കു ശേഷം ഈ വായ്പ തിരിച്ചടക്കാമെന്ന കര്‍ഷകരുടെ പ്രതീക്ഷയാണ് പക്ഷിപ്പനി രോഗം മൂലം അസ്തമിച്ചത്. മന്ത്രി സന്ദര്‍ശനം നടത്തിയ ശേഷം കൂടിയ മന്ത്രിസഭാ യോഗത്തിലും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായില്ല. ഇപ്പോഴും കൂടുതല്‍ താറാവുകളെ പക്ഷിപ്പിയുടെ പേരില്‍ കൊന്നൊടുക്കുകയാണ്. അധിക സാമ്പത്തിക ബാധ്യതയാണ് ഇതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. ഇതു കണക്കിലെടുത്ത് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.